പ്രഫ. ഷാജി ജോസഫ്
True Noon (Tajikistan/83 minutes/2009) Director: Nosir Saidov
1990-കളുടെ തുടക്കത്തില്‍, സോവിയറ്റ് യൂണിയന് പിരിഞ്ഞശേഷം രൂപപ്പെട്ട പുതിയ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ സ്ഥാപിക്കുന്ന കാലഘട്ടമാണത്. രാഷ്ട്രങ്ങള്‍ സ്വയം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതു മൂലം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അതിര്‍ത്തികള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രമേയം. താജിക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ മാറ്റത്തിന്റെ അനന്തരഫലങ്ങളാണ് ചിത്രം സംസാരിക്കുന്നത്. അവിടത്തെ കുന്നിന് മുകളില്‍ പഴയ സോവിയറ്റ് റിപ്പബ്ലിക് കാലത്തേ സ്ഥാപിച്ചിരുന്ന കാലാവസ്ഥാ കേന്ദ്രത്തിലെ മേല്‍നോട്ടക്കാരനാണ് വ്യദ്ധനായ റഷ്യന്‍ കാലാവസ്ഥാ നിരീക്ഷകന് കിറില്‍ ഇവാനോവിച്ച് (യൂറി നസറോവ്). ഗ്രാമത്തിലെ സുന്ദരിയും സമര്‍ത്ഥയുമായ പെണ്‍കുട്ടിയാണ് നിലൂഫര്‍ (നസിബ ഷരിപ്പോവ). അവിടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ അയാള്‍ അവളെ പരിശീലിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലം കാലാവസ്ഥാ കേന്ദ്രത്തില്‍ സഹായിച്ചിരുന്ന അവള് ഇതിനകം കാലാവസ്ഥ ഉപകരണങ്ങള്‍ ഉപയോഗിക്കാനും, വിവരങ്ങള്‍ രേഖപ്പെടുത്താനും പഠിച്ചെടുത്തിരുന്നു.
തനിക്കുശേഷം നിലൂഫറിനെ അടുത്ത കാലാവസ്ഥാ നിരീക്ഷകയാക്കാനാണ് കിറിലിന്റെ പ്ലാന്‍. കാലങ്ങളായി കേന്ദ്ര ബ്യൂറോയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടിട്ട്. ചാര്‍ജ്ജ് കൈമാറാന്‍ പകരക്കാരന് വരാത്തതിനാല്‍ റഷ്യയില്‍ താമസിക്കുന്ന കുടുംബത്തെ പിരിഞ്ഞ് എത്രയോ വര്‍ഷമായി കുടുങ്ങിപ്പൊയിരിക്കുകയാണ് വ്യദ്ധന്. കുടുംബവുമായി ചേരാന്‍ അത്യധികം ആഗ്രഹമുണ്ടെങ്കിലും, അധികാരികളില്‍നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ദീര്‍ഘകാലമായി കുടുംബവുമായി അകന്നു കഴിയുകയാണ് അയാള്‍. ഗ്രാമവാസികളാല്‍ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് എങ്കിലും, കാലാവസ്ഥാ ബ്യൂറോ പോസ്റ്റിംഗ് അവസാനിപ്പിച്ച് കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ കിറില്‍ ആഗ്രഹിക്കുന്നു. വല്ലപ്പോഴും ഗ്രാമത്തിലെത്തുന്ന തപാലാണ് കുടുംബവുമായി അയാളെ ബന്ധപ്പെടുത്തുന്ന കണ്ണി.
അപൂര്‍വ്വമായി ഗ്രാമത്തിലെത്തുന്ന തപാലും നിലച്ചിട്ട് മാസങ്ങളേറെയായി. വയര്‍ലെസ്സ് സെറ്റിലാണെങ്കില്‍ മറുപടിയൊന്നുമില്ല. എങ്ങിനെയെങ്കിലും നിലൂഫറിന്റെ വിവാഹം കഴിയുന്നതുവരെ അവിടെ തങ്ങി, ശേഷം അവളെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണയാള്‍. തൊട്ടടുത്ത ഗ്രാമത്തിലെ അസീസുമായി നിലൂഫറിന്റെ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും നിശ്ചയിക്കുന്നു. കല്യാണം കഴിഞ്ഞാല്‍ നവദമ്പതികളെ താമസിപ്പിക്കാന്‍ പുതിയ വീടുണ്ടാക്കി കാത്തിരിക്കുകയാണ് സമ്പന്നനായ അസീസിന്റെ പിതാവ് എന്ന വാര്‍ത്ത അവളെ തന്റെ പിന്‍ഗാമിയാക്കാം എന്നാഗ്രഹിക്കുന്ന കിറിലിനെ അലട്ടുന്നുണ്ട്. വിവാഹനിശ്ചയ ദിവസം, പെടുന്നനെ പുതിയ ഏതോ ഉടമ്പടി പ്രകാരം അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ പട്ടാളം കമ്പിവേലി തീര്‍ക്കുന്നു.
അക്കാലമത്രയും ഒന്നിച്ചു ജീവിച്ചവര്‍ രണ്ട് രാജ്യങ്ങളിലായി. ഇതുവരെ സമാധാനം ആസ്വദിച്ചിരുന്ന ജനജീവിതം ഇപ്പോള്‍ കടുത്ത അരാജകത്വത്തിലാണ്, അവര്‍ക്ക് ചുറ്റുമുള്ള ലോകം ഒറ്റരാത്രികൊണ്ട് മാറുന്നു.
