റവ. ഡോ. ഷാജി ജെര്‍മ്മന്‍
(വൈസ് റെക്ടര്‍, കാര്‍മ്മല്‍ഗിരി സെമിനാരി, ആലുവ)
ഹിമാലയം മുതല്‍ മലബാര്‍ വരെയും, ബര്‍മ്മയും ഇന്‍ഡോ-ചൈനയും ബോര്‍ണിയോയും ഫിലിപ്പീന്‍സും അടക്കമുള്ള ദക്ഷിണ ഏഷ്യയിലെ തെക്കന്‍ പ്രദേശമൊക്കെയും ഉള്‍പ്പെട്ടിരുന്ന ഗ്രേറ്റര്‍ ഇന്ത്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായി കേരളതീരത്തെ പുരാതന ക്രൈസ്തവകേന്ദ്രമായ കൊല്ലം (കൊളുമ്പും) ഉയര്‍ത്തപ്പെട്ടിട്ട് 695 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പേര്‍ഷ്യയിലെ സുല്‍ത്താനിയ അതിരൂപതയുടെ സാമന്ത രൂപതയായി കൊല്ലം രൂപത സ്ഥാപിച്ചുകൊണ്ടുള്ള 1329 ഓഗസ്റ്റ് ഒന്‍പതിലെ ജോണ്‍ ഇരുപത്തിരണ്ടാം പാപ്പായുടെ തിരുവെഴുത്ത് ഫ്രാന്‍സിലെ അവിഞ്ഞോണില്‍ നിന്നാണ് ഇറക്കിയത്. സുല്ത്താനിയയില്നിന്ന് നാല് ഫ്രാന്‍സിസ്കന്‍ മിഷനറിമാരോടൊപ്പം ഇന്ത്യയുടെ പശ്ചിമതീരത്ത് സുവിശേഷപ്രചാരണത്തിന് എത്തിയ ഫ്രാന്‍സിലെ സെവരാക്കില് നിന്നുള്ള ഡൊമിനിക്കന്‍ പ്രേഷിതന് ജൊര്ദ്ദാനൂസ് കത്തലാനി എഴുതിയ ‘മിറബീലിയ ഡിസ്ക്രിപ്ത’ എന്ന സചിത്ര ആഖ്യാനം അവിഞ്ഞോണിലെ പരിശുദ്ധ പാപ്പായ്ക്ക് സമര്‍പ്പിക്കുകയുണ്ടായി. കത്തലാനിയുടെ സമൂര്‍ത്തമായ ചരിത്രസാക്ഷ്യമാകണം കൊല്ലം രൂപതയുടെ സംസ്ഥാപനത്തിന് ജോണ്‍ ഇരുപത്തിരണ്ടാം പാപ്പായെ പ്രേരിപ്പിച്ചത്. പ്രഥമ മെത്രാന്റെ പ്രേഷിതയാത്രയില്‍ നിന്നു തുടങ്ങി കൊല്ലം രൂപതയുടെ സമഗ്രചരിത്രം 2008-ലെ ‘History of Quilon, the Ancient Diocese in India (09.08.1329)’ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ റവ. ഡോ. ഷാജി ജെര്‍മ്മന്‍, സെവരാക്കില് മലമുകളിലെ ഒരു ഇടവഴിയില്‍ ബിഷപ് കത്തലാനിയുടെ ജന്മസ്ഥലം അടയാളപ്പെടുത്തുന്ന ഫലകം കണ്ടെത്തിയ കഥയും പ്രധാന ചരിത്രസാക്ഷ്യങ്ങളും പങ്കുവയ്ക്കുന്നു:
2024 ഓഗസ്റ്റ് 9, 10, 11 ദിനങ്ങള്‍ കൊല്ലം രൂപതയ്ക്ക് ആഘോഷങ്ങളുടെയും പഠനങ്ങളുടെയും ദിനങ്ങളായിരുന്നു. ‘കൊല്ലം ക്രിസ്ത്യാനികള്‍’ രൂപതയായി ക്രമീകരിക്കപ്പെട്ടതിന്റെ 695-ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങളാണ് കൊണ്ടാടിയത്. 700-ാം വര്‍ഷത്തിലേക്ക് പ്രൗഢിയോടും തലയെടുപ്പോടും കൂടെ പ്രവേശിക്കാന്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുള്ള മുന്നൊരുക്കവുമായിരുന്നു ഈ പഠന വിചിന്തനങ്ങള്‍. ഇത്തരുണത്തില്‍ ഒരു ലഘുചരിത്ര വിശകലനമാണ് ഈ ലേഖനം.
