തിരുവനന്തപുരം:കഴിഞ്ഞ തിങ്കളാഴ്ച്ച വണ്ടൂരിൽ സ്വകാര്യാശുപത്രിയിൽ വെച്ച് മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനൊരുങ്ങി സർക്കാർ. ആരോഗ്യ ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും. വിദഗ്ധ സംഘം ഇന്നലെ നിലമ്പൂരിൽ എത്തി. ഇന്ന് രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്വകാര്യാശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.