കൊച്ചി :നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗരം എന്ന പേരിൽ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനങ്ങളുടെ തയ്യാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ.
ജനജാഗര സമ്മേളനങ്ങളുടെ ആശയമുദ്ര വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കലിന് നല്കി ബിഷപ്പ് ചക്കാലക്കൽ പ്രകാശനം ചെയ്തു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്ടി കോഡിനേറ്റർ ഫാ. യേശുദാസ് പഴംമ്പിള്ളി, കെഎൽസി എ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ജനജാഗര സമ്മേളനങ്ങളിൽ വിഷയാവതരണം നടത്തുന്നതിന് റിസോഴ്സ് ടീം എല്ലാ രൂപതകളിലും രൂപപ്പെടുത്തും. ഇതിനായി മദ്ധ്യ മേഖലയിൽ നടത്തുന്ന പരിശീലന ക്യാമ്പ് സെപ്റ്റംബർ 21, 22 തിയ്യതികളിൽ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ നടക്കും.
ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അദ്ധ്യക്ഷത വഹിക്കും.
ജോസഫ് ജൂഡ്, ഫാ. തോമസ് തറയിൽ, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഡോ. ജിജു അറക്കത്തറ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
കെആർഎൽസിസി ഭാരവാഹികളായ ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, ഫാ. ആൻ്റണി കുഴിവേലി തുടങ്ങിയവർ നേതൃത്വം നല്കും.