സെവരാക്കിലെ ഫലകം
2008 ലാണ് ‘History of Quilon, the Ancient Diocese in India (09.08.1329)’ എന്ന എന്റെ പുസ്തകം JC പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തക പ്രസിദ്ധീകരണത്തിനുശേഷം ഭാരതത്തിലെ പ്രഥമ രൂപതയുടെ പ്രഥമ മെത്രാന്റെ ജന്മസ്ഥലം, ഫ്രാന്‍സിലെ സെവരാക്ക്, സന്ദര്‍ശിക്കുക എന്റെ അഭിലാഷമായിരുന്നു. ജര്‍മ്മന്‍ സുഹൃത്തുമൊത്ത് ഏകദേശം എട്ടുമണിക്കൂര്‍ യാത്ര ചെയ്ത് ഒരു സായാഹ്നത്തില്‍ സെവരാക്കിലെത്തി. മലമുകളിലെ പുരാതനമായ ഒരു പട്ടണം. രാത്രി വിശ്രമത്തിനുശേഷം പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ സെവരാക്കിന്റെ ഇടുങ്ങിയ വഴികളിലൂടെ നടന്നു. പെട്ടെന്ന് ദൃഷ്ടി പതിഞ്ഞത് ഇടവഴിയിലെ ചുമരിലെ ഫലകത്തിലാണ്. ഫലകത്തില്‍ ഇപ്രകാരം എഴുതിയിരുന്നു:
”ഇത് ബിഷപ് ജൊര്ദ്ദാനൂസ് കത്തലാനിയുടെ ജന്മസ്ഥലമാണ്. അദ്ദേഹം പേര്‍ഷ്യയിലൂടെ സഞ്ചരിച്ച് ഭാരതത്തിലെത്തി. ഭാരതത്തെക്കുറിച്ച് ‘മിറബീലിയ ഡിസ്ക്രിപ്ത’ എന്ന പുസ്തകമെഴുതി. അവിഞ്ഞോണില്‍ വച്ച് മെത്രാഭിഷേകം സ്വീകരിച്ചു. 1329 ഓഗസ്റ്റ് 9-ന് സ്ഥാപിക്കപ്പെട്ട ‘കൊളുമ്പും’ രൂപതയുടെ പ്രഥമ മെത്രാനായി. 1336-ല്‍ താനെയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചു.”
കണ്ണുകളെ വിശ്വസിക്കാനായില്ലെങ്കിലും വര്‍ഷങ്ങള്‍ നടത്തിയ ഗവേഷണങ്ങളുടെ പരിസമാപ്തിയിലെത്തിയ ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങളായിരുന്നു അത്.
ആധികാരികഗ്രന്ഥങ്ങള്
ഭാരതത്തിലെ പ്രഥമ രൂപതയുടെ (കൊളുമ്പും) സ്ഥാപനത്തെ കുറിച്ചും ജൊര്ദ്ദാനൂസ് മെത്രാന് ഗ്രേറ്റര്‍ ഇന്ത്യയിലെത്തി കൊളുമ്പും രൂപതയില്‍ ഭരണം നടത്തി എന്നതിനെക്കുറിച്ചുമുള്ള രേഖകള്‍ ലഭ്യമാണ്. ദൈവദാസന് അഭിവന്ദ്യ ബെന്‍സിഗര്‍ പിതാവ് 1923-ല്‍ വത്തിക്കാന്‍ രേഖാലയത്തില്നിന്നു രൂപതാസ്ഥാപനത്തിന്റെയും ജൊര്ദ്ദാനൂസിന്റെ മെത്രാന് നിയമനത്തിന്റെയും അപ്പസ്തോലിക ബൂളകളും ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പാ നല്കിയ 13 കത്തുകളും രേഖാലയത്തിന്റെ വൈസ് പ്രീഫെക്ട് ആഞ്ചലൂസ് മെര്ക്കാത്തി വഴി സ്വന്തമാക്കുകയും അവ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1925-ല്‍ ഫ്രാന്‍സില്‍നിന്നു പ്രസിദ്ധീകരിച്ച ‘ Les Merveilles De L’Asie’എന്ന ഗ്രന്ഥം ഈ രേഖകള്‍ ലത്തീനിലും ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിവന്ദ്യ ജെറോം പിതാവ് കൊല്ലം രൂപതയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ ഇവയെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളുണ്ട് (A.J Rozario, കൊല്ലം ക്രിസ്ത്യാനികള്‍, 1995, 2006, pp. 573 586). വില്‍ഹെല്‍ ബാവും, റെയ്മണ്ട് സെനോനെന് എന്നിവര്‍ പുറത്തിറക്കിയ ‘Indien und Europa in Mittelalter’ എന്ന പുസ്തകം ഈ രേഖകളുടെ ജര്‍മ്മന്‍ ഭാഷയിലുള്ള പരിഭാഷയാണ് (2000). ഗുട്ടന്‍ബെര്‍ഗ് പ്രോജക്ട് ‘Mirabilia Descripta by Catalani Jordanus’ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (മേയ് 31, 2021).
