ജെക്കോബി
ഏഴു പതിറ്റാണ്ടുകള്‍ ശ്രീലങ്കയിലെ അധികാര രാഷ്ട്രീയത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിപ്പോന്ന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയെയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെയും അവരുടെ കൂട്ടാളികളെയും പുറന്തള്ളി ജനം രാജ്യത്ത് ആദ്യമായി ഒരു ഇടതുപക്ഷ പ്രസിഡന്റിനെ അധികാരത്തിലേറ്റിയിരിക്കുന്നു. രാജ്യത്തെ വലിയ കടക്കെണിയിലും സാമ്പത്തികത്തകര്ച്ചയിലുമെത്തിച്ച രാഷ്ട്രീയമേലാളരുടെ അഴിമതികളിലും കൊള്ളയിലും ദുര്‍ഭരണത്തിലും കുടുംബവാഴ്ചയിലും പൊറുതിമുട്ടി ജനങ്ങള്‍ ഇരമ്പിയാര്ത്തുവന്ന് കൊളംബോയിലെ ഗ്വാള്‍ ഫേയ്സ് ഗ്രീനിലെ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ 2022 ജൂലൈയിലെ ‘അറഗലയ’ ജനകീയ വിപ്ലവത്തിന്റെ സ്വാഭാവിക പരിണതിയാണ് കൊളംബോയിലെ പരമ്പരാഗത അധികാരശ്രേണിക്കു പുറത്തുനിന്ന്, വടക്കന്‍ മധ്യപ്രവിശ്യയിലെ അനുരാധപുരയിലെ നാട്ടുമ്പുറത്തുനിന്നുള്ള അന്‍പത്തഞ്ചുകാരനായ അനുര കുമാര ദിസനായകെ എന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ജനനായകന്റെ സ്ഥാനാരോഹണം.
വ്യവസ്ഥിതി അപ്പാടെ മാറ്റാനുള്ള ജനവിധിയാണിത്. അഴിമതിയുടെ രാഷ്ട്രീയ സംസ്കാരത്തിന് അറുതിവരുത്തുന്നതിന്, രാജ്യത്ത് 1978 മുതല്‍ നിലവിലുള്ള എക്സിക്യുട്ടീവ് പ്രസിഡന്റ് സമ്പ്രദായം തന്നെ അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് ജനത വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി – ജെവിപി) എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) എന്ന വിശാല ഇടതുസഖ്യത്തിന്റെയും നേതാവായ ദിസനായകെ (എകെഡി എന്നു ജനപ്രിയ ചുരുക്കപ്പേര്) ശ്രീലങ്ക പ്രസിഡന്റാകുന്നത്. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേവലം 3.16 ശതമാനം വോട്ടു നേടിയ എകെഡി ഇത്തവണ 42.31 ശതമാനം വോട്ടുമായി മുന്നിലേക്കു കുതിച്ചത് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പംതന്നെയാണ് സൃഷ്ടിക്കുന്നതെങ്കിലും അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നില്ല. കൊടിയ സാമ്പത്തിക ക്ലേശങ്ങളാല്‍ വലഞ്ഞ ജനം അത്രമേല്‍ രോഷാകുലരായിരുന്നു, ജനദ്രോഹികളായ മുഖ്യധാരാ രാഷ്ട്രീയക്കാരെ തുരത്താനുള്ള അറഗലയ പോരാട്ടത്തിന്റെ പരിസമാപ്തി ജനാധിപത്യപരമായ ഈ അന്തിമ അട്ടിമറിയാണ്.
‘മൂന്നു ശതമാനം പാര്‍ട്ടി’ എന്ന് എതിരാളികള്‍ കളിയാക്കിയ എന്‍പിപിക്ക് 225 അംഗ പാര്‍ലമെന്റില്‍ മൂന്ന് എംപിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാളാണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. എക്സിക്യുട്ടീവ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒന്നാം റൗണ്ട് വോട്ടെണ്ണലില്‍ ’50 ശതമാനവും അധികം ഒരു വോട്ടും’ നേടാന്‍ ഒരു സ്ഥാനാര്‍ഥിക്കും കഴിയാത്തതിനാല്‍ ബാലറ്റിലെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രിഫറന്‍ഷ്യല്‍ വോട്ടു കൂടി എണ്ണിയാണ് ഇലക്ഷന് കമ്മിഷന് 5,740,179 വോട്ടു നേടിയ ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്ക് 4,530,902 വോട്ടാണ് ലഭിച്ചത്. 2022ലെ ജനകീയ വിപ്ലവാനന്തരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനായി ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റായി തിരഞ്ഞെടുത്ത റനില്‍ വിക്രമസിംഗെ അഞ്ചുപതിറ്റാണ്ടോളം യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്കാരനായാണ് മത്സരിച്ചുവന്നതെങ്കിലും ഇത്തവണ എഴുപത്തഞ്ചാം വയസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയപ്പോള്‍ ആദ്യറൗണ്ടിലെ 2,299,767 വോട്ടുമായി വിടവാങ്ങേണ്ടിവന്നു. അറഗലയ മുന്നേറ്റത്തില്‍ ആദ്യം സ്ഥാനഭ്രഷ്ടനായ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകന് നമല്‍ രാജപക്സെയും 39 സ്ഥാനാര്‍ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
പാര്‍ട്ടിക്കു ലഭിക്കുന്ന വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ‘നാഷണല്‍ ലിസ്റ്റ്’ സമ്പ്രദായത്തില്‍ 2020ല്‍ എന്‍പിപി എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ട ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായി അവരോധിച്ച് ദിസനായകെ നാലംഗ കാവല്‍ മന്ത്രിസഭ രൂപീകരിച്ചിട്ടുണ്ട്. അങ്ങനെ 24 വര്‍ഷത്തിനുശേഷം ശ്രീലങ്കയ്ക്ക് ഒരു വനിതാ പ്രധാനമന്ത്രിയെ ലഭിച്ചു. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ബഹുമതിക്ക് അര്‍ഹയായി മൂന്നുവട്ടം ആ പദവിയില്‍ തുടര്‍ന്ന സിരിമാവോ ബണ്ഡാരനായകെയ്ക്കും അവരുടെ മകള്‍ ചന്ദ്രിക കുമാരതുംഗയ്ക്കും പിന്നാലെ ശ്രീലങ്കയിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകുന്ന അമരസൂര്യ നരവംശശാസ്ത്രജ്ഞയും ശ്രീലങ്ക ഓപ്പണ്‍ യൂണിവേഴ്സിറ്റി മുന്‍ അധ്യാപികയുമാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹിന്ദു കോളജില്‍ നിന്നാണ് അമരസൂര്യ സോഷ്യോളജി ബിരുദം നേടിയത്, മാസ്റ്റേഴ്സ് ഓസ്ട്രേലിയയില്‍ നിന്നും, പിഎച്ച്ഡി എഡിന്ബ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും. പ്രസിഡന്റ് ദിസനായകെ പ്രതിരോധം, ധനം, ഊര്‍ജം, കൃഷി, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിക്കുമ്പോള്‍, പ്രധാനമന്ത്രി നീതിന്യായം, വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം എന്നീ വകുപ്പുകള്‍ നോക്കും. എന്‍പിപിയുടെ മറ്റൊരു എംപിയായിരുന്ന വിജിത ഹെരാത്തിനാണ് വിദേശകാര്യം.
അടുത്ത ഓഗസ്റ്റ് വരെ കാലാവധിയുണ്ടായിരുന്ന പാര്‍ലമെന്റ് ദിസനായകെ പിരിച്ചുവിട്ടു. വരുന്ന നവംബര്‍ 14ന് ഇടക്കാല പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച ജനപിന്തുണയുടെ ആവേശത്തിമിര്‍പ്പ് ശമിക്കുന്നതിനു മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി എന്‍പിപി സഖ്യത്തെ ഭരണകക്ഷി എന്ന നിലയില്‍ വളര്ത്തിയെടുത്തിട്ടുവേണം ദിസനായകെയ്ക്ക് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പരിവര്‍ത്തന നയങ്ങള്‍ നടപ്പാക്കാന്‍.
മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് തീവ്ര സിംഹള ദേശീയവാദത്തിലേക്കു വഴിമാറിയ പ്രസ്ഥാനമാണ് ദിസനായകെയുടെ ജെവിപി. ഭരണകൂടത്തിനെതിരെ 1971ലും 1987ലും ജെവിപി നടത്തിയ സായുധ കലാപങ്ങളിലും ഏറ്റുമുട്ടലുകളിലും 80,000 പേരാണ് കൊല്ലപ്പെട്ടത്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട ജെവിപിയെ അടിച്ചമര്‍ത്താന്‍ ബണ്ഡാരനായകെ ഇന്ത്യയുടെ സഹായം തേടിയിരുന്നു. വടക്കുകിഴക്കന്‍ ശ്രീലങ്കയിലെ തമിഴര്‍ക്കെതിരായ വംശീയ അതിക്രമങ്ങളില്‍ വലിയ പങ്കുവഹിച്ച ജെവിപി, തമിഴ് ഈഴം പോരാട്ടത്തിന്റെ നാളുകളില്‍ ഇന്ത്യന്‍ സമാധാനസേനയുടെ ഇടപെടലിനെ എതിര്‍ത്തു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തമിഴ് പുലികളുമായി കരാറുണ്ടാക്കുന്നതു തടയാന്‍ ഒരുഘട്ടത്തില്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുമായി ജെവിപി സഖ്യത്തിലായി. രണ്ടായിരാമാണ്ടില്‍ പാര്‍ലമെന്റില്‍ അംഗമായ ദിസനായകെ 2004-2005 കാലയളവില്‍ കുമാരതുംഗയുടെ കീഴില്‍ കൃഷി, ജലസേചന മന്ത്രിയായത് ഈ പശ്ചാത്തലത്തിലാണ്. 2009ല്‍ തമിഴ് പുലികളെ ഉന്മൂലനം ചെയ്യാനുള്ള പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ നീക്കത്തിനും ജെവിപിയുടെ പിന്തുണയുണ്ടായിരുന്നു.
സായുധ വിപ്ലവത്തിന്റെയും വംശീയ അതിക്രമങ്ങളുടെയും ചോരപുരണ്ട പാതയില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ജെവിപിയുടെ പ്രയാണത്തില്‍ വലിയ പങ്കുവഹിച്ച നേതാവാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റുകാരനായ ദിസനായകെ. 2014ല്‍ നേതൃത്വമേറ്റതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ തുടങ്ങിയ ദിസനായകെ പാര്‍ട്ടിയുടെ പൂര്‍വകാല ചെയ്തികളില്‍ പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ചൈനയോട് ചായ് വുള്ള മാര്ക്സിസ്റ്റുകാരന് എന്ന മുദ്ര പേറുമ്പോഴും സ്വതന്ത്ര വിപണിയെയും സ്വകാര്യ, വിദേശ നിക്ഷേപങ്ങളെയും മിശ്രസമ്പദ് വ്യവസ്ഥയെയും ആശ്ലേഷിക്കാന്‍ ദിസനായകെ സന്നദ്ധനാണ്. 2022ലെ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നു രാജ്യത്തെ രക്ഷിക്കുന്നതിന് രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് 2.9 ബില്യണ്‍ ഡോളര്‍ (24,245.47 കോടി ഇന്ത്യന്‍ രൂപ) സഹായം ലഭിക്കുന്നതിന് ഒപ്പുവച്ച കരാറിലെ കഠിന വ്യവസ്ഥകളില്‍ നിന്ന് ഇളവു നേടിയിട്ടുവേണം ദിസനായകെയ്ക്ക് തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത നികുതി ലഘൂകരണവും ശമ്പളവര്‍ധനയും ക്ഷേമപദ്ധതികളും നടപ്പാക്കാന്‍.
