കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം.മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും.
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി.
കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു.