വാഷിങ്ടൺ: നീതിയുക്തമായ ഒരു ഇടമായി ഇന്ത്യ മാറുമ്പോള്‍ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളോടായിരുന്നു
രാഹുലിന്റെ വാക്കുകൾ .
സംവരണം ഇനിയും എത്രകാലം തുടരുമെന്ന ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇന്ത്യയിലെ ഓരോ ബിസിനസുകാരന്റേയും പട്ടിക പരിശോധിക്കൂ. ഞാൻ അത് ചെയ്തിട്ടുണ്ട്. അതിൽ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരുടേയോ, ദലിതരുടേയോ പേര് കാണില്ല. എന്നാൽ ഏറ്റവും മികച്ച 200 പേരിൽ ഒരു ഒബിസി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഇന്ത്യയുടെ 50 ശതമാനമാണ്”- രാഹുല്‍ പറഞ്ഞു.
“തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിന് ശിക്ഷിക്കപ്പെടുന്നുവെന്നും പറയുന്ന സവര്‍ണ ജാതിയിൽ നിന്നുമുള്ള ധാരാളം ആളുകളുണ്ട്. എനിക്ക് പറയാനുള്ളത്, അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ എന്നാണ്. നമ്മുടെ രാജ്യത്തിൻ്റെ ഭരണത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ, ബിജെപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സഖ്യത്തിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പല കാര്യങ്ങളിലും യോജിപ്പുണ്ടെന്നും ഗാന്ധി പറഞ്ഞു.