കൊളംബോ തുറമുഖത്ത് 700 മില്യണ്‍ ഡോളറിന്റെ ടെര്‍മിനല്‍ പദ്ധതിയില്‍ പങ്കാളിയായ ഗൗതം അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനി ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ ഏറ്റെടുത്തിട്ടുള്ള 442 മില്യണ്‍ ഡോളറിന്റെ മാന്നാര്‍, പൂനേരിന്‍ 484 മെഗാവാട്ട് കാറ്റാടി പവര്‍ പ്ലാന്റ് പദ്ധതിക്കു പിന്നിലെ ദുരൂഹതകളെക്കുറിച്ചും അമിത നിരക്കുകളെക്കുറിച്ചും ദിസനായകെ തിരഞ്ഞെടുപ്പ് വേളയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചൈനയില്‍ നിന്ന് ഏഴു ബില്യണ്‍ ഡോളര്‍ കടം വാങ്ങിയിട്ടുള്ള ശ്രീലങ്കയുടെ വിദേശനയത്തില്‍ ഇടതുനേതാവിന്റെ രംഗപ്രവേശത്തോടെ ഇന്ത്യയ്ക്ക് ആശങ്കാജനകമായ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മാലദ്വീപിന്റെയും ബംഗ്ലാദേശിന്റെയും കാര്യത്തില്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് ശ്രീലങ്കയുടെ കാര്യത്തില്‍ ഉണ്ടാകരുത് എന്ന് മോദി ഗവണ്മെന്റ് നിശ്ചയിച്ചതുപോലെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ദിസനായകയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ദിസനായകെ കൂടിക്കാഴ്ച നടത്തി. വാസ്തവത്തില്‍, തിരഞ്ഞെടുപ്പില്‍ ദിസനായകെയുടെ മുന്നേറ്റത്തിന് കരുത്തുപകരാന്‍ ആ ഡല്‍ഹി സന്ദര്‍ശനം സഹായകമായെന്നാണ് വിലയിരുത്തല്‍. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ദിസനായകെയുടെ സ്ഥാനാരോഹണത്തില്‍ ഏറ്റവുമാദ്യം അഭിനന്ദനമറിയിച്ച വിദേശ നയതന്ത്രജ്ഞന്.
ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ തമിഴ് മേഖലകളുടെ സ്വയംഭരണത്തിനായുള്ള പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ രൂപീകരണം, വിശേഷിച്ച് ഭൂമി, പൊലീസ് എന്നിവയുടെ കാര്യം, വര്‍ഷങ്ങളായി ഭൂരിപക്ഷ സിംഹള രാഷ്ട്രീയനേതൃത്വം അവഗണിച്ചുവരുന്ന വിഷയമാണ്. സിംഹള ദേശീയവാദത്തിന്റെ ഇരകളായ തമിഴ് വംശജരുടെ അടിസ്ഥാന പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ ദിസനായകെ വിമുഖത കാണിക്കുകയില്ലെന്ന പ്രത്യാശയോടെയാകും ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കമ്മിഷണറുടെ കാര്യാലയം, ശ്രീലങ്കയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനം വേണമെന്ന് ആഹ്വാനം നല്‍കുന്നത്.
പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ദിസനായകെ കൊളംബോയിലെ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ രാജ്യത്തെ കത്തോലിക്കാസഭയുടെ മേലധ്യക്ഷനായ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ഈസ്റ്റര്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സമഗ്രമായ പുനരന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ തൗഹീത് ജമാഅത്ത് എന്ന ജിഹാദി ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണത്തിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാത്തതിന് മുന്‍ പ്രസിഡന്റുമാരായ ഗോതബയ രാജപക്സെയെയും റനില്‍ വിക്രമസിംഗെയെയും കര്‍ദിനാള്‍ രഞ്ജിത്ത് ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇലങ്കയില്‍ ചെങ്കൊടി പാറുന്നത് ഇക്കരെയുള്ള സഖാക്കളെയും ആവേശം കൊള്ളിക്കുന്നുണ്ട്. മധുരമനോജ്ഞ ചൈനയില്‍ നിന്ന് വിഴിഞ്ഞത്തേക്കു വരുന്ന കണ്ടെയ്നര്‍ ട്രാന്‍സ് ലൈനറുകള്‍ക്ക് ഇനി കൊളംബോയില്‍ നിന്നുള്ള ‘മള്‍ട്ടി-അലൈന്മെന്റ്’ പ്രത്യയശാസ്ത്ര ലോജിസ്റ്റിക്സ് ലൈനും പിടിക്കാമല്ലോ.