ജെക്കോബി
മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ശശിയുടെ ആജ്ഞാകാരിയായ ക്രമസമാധാന വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര് അജിത്കുമാറും ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ ഉപജാപകസംഘമാണെന്ന നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി.വി അന്‍വറിന്റെ അത്യന്തം നാടകീയമായ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പിണറായി ഭരണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള കൊടിയ രാഷ്ട്രീയ ആരോപണങ്ങളെക്കാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും മുഖ്യമന്ത്രിയെത്തന്നെയും പിടിച്ചുലയ്ക്കുന്നതാണ് ഈ ഭരണകക്ഷി എംഎല്‍എയുടെ പടയറിയിപ്പ്. അതിനാലാകാം അന്‍വര്‍ മലപ്പുറത്ത് ആദ്യവെടി പൊട്ടിച്ച ഉടന്‍ കോട്ടയത്ത് കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനവേദിയില്‍ വിവാദപുരുഷനായ എഡിജിപിയെ ഇരുത്തിക്കൊണ്ടുതന്നെ സേനയിലെ പുഴുക്കുത്തുകളെയൊന്നും വച്ചുപൊറുപ്പിക്കില്ലെന്ന് ശപഥം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതും അന്‍വറിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി അനുനയത്തിന് (അതോ ഭീഷണിക്കോ?) ശ്രമിച്ചതും.
കേരള പൊലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഒരുവനെയും സംരക്ഷിക്കുകയില്ലെന്നും എട്ടുവര്‍ഷത്തെ തന്റെ വാഴ്ചയില്‍ പൊലീസ് സേനയിലെ 108 ക്രിമിനലുകളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗ് കേട്ട് കോരിത്തരിച്ച് കരഘോഷം മുഴക്കിയ സേനാംഗങ്ങള്‍ അന്നുരാത്രി ഇറങ്ങിയ അന്വേഷണ ഉത്തരവ് കണ്ട് ഇളിഭ്യരും ഹതാശരുമായിക്കാണും. ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റാതെയാണ് അജിത്കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.
ഉന്നതതല അന്വേഷണ സംഘത്തില്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനൊപ്പമുള്ള മറ്റു നാലുപേരും എഡിജിപി അജിത്കുമാറിനെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഈ കീഴുദ്യോഗസ്ഥരുടെ മികവ് വിലയിരുത്തി വാര്‍ഷിക റിപ്പോര്‍ട്ട് സമര്പ്പിക്കേണ്ടയാളാണ് എഡിജിപി. അന്‍വര്‍ പുറത്തുവിട്ട വാട്സാപ്പ് വോയ്സ് കോള്‍, ഫോണ്‍കോള്‍ ഓഡിയോ റെക്കോര്‍ഡ് തെളിവുകളുടെ കൂട്ടത്തില്‍ തന്റെ മേലധികാരിയായ എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ പുതിയ പോസ്റ്റ് നല്‍കാതെ സ്ഥലംമാറ്റുകയും ഡിജിപിയെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പി. ശശിയുടെ കാര്യം ഉത്തരവില്‍ മിണ്ടുന്നതേയില്ല. സസ്പെന്‍ഷനോ സ്ഥാനചലനമോ പ്രതീക്ഷിച്ചവരെ, ആഭ്യന്തരം ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള 29 വകുപ്പുകളുടെയും കാര്യങ്ങള്‍ നോക്കുന്ന സര്‍വശക്തനായ ശശി നിരാശപ്പെടുത്തിയെന്നുവേണം കരുതാന്‍.
എഡിജിപി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊലചെയ്യിച്ചിട്ടുണ്ട്, കസ്റ്റഡി കൊലയ്ക്ക് ഉത്തരവാദിയാണ്, സൈബര്‍ സെല്ലിനെ ഉപയോഗിച്ച് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നു, ക്രിമിനല്‍ സംഘങ്ങളുമായും ദുബായിലെ സ്വര്‍ണക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ട്, അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ട് (തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിനടുത്ത് സെന്റിന് 60 ലക്ഷം രൂപ വിലയുള്ള ഭൂമിയില്‍ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബരവീട് പണിയുന്നു), സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് അനുകൂലമായ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകരമാകുംവിധം പൂരം അലങ്കോലപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശം നല്കി, പൊലീസ് സേനയില്‍ വിഭാഗീയത സൃഷ്ടിക്കുന്നു, ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിക്കൊണ്ട് ക്രിമിനല്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നു – ഇങ്ങനെ പോകുന്നു വാര്‍ത്താസമ്മേളനങ്ങളില്‍ അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍.
