ജെക്കോബി
ബോംബര്‍ഡ്രോണുകളും ഗ്രനേഡുകള്‍ പായിക്കുന്ന ദീര്‍ഘദൂര റോക്കറ്റുകളുമൊക്കെയായി മണിപ്പുരില്‍ ആഭ്യന്തരയുദ്ധത്തിന്റെ പുതിയൊരു പോര്‍മുഖം തുറന്നിരിക്കെ, ഇംഫാലില്‍ മെയ്തെയ് വിദ്യാര്‍ഥികളും മശാല്‍ തീപ്പന്തമേന്തിയ മീരാ പൈബി മെയ്തെയ് സ്ത്രീകൂട്ടായ്മയും മണിപ്പുര്‍ സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും നടത്തിയ റാലികള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇളക്കിവിടുന്ന രാഷ്ട്രീയ തീക്കളിയുടെ ആപല്‍ക്കരമായ ഒരു പകര്ന്നാട്ടമായി കാണുന്നവരുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിക്കുകയും, ഒന്നര മാസം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അസമിലേക്കും മണിപ്പുരിലേക്കുമായി നിയോഗിച്ച ഗവര്‍ണര്‍ ലക്ഷ്മണ് പ്രസാദ് ആചാര്യ വസിക്കുന്ന രാജ്ഭവനിലേക്കു കല്ലേറു നടത്തുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയും ചെയ്ത വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത് മെയ്തെയ് പക്ഷക്കാരനായ ബിരേന്‍ സിംഗ് കേന്ദ്രത്തിനു മുന്പില് വച്ചിട്ടുള്ള ഡിമാന്‍ഡുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ്.
പതിനാറുമാസമായി ബിരേന്‍ സിംഗ് ഭരണകൂടത്തിന്റെ പ്രചണ്ഡമായ വംശവിദ്വേഷ പ്രചാരണത്തിലൂടെ ആളിപ്പടര്‍ന്ന കലാപത്തിലെ ചോരപ്പുഴയില്‍ രണ്ടു ശത്രുരാജ്യങ്ങളെപോലെ വിഭജിക്കപ്പെട്ട മെയ്തെയ് ഭൂരിപക്ഷ സമതലത്തിനും കുക്കി ഗോത്രവര്‍ഗക്കാരുടെ മലമ്പ്രദേശത്തിനുമിടയിലെ ബഫര്‍ സോണില്‍ വഴിതെറ്റിയെത്തിയ അസം റെജിമെന്റില്‍ ഹവില്‍ദാര്‍ ആയിരുന്ന കുക്കിവംശജനെ ഇംഫാല്‍ വെസ്റ്റില്‍ സെക്മെയിലെ മെയ്തെയ് മേഖലയില്‍ വച്ച് അടിച്ചുകൊന്നതും, ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ഉള്‍പ്പെടെ സെപ്റ്റംബറിലെ ദുരന്തപട്ടികയില്‍ ഇരുഭാഗത്തുനിന്നുമായി 11 പേരുണ്ട്. ഇതുവരെ 236 പേരുടെ ജീവനെടുത്ത കുക്കി-മെയ്തെയ് സംഘര്‍ഷം പുതിയൊരു വഴിത്തിരിവിലെത്തുന്നതാണ് ഇംഫാലിലെ തെരുവുകളില്‍ കാണുന്നത്.
ഇംഫാല്‍ താഴ് വരയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. ഇംഫാല്‍ വെസ്റ്റിലും ഈസ്റ്റിലും ആളുകള്‍ വീടിനു പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. യൂണിവേഴ്സിറ്റികളും കോളജുകളും അടച്ചിട്ടിരിക്കുന്നു. ഇന്റര്‍നെറ്റ്-മൊബൈല്‍ ഡേറ്റാ സര്‍വീസ് വിഛേദിക്കപ്പെട്ടിരിക്കുന്നു. കര്‍ഫ്യൂ ലംഘിച്ചും പ്രക്ഷോഭകര്‍ രാജ്ഭവന് വളഞ്ഞുകൊണ്ടിരിക്കെ ഗവര്‍ണര്‍ വന്‍സുരക്ഷാവലയത്തില്‍ ഗുവാഹട്ടിയിലേക്ക് കടന്നു. ഇംഫാലിലെ മെയ്തെയ് സ്ത്രീകൂട്ടായ്മയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഖ്വായിരാംബന്ദ് ഇമാ ബസാറില്‍ സമരതീക്ഷ്ണതയോടെ വിദ്യാര്‍ഥികള്‍ ക്യാമ്പ് തുറന്നിരിക്കുന്നത് രണ്ടും കല്പിച്ചാണ്.
മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ 18 ഭരണകക്ഷി എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി ബിരേന്‍ സിംഗ് സമര്‍പ്പിച്ച നിവേദനത്തില്‍, സംസ്ഥാനത്തെ ക്രമസമാധാനച്ചുമതല വഹിക്കുന്ന യൂണിഫൈഡ് കമാന്‍ഡിന്റെ നിയന്ത്രണം തനിക്കു തിരിച്ചുകിട്ടണമെന്നും, കുക്കി വിഘടനവാദികളുമായി വെടിനിര്‍ത്തലിന് കേന്ദ്രസര്‍ക്കാരും സംസ്ഥാനവും 2008-ല്‍ ഒപ്പുവച്ച സസ്പെന്ഷന് ഓഫ് ഓപ്പറേഷന് (എസ്ഒഒ) ഉടമ്പടി റദ്ദാക്കണമെന്നും, നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിന് 1961 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) നടപ്പാക്കണമെന്നും, മണിപ്പുരിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മണിപ്പുരില്‍ 2023 മേയ് ആദ്യവാരത്തില്‍ ഒരു രാവും പകലുമായി ആസൂത്രിതമായ കൂട്ടക്കുരുതിയില്‍ ഇംഫാല്‍ താഴ് വാരത്തെ കുക്കികളെയും മെയ്തെയ് വംശത്തില്പെട്ട ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരുടെ വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും സ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളുമൊക്കെ കൊള്ളയടിച്ച് ചുട്ടെരിക്കയും സ്ത്രീകളെ കൂട്ടബലാത്സംഗത്തിനും മറ്റ് അതിക്രമങ്ങള്‍ക്കും ഇരയാക്കുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും മാറ്റുകയും, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവായി സിആര്‍പിഎഫ് മുന്‍ ഡയറക് ടര്‍ ജനറല്‍ കുല്‍ദീപ് സിംഗിനെ നിയോഗിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും അടക്കം ആഭ്യന്തരസുരക്ഷയും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന യൂണിഫൈഡ് കമാന്‍ഡിന്റെ അധ്യക്ഷപദവിയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റി കുല്‍ദീപ് സിംഗിനെ അവരോധിച്ചു. ഭരണഘടനയുടെ 355-ാം അനുച്ഛേദപ്രകാരം അടിയന്തരഘട്ടത്തില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രിയെ ഡിസ്മിസ് ചെയ്യാതെതന്നെ സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ വകുപ്പുണ്ട്. എന്നാല്‍ ഫെഡറല്‍ ഭരണ സംവിധാനത്തിലെ ഭരണഘടനാവ്യവസ്ഥകള്‍ അനുസരിച്ചുള്ള വിജ്ഞാപനമൊന്നുമിറക്കാതെ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അമിത് ഷായുടെ ഇടപെടല്‍.
സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ്, ഡിജിപി രാജീവ് സിംഗ് എന്നിവരെ തിരിച്ചയക്കണമെന്നാണ് ബിരേന്‍ സിംഗും ഇംഫാലില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് കേന്ദ്രം നിയോഗിച്ചിട്ടുള്ള 60,000 വരുന്ന കേന്ദ്ര സുരക്ഷാസേനാംഗങ്ങള്‍ ‘വെറും കാഴ്ചക്കാര്‍ മാത്രമാകയാല്‍’ അവരെ പിന്‍വലിക്കണമെന്ന് ബിരേന്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവും ബിജെപി എംഎല്‍എയുമായ രാജ്കുമാര് ഇമോ സിംഗ് അമിത് ഷായ്ക്ക് എഴുതിയ ഇമെയില്‍ സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു.
