ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്.
ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന ഒക്ടോബർ ഒന്നിന് തന്നെയായിരിക്കും ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ ആദ്യ പ്രതികരണം.