കസ്റ്റഡികൊല, സ്വര്‍ണക്കടത്ത്, മരംമുറി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. ദുബായില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനതാവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നവരുടെ ഫ്ളൈറ്റ് വിവരങ്ങളും രഹസ്യ കോഡുകളും ചോര്‍ത്തുന്നവരുടെ സഹായത്തോടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും വിമാനതാവളത്തിനു പുറത്തുവച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിനു കീഴിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക് ഷന് ഫോഴ്സ് (ഡാന്‍സാഫ്) എന്ന യൂണിഫോമിടാത്ത രഹസ്യപൊലീസ് സ്ക്വാഡ് കള്ളക്കടത്തു സ്വര്‍ണം പിടികൂടുന്നു. ‘പൊട്ടിക്കുന്ന’ സ്വര്‍ണത്തിന്റെ 60 ശതമാനവും പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥരും ഭാഗിച്ചെടുക്കുകയാണു പതിവ്. മലപ്പുറത്തെ എസ്പി ഓഫിസ് വളപ്പിലെ മരം മുറിച്ചുവിറ്റതു സംബന്ധിച്ച് തനിക്കെതിരെ എംഎല്‍എ സമര്‍പ്പിച്ച കേസ് പിന്‍വലിക്കണമെന്ന് ‘കാലുപിടിച്ച്’ അപേക്ഷിക്കുന്ന എസ്പി സുജിത് ദാസിന്റെ ഫോണ്‍കോളിന്റെ ശബ്ദരേഖ അന്‍വര്‍ മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിക്കുകയുണ്ടായി. ആ കേസില്‍ നിന്ന് ഒഴിവാക്കിയാല്‍, താന്‍ സര്‍വീസിലുള്ള കാലത്തോളം എംഎല്‍എയോട് കടപ്പെട്ടവനായിരിക്കുമെന്നും ഡിജിപി പദവിയില്‍ വരെ എത്താന്‍ സാധ്യതയുള്ളയാളാണ് താനെന്നും എസ്പി പറയുന്നുണ്ട്. ഈ ഫോണ്‍കോളിലാണ് അന്‍വര്‍ മൂളിക്കേട്ടുകൊണ്ടിരിക്കുമ്പോള് സുജിത് ദാസ് എഡിജിപിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തുന്നത്.
തന്റെ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് കമ്പികയര് മോഷ്ടിച്ചവരെ പിടികൂടുന്നതില്‍ വീഴ്ച വരുത്തി എന്നതിന്റെ പേരില്‍ ഇപ്പോഴത്തെ മലപ്പുറം എസിപിയോട് ഇടഞ്ഞ ഭരണമുന്നണി എംഎല്‍എ, എസ്പി ഓഫിസ് വളപ്പില്‍ മുറിച്ച മരങ്ങളുടെ കുറ്റി കാണണമെന്നു പറഞ്ഞ് എസ്പിയുടെ ക്യാമ്പ് ഓഫിസില്‍ എത്തിയപ്പോള്‍ കടത്തിവിട്ടില്ല എന്നതില്‍ പ്രതിഷേധിച്ച് അവിടെ കുത്തിയിരിപ്പ് സമരം നടത്തിക്കൊണ്ടാണ്, വിശ്വസ്തരെന്നു കരുതി മുഖ്യമന്ത്രി അമിത സ്വാതന്ത്ര്യം അനുവദിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വഞ്ചിക്കുന്നു എന്നും മറ്റും പ്ലക്കാര്‍ഡുകള്‍ എഴുതിവച്ച് ഇക്കുറി മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. തുടര്‍ന്ന് ഓരോ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി. ജീവന് ഭീഷണിയുള്ളതിനാല്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിട്ടാണ് വമ്പന്മാരെ കുടുക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞത്. കുറേ പണം ചെലവഴിച്ചാണ് ഈ ക്രിമിനല്‍ കാര്ട്ടലുകള്ക്കെതിരെയുള്ള തെളിവുകളും രേഖകളും ശേഖരിച്ചതെന്നും താനും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നും എംഎല്‍എ ഏറ്റുപറഞ്ഞു. ഒട്ടേറെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വരുംദിനങ്ങളില്‍ അവ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചെങ്കിലും, തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി പുറത്തുവന്നപ്പോള്‍, ”സഖാവ് എന്ന നിലയില്‍ ഞാന്‍ എന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി, ലാല്‍ സലാം’ എന്നു പറഞ്ഞ് രംഗത്തുനിന്ന് പിന്മാറുകയാണെന്ന സൂചനയാണ് നല്‍കിയത്. തനിക്ക് പറയാനുള്ളതെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിട്ടുണ്ട്, ഇനി സര്‍ക്കാര്‍ നടപടിയെടുത്തുകൊള്ളും എന്നായിരുന്നു വിശദീകരണം. പിറ്റേന്ന് സിപിഎം സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയെ കണ്ട് അതിന്റെ മറ്റൊരു പകര്‍പ്പ് കൈമാറിക്കഴിഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞത് താന്‍ കീഴടങ്ങിയിട്ടില്ല എന്നാണ്.
ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ, പിണറായിക്കെതിരെ പാര്‍ട്ടിയില്‍ രൂപപ്പെടുന്ന പുതിയ ഒരു ‘പവര്‍ ഗൂപ്പ്’ സ്വതന്ത്ര നിയമസഭാംഗമായ അന്‍വറിനെ കളത്തിലിറക്കിയതാണെന്ന ഒരു രാഷ്ട്രീയ നിരീക്ഷണമുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും നടത്തി എന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പാപഭാരമെല്ലാം ഏല്ക്കേണ്ടിവന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ അജിത്കുമാര്‍ സ്വര്‍ണക്കടത്തു കേസില്‍ പിണറായിയെ സഹായിച്ചതായി പറയുന്നുണ്ട്. ലൈംഗിക പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ 2011-ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശശിയെ 2022-ല്‍ പിണറായി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചത് പാര്‍ട്ടിയുടെ ശുപാര്ശയോടെയൊന്നുമായിരുന്നില്ല. ഇ.കെ നയനാരുടെ ഭരണകാലത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസ് ഒതുക്കിയത് ശശിയായിരുന്നു എന്ന കഥയെല്ലാം അറിയാഞ്ഞല്ല പിണറായി ശശിയെ ഒപ്പംകൂട്ടിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. അന്‍വറിനു പിന്തുണ പരസ്യപ്പെടുത്തി കെ.ടി ജലീലും കാരാട്ട് റസാക്കും വന്നതിനു പിന്നാലെ മറ്റു പലരും രംഗത്തിറങ്ങാനിടയുണ്ടെന്നാണ് സൂചന.
കൊച്ചിയിലെ സിഎംആര്‍എല്‍ എന്ന റൂട്ടൈല്‍ ഖനന കമ്പനിയും കെഎസ്ഐഡിസിയുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സിനെതിരെ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ കാര്യത്തില്‍ ബിജെപി പിണറായിയുമായി ഒരു കോംപ്രമൈസ് ഡീല്‍ ഉണ്ടാക്കി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തൃശൂരില്‍ 2023 മേയില്‍ ആര്‍എസ്എസ് ക്യാമ്പിനെത്തിയ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ് ഹൊസബളയെ എഡിജിപി അജിത്കുമാര്‍ രഹസ്യമായി കണ്ടതിനു തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വെളിപ്പെടുത്തുന്നുണ്ട്.
തൃശൂര്‍ പൂരം കലക്കാന്‍ അജിത്കുമാര്‍ ഗൂഢാലോചന നടത്തി എന്ന അന്‍വറിന്റെ ആരോപണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തുവിടാത്തത് എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. തിരുവമ്പാടി പൂരം എഴുന്നള്ളിപ്പും മേളവും വെടിക്കെട്ടും തടസപ്പെടുത്താന്‍ ഉത്തരവ് ലഭിച്ചത് എവിടെ നിന്നാണ്? പകല്‍പ്പൂരവും ഇലഞ്ഞിത്തറ മേളവും നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്ന ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പാതിരാത്രി പ്രശ്നങ്ങളുണ്ടായപ്പോള്‍ ആര്‍എസ്എസ് നേതാക്കളോടൊപ്പം സേവാഭാരതിയുടെ ആംബുലന്‍സില്‍ പൊലീസ് ബാരിക്കേഡുകളെല്ലാം കടന്ന് പൂരപ്പറമ്പില്‍ എത്തിച്ചേര്‍ന്നത് എങ്ങനെയെന്നും സുനില്‍കുമാര്‍ ചോദിക്കുന്നു. രാഷ്ട്രീയ ദുരൂഹതകളുടെ പൊടിപൂരമാണിപ്പോള്.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജനെ പുറത്താക്കിയതിനു പിന്നാലെയാണ് അന്‍വറിന്റെ രംഗപ്രവേശം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ദല്ലാള്‍ നന്ദകുമാറിനൊപ്പം തന്നെ കാണാന്‍ വന്നകാര്യം ലോക്സഭാ പോളിങ് ദിനത്തില്‍ ജയരാജന് വെളിപ്പെടുത്തിയപ്പോള്‍, ‘പാപിക്കൊപ്പം കൂടിയാല്‍ ശിവനും പാപിയായിടും’ എന്ന ഒരു പഴഞ്ചൊല്ല് മുഖ്യമന്ത്രി അനുസ്മരിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ ആരുടെ കൂടെ കൂടിയവരെയാണ് ഇനി സഖാക്കള്‍ പാപികള്‍ എന്നു വിളിക്കുക?