കെ.ജെ സാബു
പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്ത്. വര്‍ഷങ്ങളായി സുഹൃത്തായിരുന്ന മഞ്ചേരി സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെ മലപ്പുറത്തുനിന്ന് ഇദ്ദേഹത്തെ കാണാതായി. കേരളം തമിഴ്നാട് പൊലിസ് സംഘങ്ങള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചു. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി ഊട്ടി ടൗണില്‍ നിന്നാണ് വിഷ്ണു ജിത്തിനെ പൊലീസ് കണ്ടെത്തിയത്.
വിവാഹച്ചെലവുകള്‍ക്ക് പണം തികയില്ലെന്ന ചിന്തയിലാണ് നാടുവിട്ടതെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു-കഴിഞ്ഞ ദിവസത്തെ ഒരുവാര്‍ത്തയാണിത്. ഒരുപാട് അളിഞ്ഞ വാര്‍ത്തകള്‍ക്കിടയില്‍ ഇങ്ങനൊരു വാര്‍ത്തകൂടി നമ്മള് വായിച്ച് തള്ളി.
വിവാഹച്ചടങ്ങുകളിലെ ആര്‍ഭാടവും ധൂര്‍ത്തും നിയന്ത്രിക്കാന്‍ നടപടി അനിവാര്യമാണെങ്കിലും ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന്, പൗരാവകാശങ്ങളുടെ പേരില്‍ കോടതികള്‍ പോലും തടസ്സം നില്ക്കുന്ന നാടാണിത്. പരിപാവനമായ ചടങ്ങാണ് വിവാഹം എന്നാണ് വിശ്വാസികളുടെ പക്ഷം. മനുഷ്യന്റെ ലൈംഗിക സാന്മാര്‍ഗികതയ്ക്ക് സഹായകമായ ചടങ്ങെന്ന നിലയില്‍ ഒരു പുണ്യകര്‍മം കൂടിയായാണ് മതവിശ്വാസികള്‍ ഇതിനെ കാണുന്നത്.
ലളിതമായിരുന്നു മുന്‍കാലങ്ങളില്‍ വിവാഹങ്ങള്‍. പന്തല്‍ നിര്‍മാണം മുതല്‍ ഭക്ഷണ വിതരണത്തിലും അവസാനം ഒരുക്കു സാധനങ്ങള്‍ തിരികെയെത്തിക്കുന്നതിനും അയല്‍ക്കാരും സുഹൃത്തുക്കളും സജീവമായി സഹകരിക്കുന്ന അന്നത്തെ വിവാഹച്ചടങ്ങുകള്‍ അയല്പക്ക, സുഹൃദ് കൂട്ടായ്മക്കും സഹകരണത്തിനും ആക്കം പകര്‍ന്ന ആഘോഷങ്ങളുമായിരുന്നു.
വന്നുവന്ന് ഇന്നിപ്പോള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു വിവാഹങ്ങള്‍. വിവാഹ നടത്തിപ്പുകാരുടെ സാമ്പത്തികോന്നതിയും പത്രാസും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ക്ഷണക്കത്തില്‍ തുടങ്ങുന്നു ധൂര്‍ത്തിന്റെ അതിപ്രസരം. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഓര്‍മപ്പെടുത്താനുള്ള ഉപാധി എന്നതിലുപരി വിലയേറിയ ആഡംബര വസ്തുവാണിന്നത്തെ ക്ഷണക്കത്തുകള്‍. വരന്റെയും വധുവിന്റെയും വസ്ത്രം, നൃത്തം, പന്തല്‍, ഭക്ഷണം, വിവാഹാനന്തര സത്കാരങ്ങള്‍ തുടങ്ങിയവക്കെല്ലാം കോടികളാണ് സമ്പന്നരുടെ വിവാഹങ്ങളില്‍ പൊടിപൊടിക്കുന്നത്. സമ്പന്നന്റെ ഈ ധാരാളിത്തം സാധാരണക്കാരനും അനുകരിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കടത്തില്‍ മുങ്ങിത്താണ് ജീവിതം തകരുകയും ചെയ്യുന്നുവെന്നതാണിതിന്റെ ദുരന്തപൂര്‍ണമായ മറ്റൊരു വശം.