ഗ്രാമത്തിലെ ഏക സ്കൂള്‍ നെടുകെ വിഭജിക്കപ്പെട്ടു. ആകെയുള്ള ആശുപത്രിയാകട്ടെ അതിര്‍ത്തിക്കപ്പുറവും. നവവധുവും വരനും ഇരു രാജ്യങ്ങളിലുമായി. കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കുന്ന മനോഹരമായ ഒരു സീനുണ്ട് ഈ സിനിമയില്‍. കടന്നു കയറ്റം തടയാനായി കമ്പി വേലിക്ക് സമാന്തരമായി മൈനുകള്‍ സ്ഥാപിക്കുകയാണ് സൈനികര്‍. ഗ്രാമവാസികളുടെ അതിജീവനത്തിന്റെ ഭാഗമായ കന്നുകാലികള്‍ മൈനുകളില്ത്തട്ടി കൊല്ലപ്പെടുന്നു.
മുകളിലെ ഗ്രാമത്തിലെ ആളുകള്‍ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തി കടക്കലല്ലാതെ താഴെ ഗ്രാമത്തിലെ ആശുപത്രിയിലെത്താന്‍ വഴിയില്ല. ഇതെല്ലാം അവരുടെ വ്യക്തി ജീവിതങ്ങളിലും ഗ്രാമത്തിലെ സമാധാനത്തിലും ഗൗരവമായ മാറ്റങ്ങള്‍ വരുത്തുന്നു. എന്തായാലും നിലുഫറിന്റെ കല്യാണമാണ് ഏറ്റവും വലിയ പ്രശ്നം. കിറില്‍ അവളുടെ കല്യാണം നന്നായി നടത്തിയെടുക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഒടുവില്‍ മൈനുകള്‍ പാകിയ അതിര്‍ത്തി മുറിച്ചു കടന്ന് ആ പ്രണയിനികള്‍ക്ക് ഒത്തുചേരാന്‍ വഴിയൊരുക്കുന്നതിനു വേണ്ടി സ്വന്തമായി നിര്‍മ്മിച്ച മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നു കിറില്‍, പക്ഷേ ദുരന്തം അവര്‍ക്കായി കാത്തിരിക്കുന്നുണ്ട്.
1990-കളില്‍ സോവിയറ്റ് യൂണിയന് പിരിഞ്ഞതിനുശേഷമുള്ള രാഷ്ട്രീയ വിഷയങ്ങളും, അതിര്‍ത്തികള്‍ മനുഷ്യരുടെ വ്യക്തിപരമായ ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും സിനിമയുടെ പ്രധാന പ്രമേയങ്ങളാണ്. പൗരന്മാരെ നിയന്ത്രിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭരണകൂടം, അവരുടെ ജീവിതത്തിലേക്ക് ഗുണപരമായി ഒന്നും നല്‍കാതെ വരുമ്പോള്‍, അവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അസ്വസ്ഥതകളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
സാധാരണ ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ സൂക്ഷ്മമായ ദൃശ്യാവിഷ്കാരമാണ് സംവിധായകന് കാഴ്ചവയ്ക്കുന്നത്. അതിര്‍ത്തികള്‍ ഉണ്ടാക്കുന്ന ഭൗതിക വെല്ലുവിളികളെ വളരെ വ്യക്തതയോടെ ചിത്രം കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയവും സാമൂഹികവുമായ അതിരുകളെ സൂക്ഷ്മമായി വിമര്‍ശിക്കുന്ന ശ്രദ്ധേയമായ ആഖ്യാനമാണ് അദ്ദേഹം തയ്യാറാക്കിയത്. സോവിയറ്റ് ഭരണത്തിനുശേഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ അകപ്പെട്ട കഥാപാത്രങ്ങളെ മാനുഷികമാക്കുന്നതില് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിനിമയുടെ ഗതിവേഗം മന്ദഗതിയിലുള്ളതും എന്നാല്‍ ആസൂത്രിതവുമാണ്, സിനിമ ഗ്രാമീണ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന് ഊന്നല്‍ നല്കുന്നു.
ജോര്‍ജ്ജി സലയേവിന്റെ ഛായാഗ്രഹണം താജിക് ഭൂപ്രകൃതിയുടെ നഗ്നമായ സൗന്ദര്യം പകര്‍ത്തുന്നു. വൈഡ് ഷോട്ടുകള്‍ പര്‍വതങ്ങളുടെയും സമതലങ്ങളുടെയും വിശാലതയെ ഊന്നിപ്പറയുന്നു. നാടോടി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് രസകരവും സുഗമവുമായ ശബ്ദ ട്രാക്ക് യുക്തിസഹമായി പ്രയോഗിക്കുന്നു. സംഗീതം സിനിമയുടെ ധ്യാനാത്മകമായ സ്വരത്തെ പൂര്‍ത്തീകരിക്കുകയും ആഖ്യാനത്തിന് വൈകാരികമായ ഒരു പാളി ചേര്‍ക്കുകയും, ഗ്രാമീണ പശ്ചാത്തലത്തില്‍ കാഴ്ചക്കാരെ മുഴുകാന്‍ ഗ്രാമത്തിന്റെ സ്വാഭാവിക ശബ്ദങ്ങളുമായി ലയിപ്പിക്കുകയും ചെയ്യുന്നു.
വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ നോമിനേഷനുകളും അവാര്‍ഡുകളും നേടിയ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടി. പുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുക വഴി, താജിക് സിനിമയെ വിശാലമായ ആഗോള പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ സഹായിച്ചു ഈ സിനിമ. അകലങ്ങളിലെ മനുഷ്യരുടെ സ്നേഹം, സൗഹൃദം, മനുഷ്യത്വം, രാഷ്ട്രീയമായ അതിരുകള്‍, എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗഹനമായ പശ്ചാത്തലത്തിലൊരുക്കിയ ലളിതമായ ഈ സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.