ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് വൈകിട്ട് നാല് മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് സൂചന. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ വസതിയില്‍ നേരിട്ടെത്തിയാകും രാജി നല്‍കുകയെന്നും ആം ആദ്മി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നു രാവിലെ 11.30നു നിയമസഭ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം.
മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കെജ്രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മാർച്ച് 21ന് അറസ്റ്റിലായ കെജ്രിവാൾ ജയിലിൽ കഴിഞ്ഞ ആറു മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു.
ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ.