പ്രഫ. ഷാജി ജോസഫ്
The Pianist (France/150 minutes/2002). Director: Roman Polanski
പ്രശസ്ത ഫ്രഞ്ച്-പോളിഷ് സംവിധായകനായ റൊമാന് റെയ്മണ്ട് പൊളാന്‍സ്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പിയാനിസ്റ്റ്’ രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതന്മാര് നേരിട്ട ദുരന്തങ്ങളും അവരുടെ അതിജീവനവും ശക്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമ ജൂയിഷ് പിയാനിസ്റ്റ് ‘വ്ളാദിസ്ലോവ് സ്പില്‍മാന്റെ’ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ ദി പിയാനിസ്റ്റ്: ദി എക്സട്രാ ഓര്‍ഡിനറി ട്രൂ സ്റ്റോറി ഓഫ് വണ്‍ മാന്‍സ് സര്‍വൈവല്‍ ഇന്‍ വാസ്കോ, 1939 – 1945′ എന്ന പുസ്തകമാണ് സിനിമയുടെ പ്രചോദനം.
പിയാനിസ്റ്റായ വ്ളാദിസ്ലോവ് സ്പില്‍മാനെ അവതരിപ്പിക്കുന്നത് എഡ്രിയന്‍ ബ്രോഡിയാണ്. റൊണാള്‍ഡ് ഹാര്‍വുഡാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പാവേല്‍ എഡെല്‍മാന്‍ ഛായാഗ്രഹണവും, ഹെര്‍വ് ഡി ലൂസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വാഴ്സോ റേഡിയോവില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന ജൂത പിയാനിസ്റ്റാണു വ്ളാദിസ്ലോവ് സ്പില്‍മാന്‍. 1939-ല്‍ നാസികള്‍ പോളണ്ടിനെ അധിനിവേശം ചെയ്യുന്നതോടെ, വാഴ്സോയില്‍ കുടുംബത്തിനൊപ്പം സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന സ്പില്‍മാന്റെ ജീവിതം മാറി മറിയുന്നു. ബോംബിങ്ങില്‍ റേഡിയോ നിലയം നിലംപതിച്ചു. യുദ്ധം വൈകാതെ അവസാനിക്കും എന്ന പ്രത്യാശയിലാണ് അദ്ദേഹവും കുടുംബവും. പക്ഷേ, നേരെ മറിച്ചാണ് സംഭവിക്കുന്നത്. ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ പ്രതീക്ഷകള്‍ തീരെ കുറഞ്ഞ, അച്ഛനും അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരുമടങ്ങിയ ആ ചെറിയ ജൂത കുടുംബത്തിന്റെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു. അന്യായമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നാസികളുടെ ക്രൂരതയില്‍ നിന്ന് സ്പില്‍മാന്‍ തന്റെ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
നാസികളുടെ പിടിയിലായ ജൂതന്മാര് പിന്നീട് അനുഭവിക്കുന്നത് നരക യാതനകളാണ്. കോണ്സെന്ട്രേഷന് ക്യാമ്പുകളിലേക്ക് കൊണ്ട് പോകുന്ന വഴി ഒരു ഉദ്യോഗസ്ഥന് സ്പില്‍മാനെ രക്ഷിക്കുന്നു. രക്ഷപ്പെട്ടെങ്കിലും തന്റെ കുടുംബം മരണത്തിലേക്കാണ് പോയതെന്ന് മനസ്സിലായിട്ടും, നിസ്സഹായനായി നോക്കി നില്ക്കാനെ അയാള്‍ക്ക് സാധിച്ചുള്ളു. റൊമാന് പൊളാന്സ്കിക്ക് കുട്ടിക്കാലത്ത് പോളണ്ടില്‍ താന്‍ കണ്ടതും അനുഭവിച്ചതുമായ ഹോളോകോസ്റ്റ് സംഭവങ്ങളെ പരമാവധി മൂര്‍ച്ചയോടെയും അതേസമയം സത്യസന്ധമായും സിനിമയില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. യുദ്ധത്തിന്റെ ഭീകരതയെ, പ്രത്യേകിച്ച് യഹൂദര്‍ നേരിട്ട യാതനകളെ, സംവിധായകന് വളരെ കൃത്യമായി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്.
