ഇംഫാല്‍ : ചെറിയ ഇടവേളയ്ക്കു ശേഷം മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം. മേഖല വീണ്ടും കത്തുകയാണ്. തൗബലില്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തി പതാക ഉയര്‍ത്തി. കാങ്പോക്പി സ്വദേശിയായ കുക്കി വിമുക്ത ഭടനെ ഇംഫാല്‍ വെസ്റ്റില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തങ്ങ്ബുഹ് ഗ്രാമത്തില്‍ ബോംബ് സ്ഫോടനത്തില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു.
തീവ്ര കുക്കിസംഘടനകള്‍ താഴ്വരയില് നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധമാണ് അതിരുവിട്ടത്.മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗവര്‍ണര്‍ എല്‍ ആചാര്യയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.