മണിപ്പുരിലെ സമ്പൂര്‍ണ ഭരണത്തകര്ച്ചയെക്കുറിച്ച് സുപ്രീം കോടതി തന്നെ പറയുന്നുണ്ട്. സ്വതന്ത്രഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇന്നേവരെ കാണാത്ത രീതിയില്‍ ഒന്നര വര്‍ഷമായി അനിയന്ത്രിതമായി തുടരുന്ന വര്‍ഗീയ വിഭജനത്തിന് ഉത്തരവാദി ബിരേന്‍ സിംഗല്ല, ക്രമസമാധാനം നേരിട്ടു കൈയാളിയ അമിത് ഷാ തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ മരുമകന് സൂചിപ്പിക്കുന്നത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ മെയ്തെയ് സായുധസംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് കുക്കി ഗ്രാമങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അസം റൈഫിള്‍സിനെതിരെ മുഖ്യമന്ത്രിയും മണിപ്പുര്‍ പൊലീസും മീരാ പെയ്ബിയും മെയ്തെയ് തീവ്രവാദി ഗ്രൂപ്പായ യൂണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പാംബെയിയും അരംബായ് തെങ്ഗോല്‍ സായുധ സംഘവും രംഗത്തുവന്നിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന്റെ പേരില്‍ ജമ്മുവിലേക്ക് വിന്യസിക്കാനായി മണിപ്പുരില്‍ നിന്ന് അസം റൈഫിള്‍സിന്റെ രണ്ടു ബറ്റാലിയനെ – രണ്ടായിരം ജവാന്മാരെ – പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കുക്കി മേഖലയില്‍ വന്‍ പ്രതിഷേധറാലികള്‍ നടക്കുന്നുണ്ട്. അസം റൈഫിള്‍സിനു പകരം സിആര്‍പിഎഫിന്റെ രണ്ടു ബറ്റാലിയനെ അയക്കുന്നുണ്ടത്രെ. അസം റൈഫിള്‍സിന്റെ സംരക്ഷണമില്ലെങ്കില്‍ വംശഹത്യാ ഭീഷണിയിലാകും തങ്ങള്‍ എന്നു കുക്കികള്‍ വിലപിക്കുന്നു.
കലാപത്തിന്റെ തുടക്കത്തില്‍, സംസ്ഥാന പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് 5,600 അത്യാധുനിക തോക്കുകളും 6.5 ലക്ഷം വെടിക്കോപ്പുകളും ജനക്കൂട്ടത്തിന് കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയും, മലയോരങ്ങളിലെ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാന്‍ പൊലീസ് കമാന്‍ഡോകള്‍ മെയ്തെയ് സായുധസംഘങ്ങളെ അനുഗമിക്കുകയും ചെയ്തപ്പോള്‍ ‘എല്ലാ ഓപ്പറേഷനും’ താനാണ് നിയന്ത്രിച്ചതെന്ന് വീമ്പിളക്കുന്ന ബിരേന്‍ സിംഗിന്റെ ശബ്ദരേഖ എന്ന പേരില്‍ 48 മിനിറ്റുള്ള ഒരു ഓഡിയോ ക്ലിപ്പ്, കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് അജയ് ലാംബാ അന്വേഷണ സമിതിക്കു മുമ്പാകെ എത്തിയിട്ടുണ്ട്. കുക്കി ഗ്രാമങ്ങള്‍ക്കുനേരെ 51 എംഎം മോര്‍ട്ടാര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമിത് ഷാ തന്നോട് ”അരേ, തും ബം മാര്‍ത്താ ഹേ?” എന്നു ചോദിച്ചുവെന്നും, അത്തരം ബോംബുകള്‍ ഉപയോഗിക്കുന്നത് ഷാ വിലക്കിയെങ്കിലും ഡിജിയോട് വലിയ ഒച്ചപ്പാടുണ്ടാക്കാതെ ആ പരിപാടി തുടരാന്‍ താന്‍ നിര്‍ദേശിച്ചതായും ആ ശബ്ദരേഖയില്‍ കേള്‍ക്കാം.
മലമേഖലയില്‍ കുക്കികള്‍ക്കായി ടെറിട്ടോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ സംവിധാനമുണ്ടാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ധാരണയിലെത്തുന്നതിന് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട്, കുക്കി നാഷണല്‍ ഓര്ഗനൈസേഷന് എന്നീ വിഘടനവാദി ഗ്രൂപ്പുകള്‍ ഇംഫാലില്‍ അന്തിമ ചര്‍ച്ച നടത്തുമ്പോഴാണ് 2023 മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ സംഘടനകളുമായി 2008-ല്‍ ഒപ്പുവച്ച എസ്ഒഒ ഉടമ്പടി പുതുക്കരുതെന്ന നിലപാടിലായിരുന്നു ബിരേന്‍ സിംഗ്. രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തുള്ള 10 കുക്കി എംഎല്‍എമാര്‍ക്കു പോലും ജീവഭയം മൂലം ഇംഫാലില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് കേന്ദ്രഭരണപ്രദേശം പോലുള്ള പ്രത്യേക ഭരണഘടനാസംവിധാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം.