ഈ സിനിമയില്‍ യുദ്ധത്തിന്റെ ഇരുണ്ട വശങ്ങള് മാത്രമല്ല, അതിജീവനത്തിനായുള്ള മാനവ മനസ്സിന്റെ കഴിവുകളും സംവിധായകന് കൊണ്ടുവരുന്നു. സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് എഡ്രിയന്‍ ബ്രോഡിയുടെ പ്രകടനമാണ്. അസാധാരണ പ്രകടനത്തിലൂടെ ബ്രോഡി, ഓസ്കര് അവാര്‍ഡ് നേടിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടന് എന്ന അംഗീകാരം കരസ്ഥമാക്കുകയുണ്ടായി. സ്പില്‍മാനെ അദ്ദേഹം അസാമാന്യമായ കയ്യൊതുക്കത്തോടെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു. ഒരു മനുഷ്യന് ജീവനുവേണ്ടി പരക്കം പായുമ്പോഴും, തന്റെ സംഗീതത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലകൊള്ളുമ്പോള്‍ ഉണ്ടാകുന്ന ആന്തരിക സംഘര്‍ഷങ്ങള്‍, വേദനകള്‍, തകര്ച്ചകള് എല്ലാം ബ്രോഡി വിസ്മയകരമായി അവതരിപ്പിക്കുന്നു. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സ്പില്‍മാന്‍ ആന്തരികവും മാനസികവുമായി കടന്നുപോകുന്ന യാത്ര മനുഷ്യ തകര്‍ച്ചയുടെ ചിത്രം മാത്രമല്ല, യുദ്ധം വ്യക്തിപരമായി അവരെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ആഴമായ പഠനവുമാണ്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം സംഗീതം തന്നെയാണ്, അത് സ്പില്‍മാന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. യുദ്ധത്തിലും, അശാന്തിയിലും, മരണത്തിനിടയിലും സംഗീതം അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന് ജീവിക്കാന്‍ പ്രേരണയായി മാറുന്നത്. ശാന്തമായ സംഗീതം യുദ്ധത്തിന്റെ ഭീകരതക്കിടയിലും പ്രതീക്ഷയുടെ പാതയിലേക്ക് നയിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നു.
വോഷി കിലറാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയുടെ ദൃശ്യഭാഷ എടുത്തുപറയേണ്ടതാണ്. പാവല്‍ എഡെല്മാന്റെ ഛായാഗ്രഹണത്തില്‍ വാഴ്സോ നഗരത്തിന്റെ തകര്‍ച്ച, ഒളിത്താവളങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ അവസാനിക്കാത്ത ദുരിതങ്ങള്‍ എന്നിവ വ്യക്തമായി ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന നഗരത്തിലെ ദു:ഖഭരിതമായ കാഴ്ചകള്‍ സിനിമക്ക് ശക്തമായ പശ്ചാത്തലമാകുന്നു. നാസി നിഷ്ഠൂരതകളുടെ നേര്‍ക്കാഴ്ചകളാണ് ചിത്രം തരുന്നത്. സ്പില്‍മാന്‍ തന്റെ നീണ്ട് സുന്ദരമായ കൈ വിരലുകള്‍ കൊണ്ട് പിയാനോ വായിക്കുന്ന മനോഹരമായ ഒരു ദൃശ്യത്തോടെയാണ് സിനിമയുടെ ആരംഭം. നാസി ക്രൂരതകള്‍ക്കുള്ള മറുപടിയായും ആ സംഗീതം വര്‍ത്തിക്കുന്നു. അയാളുടെ സംഗീതത്തോടുള്ള പ്രണയവും, അതിജീവനത്തിനുള്ള ത്വരയും സിനിമയെ ശ്രദ്ധേയമാക്കുന്നു. ഹൃദയഹാരിയായ സിനിമയില്‍ സഹനവും പ്രതീക്ഷയും പ്രേക്ഷകനെ സ്പര്‍ശിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. നാസി ഭീകരതയുടെ സങ്കീര്‍ണ്ണതയും അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടങ്ങളും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തും.