‘History of Quilon, the Ancient Diocese in India (09.08.1329)’ എന്ന എന്റെ പുസ്തകം തോമാശ്ലീഹാ മുതല്‍ സ്റ്റാന്‍ലി റോമന്‍ പിതാവിന്റെ ഇടയശുശ്രൂഷയുടെ കാലഘട്ടം വരെയുള്ള സമഗ്രപഠനമാണ്. രൂപത സ്ഥാപനത്തിന്റെ ആധികാരിക രേഖകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡോ. പ്രേം ഹെന് റിയുടെ ഗവേഷണപ്രബന്ധം ‘Christianity in India Rediscovered’ ചരിത്രവഴികളിലെ ഈടുറ്റ ഗ്രന്ഥമാണ്. 2024 ഓഗസ്റ്റ് 11-ന് പുറത്തിറങ്ങിയ ‘Jordanus Catalani’ എന്ന ഡോ. ജോസ് പുത്തന്‍വീടിന്റെ ഗ്രന്ഥം അദ്ദേഹത്തിന്റെ ചരിത്രഗവേഷണങ്ങളുടെ സമാഹാരമാണ്.
ഗ്രേറ്റര്‍ ഇന്ത്യയിലെ ‘കൊളുമ്പും’
‘ Columbum Locus in Maiori India, in civitatem erigitur, et titulo ecclesiae cathedralis decoratur എന്ന ശീര്‍ഷകത്തോടുകൂടിയാണ് ജോണ്‍ ഇരുപത്തിരണ്ടാം പാപ്പ 1329 ഓഗസ്റ്റ് 9-ാം തീയതി ‘കൊളുമ്പും’ രൂപത സ്ഥാപിച്ചുകൊണ്ടുള്ള ബൂള നല്‍കിയത്. മലയാള പരിഭാഷ ഇപ്രകാരമാണ്:
”ഗ്രേറ്റര്‍ ഇന്ത്യയിലെ ‘കൊളുമ്പും’ പട്ടണമായി പ്രഖ്യാപിക്കപ്പെടുകയും കത്തീഡ്രല്‍ ദൈവാലയം (സഭ) എന്ന ശീര്‍ഷകത്താല്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.”
1329 ഓഗസ്റ്റ് 19-ാം തീയതിയായിരുന്നു ജൊര്ദ്ദാനൂസിന്റെ മെത്രാഭിഷേകം. അദ്ദേഹം ഗ്രേറ്റര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അവിഞ്ഞോണില്‍ എത്തി എന്നാണെഴുതിയിരിക്കുന്നത്. 13, 14 നൂറ്റാണ്ടുകളില്‍ വിദേശ വ്യാപാരികള്‍ ഏഷ്യ ഭൂഖണ്ഡത്തെ ഗ്രേറ്റര്‍ ഇന്ത്യ, ലെസ്സര്‍ ഇന്ത്യ, മധ്യ ഇന്ത്യ എന്നാണ് തരംതിരിച്ചിരുന്നത്. ദക്ഷിണ ഏഷ്യയുടെ തെക്കന്‍ പ്രദേശം മുഴുവന്‍ ഗ്രേറ്റര്‍ ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റര്‍ ഇന്ത്യ മലബാര്‍ മുതല്‍ ഗംഗാനദിക്ക് അതീതമായിട്ടുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഹിമാലയം, പഞ്ചാബ്, ഹിന്ദുസ്ഥാന്‍, ബര്‍മ്മ, ഇന്‍ഡോ-ചൈന, ബൊര്ണെയോ, ഫിലിപ്പീന്‍സ് ഈ പ്രദേശങ്ങളൊക്കെ ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നുവെന്ന് ഭൂമിശാസ്ത്രജ്ഞന്മാര് പറയുന്നുണ്ട്. ലെസ്സര്‍ ഇന്ത്യ ദക്ഷിണ ഏഷ്യയുടെ വടക്കുഭാഗവും മധ്യ ഇന്ത്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായിരുന്നു.
