തൃശൂർ: തൃശൂർ നഗരമധ്യത്തിൽ എടിഎമ്മുകളിൽ വൻ കൊള്ള. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഇന്ന് പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയത്.
65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുലർത്തത് വരൂ . ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്.
മൂന്ന് എടിഎമ്മുകളിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാറിലാണ് പ്രതികൾ എത്തിയതെന്നാണ് കണ്ടെത്തിയത്. വ്യാജ നമ്പർ പ്ലേറ്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.