ദൃശ്യശൈലിയില് ഏറ്റവും ശ്രദ്ധാപൂര്‍വ്വമായ ഒരു സമീപനമാണ് സംവിധായകന് സ്വീകരിച്ചത്, അത് മികച്ച തിരക്കഥ, ഛായാഗ്രഹണം എന്നിവയിലൂടെ പ്രേക്ഷകരെ കഥയില്‍ മുഴുകാന്‍ സഹായിക്കുന്നുണ്ട്. റൊമാന് പൊളാന്‍സ്കിയുടെ വേറിട്ട ശൈലിയും, എഡ്രിയന്‍ ബ്രോഡിയുടെ അഭിനയവും, സംഗീതത്തിന്റെ തീക്ഷ്ണതയും ചേര്‍ന്നപ്പോള്‍, ‘ദി പിയാനിസ്റ്റ്’ ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസ് ആയി മാറുന്നു. ആഗോളതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ട സിനിമ, യുദ്ധത്തിന്റെ ഭീകരതകള്‍ മനുഷ്യന്റെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനോഹരമായി പറഞ്ഞുവയ്ക്കുന്നു. ആധുനിക സിനിമകളിലെ ഒരു ലാന്റ് മാര്‍ക്കായി ഈ സിനിമ ഇന്നും നിലനില്ക്കുന്നു.
2002 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘പാം ഡി ഓര്’ പുരസ്കാരം ഈ സിനിമക്ക് ലഭിച്ചു. മികച്ച സംവിധായകന് (റൊമാന് പൊളാന്‍സ്കി), മികച്ച നടന് (അഡ്രിയെന്‍ ബ്രോഡി), മികച്ച തിരക്കഥ (റൊണാള്‍ഡ് ഹാര്‍വുഡ്) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കര് പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. 2003 ലെ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും നല്ല സംവിധായകനുമുള്ള ‘ബഫ്റ്റ’ പുരസ്കാരവും നേടി. അറുപതോളം അവാര്‍ഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
കാലത്തിനതീതമായ, വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, സാങ്കേതിക മികവും ആഴവുമുള്ള പ്രമേയങ്ങളും കൈകാര്യം ചെയ്യുന്ന റൊമാന് പോളന്‍സ്കിയുടെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലത് ‘നൈഫ് ഇന്‍ ദി വാട്ടര്‍’ (1962) റെപ്ലൂഷന് (1965), റോസ് മേരീസ് ബേബി (1968), ‘ചൈനാടൗണ്‍’ (1974), ‘ദി പിയാനിസ്റ്റ്’ (2002) തുടങ്ങിയവയാണ്. നാലു തവണ അക്കാഡമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു ഇദ്ദേഹത്തിന്റെ പേര്.
നാസി മനുഷ്യവിരുദ്ധത പ്രവര്‍ത്തികമാക്കിയ ഹോളോകോസ്റ്റിന്റെ ദുരന്തമുഖങ്ങള്‍ പകര്‍ത്തിയ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ‘ദി പിയാനിസ്റ്റ്’ . ഗ്യാസ് ചേമ്പറിലേക്കുള്ള യാത്രയില്‍, മരണം മുന്നില്‍ നില്‍ക്കേ സംഗീതത്തിനോടുള്ള തീരാത്ത പ്രണയം അതിജീവനത്തിനായുള്ള ഒരു മാര്‍ഗമായി മാറ്റുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.