പട്ടിണിയിലും പ്രാരാബ്ധത്തിലുമായി കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തില്‍ ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച സമ്പന്നതയുടെ ഫലമായി അരങ്ങേറിയ പല പരിഷ്കാരങ്ങളില്‍ ഒന്നാണ് ഈ വിവാഹ ധൂര്‍ത്ത്. വിവാഹധൂര്‍ത്ത് പെരുകുന്നതിന് പിന്നില്‍ നിലവിലെ കമ്പോള കേന്ദ്രീകൃതമായ വ്യവസ്ഥിതിയും മലയാളിയെ ആഴത്തില്‍ ബാധിച്ച ഉപഭോഗ സംസ്കൃതിയുമാണ് പ്രധാനമായും. ഇവക്കെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ട പ്രമുഖ വനിതാ, കുടുംബ മാസികകള്‍ ഉപഭോഗ സംസ്കാരത്തിന്റെ പ്രചാരകരായി അധഃപതിച്ചിരിക്കയുമാണ്. ധൂര്‍ത്തിനെതിരെ ഗീര്‍വാണം നടത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളുമാകട്ടെ, തങ്ങളുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ ധൂര്‍ത്തിന്റെ സകല സീമകളും ലംഘിക്കുകയും ഔദ്യോഗിക സംവിധാനങ്ങള്‍ പോലും ദുരുപയോഗിക്കുകയും ചെയ്യുന്നു. അനുയായികളെ തിരുത്തേണ്ട പുരോഹിത നേതൃത്വമാകട്ടെ തങ്ങള്ക്കിതിലൊരു പങ്കുമില്ല എന്നമട്ടില്‍ പീലാത്തോസിനെപ്പോലെ കൈകഴുകുന്നു.
മലയാളികള്‍ ഏറെ ചര്‍ച്ചചെയ്ത ഒരു വിവാഹ ദൂര്ത്തായിരുന്നു അംബാനിയുടെ മകന്റേത്. ആനന്ദ് അംബാനി വിവാഹം എന്നാല്‍ ധൂര്‍ത്ത് ആണല്ലേ…!എന്ന് നമ്മള് മൂക്കത്ത് വിരല്‍വച്ചു. അല്പം കണക്ക് നോക്കാവുന്നതാണ്. 765348 കോടി രൂപയാണ് അംബാനിയുടെ ആസ്തി. ആനന്ദ് അംബാനിയുടെ വിവാഹത്തിന് ചിലവാക്കിയത് ഏകദേശം 5000 കോടി രൂപ. അതായത് ആകെ സമ്പത്തിന്റെ 0.66% തുക ആസ്തിയുടെ 1% പോലും വന്നിട്ടില്ല. ആസ്തിയെക്കാള്‍ കൂടുതല്‍ ചെലവാക്കി വീടുവിറ്റ് പെരുവഴിയിലാകുന്ന വിവാഹ ദൂര്ത്തിനെതിരേ ഉറക്കെ ചിന്തിക്കേണ്ട കാലമാണിത്.
അറിയാം. കാക്കകള്‍ ചകിരിനാരും ഈറ്റകമ്പുകളും കൊണ്ടല്ല വൈന്റിംഗ് വയര്‍ കൊണ്ട് കൂട്ടുകൂട്ടുന്ന കാലമാണ്. ഇനി നമുക്ക് വല്ലാതൊന്നും പിന്നോട്ടുപോകാനാകില്ല. എങ്കിലും ബലൂണ്‍ പോലെ പൊട്ടിപ്പോകുന്ന പരിഷ്കാരത്തെക്കാള്‍ കെട്ടുറപ്പുള്ള ഒരു സംസ്കാരത്തെയാണ് നാം ചേര്‍ത്തുപിടിക്കേണ്ടത്.