ഷാജി ജോര്‍ജ്
നോവലിസ്റ്റ് എം. മുകുന്ദന്റെ പ്രസംഗത്തില്‍ നിന്നാണ് പരിശുദ്ധ പിതാവ് പോപ്പ് ഫ്രാന്‍സിസ് ജൂലൈ 27ന് വൈദികര്‍ക്കും വിശ്വാസികള്‍ക്കും അയച്ച കത്തിനെക്കുറിച്ച് അറിയുന്നത്. കത്തിലെ ഉള്ളടക്കം സെമിനാരികളിലും വിശ്വാസികള്‍ക്കിടയിലും സാഹിത്യ വായന പ്രോത്സാഹിപ്പിക്കണം എന്നതാണ്. കഥ, നോവല്‍, കവിത ഇവയൊക്കെ വായിക്കണം എന്നാണ് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്യുന്നത്. വായനയില്‍ നിന്ന് കിട്ടുന്ന വ്യക്തിപരമായ വളര്‍ച്ചയെ കുറിച്ച് പറയുന്നതോടൊപ്പം പുതിയ രീതിയില്‍ വായനയെ സ്നേഹിക്കാനും ആശ്ലേഷിക്കാനും പാപ്പ നിഷ്കര്‍ഷിക്കുന്നു.
ഈ കോളത്തിന്റെ പ്രസക്തി എന്താണെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്. ആരെങ്കിലും വായിക്കുന്നുണ്ടോ എന്ന സംശയം വേറെയും. എന്തായാലും പോപ്പ് ഫ്രാന്‍സിസിന്റെ കത്ത് എനിക്കും ആവേശമായി. സാഹിത്യവും വായനയുമാണല്ലോ വിഷയം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കത്തിലെ പ്രധാന ഭാഗങ്ങളാണ് ഈ ലക്കം വായനക്കാര്‍ക്കായി പങ്കുവെക്കുന്നത്.
വായനയുടെ വ്യത്യസ്ഥത
പുസ്തകവായന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അത് വിവരണത്തെ കൂടുതല്‍ ഫലവത്താക്കുന്നു. ആഖ്യാനത്തെ സമ്പുഷ്ടമാക്കുന്ന പ്രാധാന്യത്തെ പര്യവേക്ഷണം ചെയ്യുന്നു. അതിനാല്‍ ഒരു പുസ്തകം അതിന്റെ വായനക്കാരന് വ്യക്തിപരമായി കൂടുതല്‍ മുഴുകുന്നതിന് അനുവദിക്കുന്നു. ഒരു രീതിയില്‍ വായനക്കാരന് ആ പുസ്തകത്തെ പുനരെഴുതുകയാണ്. അവരുടെ സങ്കല്പത്തിലൂടെ അതിനെ വികസിപ്പിക്കുകയാണ്. സ്വന്തം നൈപുണ്യവും ഓര്‍മയും സ്വപ്നങ്ങളും വ്യക്തിഗത ചരിത്രവും അതിന്റെ എല്ലാ നാടകീയതയോടും പ്രതീകാത്മകതയോടും കൂടി കൊണ്ടുവന്ന് ആ കൃതിയില്‍ ഒരു പൂര്ണലോകം സൃഷ്ടിക്കുന്നു.
ഈ രീതിയില്‍ രചയിതാവ് എഴുതാന്‍ ഉദ്ദേശിച്ചതില്‍നിന്ന് ഏതാണ്ട് വ്യത്യസ്തമായ ഒരു പുസ്തകം രൂപപ്പെടുന്നു. ഈ വിധത്തില്‍ ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ചതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കൃതിയായിത്തീരുന്നു അത്. എന്നും ഫലം പുറപ്പെടുവിക്കുന്ന ഒരു പുസ്തകമായി വ്യത്യസ്തമായ രീതികളില്‍ സംസാരിക്കാന്‍ കഴിയുന്ന ഒന്നായി, ഓരോ വായനക്കാരന്റെയും ഭാഗത്തു നിന്നു തനതായ സമന്വയം സാധ്യമാക്കുന്ന ഒന്നായി ആ സാഹിത്യകൃതി മാറുന്നു. ജീവിക്കുന്നു.
പ്രാര്ഥനയോടൊപ്പം പുസ്തകവും
അവധിക്കാലത്തെ വിരസതയിലും ചില മരുഭൂതുല്യമായ ചുറ്റുവട്ടത്തിന്റെ ചൂടിലും നിശബ്ദതയിലും ആരോഗ്യകരമല്ലാത്ത മറ്റു പല അവസരങ്ങളിലും നല്ല പുസ്തകങ്ങള്‍ നമുക്കു മരുപ്പച്ചയായി മാറാവുന്നതാണ്. അതുപോലെ ക്ഷീണം, കോപം, നിരാശ, പരാജയം എന്നിവയാല്‍ അലട്ടപ്പെടുന്ന നിമിഷങ്ങളില്‍ ആന്തരികശാന്തി പ്രാപിക്കാന്‍ പ്രാര്‍ഥന മാത്രം മതിയാകാതെയും വരാം, അപ്പോള്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് മനസ്സിന്റെ സമാധാനം കണ്ടെത്താന്‍ ഒരു നല്ല പുസ്തകം നമ്മെ സഹായിക്കും. നമ്മുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് മാര്‍ഗതടസമായി നില്ക്കുന്ന ചില പീഡിതചിന്തകളുടെ സ്വാധീനം ഒഴിവാക്കാന്‍ സഹായിക്കുന്ന ആന്തരിക തലങ്ങള്‍ തുറന്നുതരാനും പുസ്തകവായന ഉപകരിക്കും.