ഇന്നത്തെ കൊല്ലം പട്ടണത്തിന് പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന ‘കൊളുമ്പും’ എന്ന പദത്തെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. കൊല്ലം എന്ന പേര് രൂപപ്പെട്ടതിനു പിന്നില്‍ പല ചരിത്രങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കൊല്ലം ഒരു വാണിജ്യകേന്ദ്രമായിരുന്നു. അറബികളും വെനീഷ്യരും ചീനക്കാരും എത്യോപ്യക്കാരും സിറിയക്കാരും യഹൂദരും കല്ദായരും റോമാക്കാരും വാണിജ്യത്തിനായി കൊല്ലത്തെത്തി. വെനേഷ്യന്‍ ചരിത്രസഞ്ചാരി മാര്‍ക്കോ പോളോ 1295-ല്‍ കൊല്ലം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ‘ Le Meraviglie del Mondo’ (1298) എന്ന പുസ്തകത്തില്‍ കൊല്ലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 14-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇബില്‍ ബത്തൂത്ത ”കൊല്ലം, ഇന്ത്യയിലെ അഞ്ച് പ്രമുഖ തുറമുഖങ്ങളിലൊന്നാണ്” എന്നു രേഖപ്പെടുത്തുന്നു.
ചീനഭാഷയില്‍ ‘വിപണി’ എന്നര്ഥത്തില് ‘ക്വയ്ലോണ്’ എന്ന പദം ഉപയോഗിച്ചിരുന്നു. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന സ്ഥലമായിരുന്നതിനാല്‍ കുരുമുളകിന്റെ സംസ്കൃത പദമായ ‘കൊലം’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടാകാം. കോവിലകം (കോയില്‍ + ഇല്ലം) സ്ഥിതി ചെയ്തിരുന്ന സ്ഥമായിരുന്നതിനാല് അതു ലോപിച്ച് കൊല്ലം ആയി എന്നും, ചീനഭാഷയില്‍ ‘വലിയ അങ്ങാടി’ എന്ന ‘കോലസം’ പിന്നീട് കൊല്ലമായെന്നും, തുറമുഖനഗരമായിരുന്നതിനാല് ചങ്ങാടമെന്നും വഞ്ചികെട്ടുന്ന കുറ്റിയെന്നും അര്‍ഥമുള്ള ‘കോലം’ ആണ് കൊല്ലമായതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദേശിങ്ങനാടെന്നും താര്‍ഷിഷ് എന്നും അറിയപ്പെട്ടിരുന്നു. ജോര്‍ദ്ദാനൂസ് ‘മിറബീലിയ ഡിസ്ക്രിപ്ത’യില്‍ ഗ്രേറ്റര്‍ ഇന്ത്യയെയും ലെസ്സര്‍ ഇന്ത്യയെയും താരതമ്യം ചെയ്യുന്നുണ്ട്. ”ഞാന്‍ ഗ്രേറ്റര്‍ ഇന്ത്യയില്‍ കൊല്ലത്തായിരുന്നപ്പോള്‍…” എന്നദ്ദേഹം എടുത്തുപറയുന്നു. വത്തിക്കാനില്‍നിന്നു ലഭിച്ച രേഖകളുടെ ആമുഖത്തിലാണ് ‘കൊളുമ്പും’ എന്നത് ‘ക്വിലോണ്‍’ ആണ്, ശ്രീലങ്കയിലെ കൊളംബോ അല്ല എന്നു വ്യക്തമാക്കുന്നത്.