ഇംഫാല്‍ വെസ്റ്റില്‍ മെയ്തെയ്കളുടെ കോട്രുക് ഗ്രാമത്തിലും ഇംഫാല്‍ ഈസ്റ്റില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന് ബങ്കറുകളിലും ‘ബോംബിടാന്‍’ കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ ഉപയോഗിച്ച ഡ്രോണുകള്‍ മ്യാന്മറില് സൈന്യത്തിനെതിരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡ്രോണുകളുമായി സാമ്യമുള്ളതാണെന്ന് മണിപ്പുര്‍ പൊലീസ് പറയുന്നുണ്ട്. പതിനഞ്ചു കിലോമീറ്റര്‍ അകലെ നിന്നു വരെ ഉപയോഗിക്കാവുന്ന റോട്ടോര്‍ ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളാണിവ. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളുടെ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ബിഷ്ണുപുരില്‍ റോക്കറ്റ് ആക്രമണത്തിന് ഉപയോഗിച്ചത് പഴയ പോംപി തോക്കിന്റെ പരിഷ്കരിച്ച പതിപ്പാണത്രെ.
മണിപ്പുരിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ അസം അതിര്‍ത്തിക്കടുത്തുള്ള ജിറിബാമില്‍ ഇത്രയുംകാലം സമാധാനത്തോടെ സഹവസിച്ചിരുന്ന കുക്കികളും മെയ്തെയ്കളും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് അക്രമഭീഷണി നേരിടാന്‍ തുടങ്ങിയത്. യൂണിഫൈഡ് കമാന്‍ഡ് പിടിച്ചടക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിംഗിന് ഇതുവരെ ജിറിബാം സന്ദര്‍ശിക്കാനുള്ള ആത്മധൈര്യം ഉണ്ടായിട്ടില്ല. കലാപത്തില്‍ നാനൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും 11,000 വീടുകളും അഗ്നിക്കിരയായി. ഭവനരഹിതരായ 59,414 പേര് – ഭൂരിഭാഗവും ക്രൈസ്തവരായ കുക്കികള്‍ – ഇപ്പോഴും 302 ദുരിതാശ്വാസ ക്യാംപുകളില്‍ നരകയാതന അനുഭവിച്ചു കഴിയുന്നു. അവര്‍ക്ക് അരിയും ഭക്ഷ്യഎണ്ണയും കിടക്കകളും കട്ടിലും വീട്ടുപകരണങ്ങളും തെര്‍മോസ് ഫ്ളാസ്കും വെള്ളവും വൈദ്യുതിയും സംസ്ഥാനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ബജറ്റ് സമ്മേളനത്തില്‍ അവകാശപ്പെട്ടു. കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് മാന്യമായ അന്ത്യസംസ്കാരവും ബലാത്സംഗത്തിനും അതിക്രമങ്ങള്‍ക്കും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും ഇരകളായവര്‍ക്കും അതിജീവിതര്‍ക്കും നീതിയും നഷ്ടപരിഹാരവും മെഡിക്കല്‍ സഹായവും നല്‍കുന്നതിന് കാണിക്കുന്ന അമാന്തത്തിന് സുപ്രീം കോടതി എത്രവട്ടമാണ് ഭരണകൂടത്തെ വിമര്‍ശിച്ചിട്ടുള്ളത്!
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പുരില്‍ ഭരണകക്ഷിയായ ബിജെപിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും തോറ്റു. മെയ്തെയ് ഭൂരിപക്ഷ മേഖലയായ ഇംഫാലിലെ ഇന്നര്‍ മണിപ്പുര്‍ മണ്ഡലത്തിലും നാഗാ ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരിലും കോണ്‍ഗ്രസാണ് വിജയിച്ചത്.
രാമരാജ്യത്തിലെ അമൃതകാല അവതാരമായി ആത്മപ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി മോദി, മണിപ്പുരിലെ ഇന്ത്യന്‍ പൗരരോടു കാട്ടുന്ന ഉപേക്ഷയുടെ കൊടുംപാതകത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ റുവാണ്ടയില്‍ പോകുമായിരിക്കും. യുക്രെയ്നില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും ഭൂലോകമധ്യസ്ഥന്റെ പരിവേഷത്തില്‍ നിറഞ്ഞാടിയ മോദിക്ക്, കഴിഞ്ഞ 16 മാസത്തിനിടെ ഒരിക്കല്‍ പോലും മണിപ്പുരി ജനതയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചറിയാനായി ഇംഫാലിലേക്കു തിരിക്കാന്‍ മനസലിവുണ്ടായില്ല എന്നത് അവിശ്വസനീയമാണ്. ബിരേന്‍ സിംഗിനെ പുറത്താക്കാതെ പൊറുതി കിട്ടില്ലെന്ന് കാസിരംഗയിലെ കാണ്ടാമൃഗങ്ങള്‍ക്കു പോലും ഇതിനകം മനസിലായിട്ടുണ്ടാകും.