ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ആറുമാസത്തിന് ശേഷം ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ ജസ്സ് ഉജ്വല്‍ ഭുയന്‍ വിമര്‍ശിക്കുകയും ചെയ്തു. കേസ് എടുത്ത് 22 മാസമായിട്ടും സിബിഐക്ക് അറ്സ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരതരമായ ചോദ്യം ഉയര്‍ത്തുന്നുവെന്നും അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്നും ജസ്റ്റിസ് ഉജ്വല്‍ ഭൂയാന്‍ അഭിപ്രായപ്പെട്ടു, എന്നാല്‍ അറസ്റ്റ് നിയമപരമെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീംകോടതി, വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, ജൂണ്‍ 26 നാണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.