‘കൊളുമ്പും’ രൂപത (09 ഓഗസ്റ്റ് 1329)
ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പാ അവിഞ്ഞോണില്നിന്നു നല്കിയ ‘റൊമാനൂസ് പൊന്തിഫെക്സ്’ എന്ന ബൂളയിലൂടെയാണ് കൊളുമ്പും അഥവാ കൊല്ലം രൂപത പേര്‍ഷ്യയിലെ ‘സുല്ത്താനിയെന്സിസ്’ രൂപതയുടെ സാമന്ത രൂപതയായി സ്ഥാപിക്കപ്പെട്ടത്. ഈ ബൂളയില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്:
Columbum in Greater India is made a city and honoured with the title of Cathedral See…We decree that a Cathedral Church be founded in that city, and that on it be conferred an Episcopal Title. The church which we have established in the city will have, God willing its own bridegroom, suited to the care of the Apostolic See, who will lead her and take care of her (Avignon V August, in thirteenth Year, 1328)
ജൊര്ദ്ദാനോ, പ്രഥമ മെത്രാന് (21 ഓഗസ്റ്റ് 1329)
1329 ഓഗസ്റ്റ് 19-ന് അവിഞ്ഞോണില്‍ വച്ച് സുല്‍ത്താനിയ അതിരൂപതയുടെ മെത്രാപ്പൊലീത്ത ജൊവാന്നി ദെകോറില്നിന്ന് ജൊര്ദ്ദാനോ മെത്രാഭിഷേകം സ്വീകരിച്ചു. അതോടൊപ്പം അദ്ദേഹത്തിനു മെത്രാന്റെ മോതിരവും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനവും നല്കുകയുണ്ടായി. രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള നല്‍കിയത് 1329 ഓഗസ്റ്റ് 21-നാണ്. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
‘Greetings to our venerable brother Giordano Catalani; Bishop of Columbus… We entrust the apostolic authority of your person to the aforementioned church. and we place you, at its head as Bishop and Shepherd fully assigning to you the care and administration of both spiritual and temporal matters (Avignon XIII September, in thirteenth Year, 1329) തുടര്‍ന്ന് ജോണ്‍ 22-ാമന്‍ പാപ്പാ 13 കത്തുകളാണ് നല്‍കിയത്. 1329 ഓഗസ്റ്റ് 21-ന് ‘കൊളുമ്പും’ രൂപതയിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്ത് പാപ്പാ എഴുതി:
”ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കുന്ന നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ബിഷപ് ജൊര്ദ്ദാനോയെ നിങ്ങള്‍ ആദരവോടെ സ്വീകരിക്കണം. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ എളിമയോടെ കേള്‍ക്കണം. വിധേയത്വമുള്ള മക്കളില്‍ അദ്ദേഹം സന്തോഷിക്കും. നിങ്ങളെ സ്വീകരിക്കുന്ന പിതാവിനെ നിങ്ങള്‍ അദ്ദേഹത്തില്‍ കണ്ടെത്തും.”
മറ്റു കത്തുകള്‍ ബിഷപ് ജൊര്ദ്ദാനോയെ ഡല്‍ഹി രാജാവിനും കൊളുംബസ് രാജാവിനും കത്തായിലെ ചക്രവര്‍ത്തിക്കും എത്യോപ്യയിലെ ചക്രവര്‍ത്തിക്കും ഏല്പ്പിച്ചുകൊടുക്കുന്നതാണ്. അതോടൊപ്പം മറ്റു കത്തുകള്‍ അദ്ദേഹത്തെ ഗുജറാത്തിലെ ക്രിസ്ത്യാനികള്‍ക്കും അല്‍ബോര്‍ മലമ്പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കും പരിചയപ്പെടുത്തുന്നതാണ്. രണ്ടു കത്തുകള്‍ സഭാഭ്രഷ്ട്, സസ്പെന്ഷന് എന്നിവയില്‍ നിന്ന് ഒഴിവ് നല്‍കാനുള്ള ഫാക്കല്‍റ്റിയും നെസ്തോറിയന്‍ ക്രിസ്ത്യാനികള്‍ക്ക് പാഷണ്ഡതയില്നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനവുമാണ്.
ജൊര്ദ്ദാനൂസിന്റെ രക്തസാക്ഷിത്വം (1336)
തന്റെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള പീഢകളെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി:
”ആരോട് എന്റെ വേദനയെക്കുറിച്ച് പറയും
കടല്‍ക്കൊള്ളക്കാര്‍ എന്നെ പിടികൂടി
കുറ്റവാളിയെപ്പോലെ എന്നോട് പെരുമാറി
സഭാവസ്ത്രം ധരിക്കാന്‍ എന്നെ അനുവദിച്ചില്ല
എന്റെ വിശപ്പും ദാഹവും; ചൂടും തണുപ്പും; തെറ്റായ
ആരോപണങ്ങള്‍ തുടങ്ങിയവ
വിവരിക്കാന്‍ കഴിയുന്നതിനപ്പുറം ഞാന്‍ സഹിച്ചു”
(28 ജനുവരി 1324)
1336ല്‍ അദ്ദേഹം താനയിലേക്ക് യാത്ര തിരിച്ചു. തന്നോടൊപ്പം ഭാരതത്തിലെ താനയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച സഹപ്രേഷിതരുടെ തിരുശേഷിപ്പുകള്‍ കണ്ടെത്താനായിരുന്നു ആ യാത്ര. പക്ഷേ ജൊര്ദ്ദാനൂസിനു പീഢനങ്ങളേല്‍ക്കേണ്ടി വന്നു. താനയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചു.