ന്യൂഡല്‍ഹി: രാജ്യത്തെ സിഖ് ജനതയ്ക്ക് ഏറ്റവും കൂടുതല്‍ ദോഷങ്ങള്‍ സമ്മാനിച്ചത് ചരിത്രപരമായി കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന ആരോപണവുമായി ബിജെപി സിഖ് പ്രതിഷേധക്കാര്‍. ഡല്‍ഹി ബിജെപി സിഖ് സെല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. രാഹുല്‍ തന്റെ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം.
‘ഇന്ത്യയില്‍ സിഖുകാര്‍ തലപ്പാവ് ധരിക്കണോ കത്തി ധരിക്കണോ എന്നതിനെച്ചൊല്ലിയാണ് അവിടുത്തെ പോരാട്ടങ്ങള്‍. ഒരു സിഖുകാരന് ഗുരദ്വാരയില്‍ പോകാനാകുമോ എന്ന വിഷയത്തിലും പ്രശ്നങ്ങള്‍ അരങ്ങേറുന്നു’-എന്നതായിരുന്നു രാഹുലിന്റെ പരാമർശം
അമേരിക്കയില്‍ നടത്തിയ സിഖ് പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകളേന്തിയും വിജ്ഞാന് ഭവനില്‍ നിന്ന് പ്രതിഷേധവുമായെത്തിയ സ്ത്രീകളടക്കമുള്ളവര്‍ രാഹുലിന്റെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വച്ച് പൊലീസ് തടഞ്ഞു.
1984ല്‍ രാജ്യത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദികളെന്നും അവര്‍ ആരോപിച്ചു. രാഹുല്‍ തന്റെ പരാമര്‍ശങ്ങളിലൂടെ സിഖ് ജനതയെ അപമാനിച്ചെന്ന് ബിജെപി ദേശീയ വക്താവ് ആര്‍പി സിങ് ആരോപിച്ചു.