കൊച്ചി :പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികളിൽ ചിലത് അനിവാര്യമെന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു. മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങൾക്ക് സ്വന്തമായുള്ള ഭൂമി അന്യായമായി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന ശ്രമങ്ങളുടെ അനുഭവം ആണ് ഈ അഭിപ്രായത്തിൻ്റെ പശ്ചാത്തലം.
അഞ്ചു വർഷമെങ്കിലും സ്വന്തമായിട്ടുള്ള ഭൂമി മാത്രമെ വഖഫ് ആയി നല്കാനാവു. രേഖകൾ ഇല്ലാതെ ഉപയോഗത്തിൽ മാത്രമുള്ള ഭൂമി ഈ വിധത്തിൽ നല്കാനാവില്ല എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു ഭൂമി വഖഫ് ആണോ എന്ന് അന്വേഷിക്കുന്നതിനും നിശ്ചയിക്കുന്നതിനും വഖഫ് ബോർഡു കളെ നിലവിലെ നിയമം അനുവദിക്കുന്നു. ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഒഴിവാക്കപ്പെടും.
വഖഫ് ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ നിലവിൽ നിയമം അനുസരിച്ച് രൂപീകരിക്കുന്ന ട്രിബ്യൂണലാണ് തീർപ്പു കല്പിക്കുന്നത്. ഇതിൽ കോടതികളുടെ ഇടപെടൽ അനുവദി ക്കുന്നില്ല. എന്നാൽ പുതിയ നിയമ ഭേദഗതിയിലൂടെ ട്രിബ്യൂണലിൻ്റേത് അന്തിമതീരുമാനം എന്നത് ഒഴിവാക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ അപ്പിൽ നല്കുന്നതിനു അനുവാദം നല്കുന്നുമുണ്ട്.
ഫറൂഖ് കോളേജ് അധികൃതരിൽ നിന്നും വിപണി വില നല്കി വാങ്ങി അനുഭവിച്ചു വരുന്ന ഭൂമിയിലുള്ള അവകാശം നിഷേധിച്ചു കേരള വഖഫ് ബോർഡ് സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരി ക്കാനാവില്ലെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ ചൂണ്ടിക്കാട്ടി.
1902 ൽ തിരുവിതാംകൂറിലെ ആയില്യം തിരുന്നാൾ മഹാരാജാവ്, അബ്ദുൾ സത്താർ മുസ്സ സേഠുവിന് എറണാകുളം ജില്ലയിലെ മുനമ്പത്ത് 404 ഏക്കർ സ്ഥലം കാർഷിക ആവശ്യത്തിനായി പാട്ടത്തിന് നൽകുന്നത്. 1948 ൽ സത്താർ സേഠിൻ്റെ പിന്തുടർച്ചാ വകാശിയായ സിദ്ധിഖ് സേഠ് ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഈ ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങി.
കടൽക്ഷോഭം മൂലം വെറും 114 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളവും മാത്രമായി ഈ 404 ഏക്കർ സ്ഥലം ചുരുങ്ങുകയുണ്ടായി. 1950 നവംബർ ഒന്നിന് ഈ ഭൂമി സകല വിധ ക്രയവിക്രയ സ്വാതന്ത്ര്യത്തോടും കൂടി സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നൽകി. തുടർന്ന് ഫറൂഖ് കോളേജ് 1951 ൽ ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും ഉടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് 1975 ൽ ഈ ഭൂമി ഫറൂഖ് കോളേജിൻ്റേതാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.
1989 മുതൽ ഇവിടത്തെ താമസക്കാർ ഫറൂക്ക് കോളേജിൽ നിന്നും അന്നത്തെ വിപണി വില കൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചു വരികയാണ്. 1989 മുതൽ 1993 വരെ ഫറൂക്ക് കോളജ് പലപ്പോഴായി ഇങ്ങനെ സ്ഥലവില്പന നടത്തിയിട്ടുണ്ട്.
വഖഫ് സംരക്ഷണ സമിതി 2008 ൽ മുനമ്പം – കടപ്പുറത്തെ 404 ഏക്കർ ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചു. 2019 ൽ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് അതിൻ്റെ ആസ്ഥി വിവര കണക്കുകളിൽ എഴുതിച്ചേർക്കുകയും ചെയ്തു. 2019 ൽ മാത്രമാണ് വഖഫ് ബോർഡ് ഈ സ്ഥലത്തിന് ഉടമസ്ഥാവകാശവാദവുമായി വന്നിട്ടുള്ളത്.
1950-ൽ തൻ്റെ സ്വത്തിൻ്റെ മേലുള്ള എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചുകൊണ്ട്. രേഖ പ്രകാരം, ഫറോക്ക് കോളേജിൻ്റെ പ്രവർത്തനത്തിനും വികസനത്തിനും എല്ലാ വസ്തുവും ഉപയോഗിക്കാനും വിൽക്കാനും കഴിയും എന്ന നിബന്ധന കളോടെ ഫറൂക്ക് കോളെജിന് സ്വത്ത് കൈമാറുന്നത്. 1950ൽ ഈ ഭൂമി കൈമാറ്റം നടക്കുമ്പോൾ വഖഫ് നിയമം നിലവിലില്ലാ യിരുന്നു. വഖഫ് നിയമം 1954-ൽ നിലവിൽ വരികയും 1995-ൽ ഭേദഗതി ചെയ്യുകയും ചെയ്തു. അതിനാൽ വഖഫ് ബോർഡിന് സ്വത്തിന്മേൽ അവകാശവാദമുന്നയിക്കാനാവില്ല എന്നും നേതാക്കൾ വ്യക്തമാക്കി.