തങ്ങളുടെ കാലത്തിന്റെ സംസ്കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേര്‍പ്പെടാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് സാഹിത്യം അനിവാര്യമാണ് ‘നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിഗമനം പോപ്പ് ഫ്രാന്‍സിസ് ഓര്‍മ്മപ്പെടുത്തുന്നു.
മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണുക
ഒരു പുസ്തകം വായിക്കുന്നത് നമ്മളെ മറ്റുള്ളവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ കഴിവുള്ളവരാക്കുന്നു. അത് നമ്മുടെ കാഴ്ചപ്പാടിനെയും മനുഷ്യത്വത്തെയും വിശാലമാക്കുന്നു. സാങ്കല്പികമായൊരു തന്മയീഭാവം നമ്മില്‍ വികസിപ്പിക്കുന്നു. നമ്മുടെ അനുഭവങ്ങള്‍ നമ്മുടേത് മാത്രമല്ല, അത് സാര്‍വദേശീയമാണ് എന്ന് വായനയിലൂടെ നാം തിരിച്ചറിയുന്നു. അതിനാല്‍, ഏറ്റവും അനാഥനായ വ്യക്തിപോലും തനിച്ചല്ലായെന്ന യാഥാര്‍ഥ്യം അനുഭവിക്കുന്നു.
നാമൊരു കഥ വായിക്കുമ്പോള്‍, രചയിതാവിന്റെ വിവരണശക്തിക്കനുസൃതം, കണ്മുന്നില് അനാഥമാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കരച്ചില് നമുക്കെല്ലാവര്‍ക്കും കേള്‍ക്കാനാവും. ഉറങ്ങുന്ന പേരകുഞ്ഞിനെ പുതപ്പിക്കുന്ന വയോധികയെ കാണാം. ഒരു ജീവിതമുണ്ടാക്കിയെടുക്കാന് കഷ്ടപ്പെടുന്ന കടക്കാരനെ കാണാം. നിരന്തരം വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന ഒരാളുടെ നാണക്കേടിനെ കാണാം. വൃത്തികെട്ടതും അക്രമം നിറഞ്ഞതുമായ ജീവിതസാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി സ്വപ്നങ്ങളില്‍ മാത്രം അഭയം തേടുന്ന ബാലനെയും കാണാം. ഈ കഥകള്‍ നമ്മുടെ ആന്തരിക അനുഭവങ്ങളുടെ മങ്ങിയ മുഴക്കമുണര്ത്തുമ്പോള്, നാം മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് കൂടുതല്‍ സംവേദനക്ഷമതയുള്ള
വരാകുന്നു. നാം നമ്മുടെ ജീവിതത്തില്‍നിന്ന് പുറത്തിറങ്ങി അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. നാം അവരുടെ പോരാട്ടങ്ങളോടും അഭിലാഷങ്ങളോടും അനുകമ്പയുള്ളവരാകുന്നു. അവരുടെ കണ്ണിലൂടെ നാം കാണുന്നു. അങ്ങനെ സാവധാനം നാം അവരുടെ സഹയാത്രികരാകുന്നു.
സാഹിത്യവും മനുഷ്യാനുഭവങ്ങളും
നമ്മള് ക്രൈസ്തവര്‍ക്ക്, മാനുഷികമായ ഒന്നിനോടും നിസംഗമായിരിക്കാന് കഴിയില്ല എന്നു ഞാന്‍ ഇവിടെ പറയുന്നു. അക്രമം, സങ്കുചിതത്വം. മറ്റുള്ളവരുടെ ദൗര്‍ബല്യം എന്നിവയെക്കുറിച്ച് വായിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങളിലൂടെ നമ്മുടെ തന്നെ അനുഭവങ്ങള്‍ വിചിന്തനം ചെയ്യാന്‍ നമുക്കവസരമുണ്ടാകു ന്നു. മനുഷ്യാനുഭവങ്ങളുടെ മഹനീയതയും കഷ്ടപ്പാടും വിശാലമായി വായനക്കാരു ടെ മുന്നില്‍ സാഹിത്യം തുറന്നുവയ്ക്കുന്നതിലുടെ ക്ഷമയോടെ മറ്റുള്ളവരെ മനസിലാക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. സങ്കീര്‍ണമായ സാഹചര്യങ്ങളെ വിനയത്തോടെ സമീ പിക്കാനും വ്യക്തികളെക്കുറിച്ചുള്ള വിധിയില്‍ എളിമ പ്രദര്‍ശിപ്പിക്കാനും നമ്മുടെ മാനുഷികാവസ്ഥയെക്കുറിച്ച് സംവേദനക്ഷമത ഉള്ളവ രാകാനും അത് സഹായിക്കുന്നു.
സാഹിത്യത്തിന്റെ ആത്മീയ ശക്തി
നമ്മുടെ യുക്തി, സ്വാതന്ത്ര്യത്തോടെയും വിനയത്തോടെയും പ്രയോഗിക്കാനും വൈവിധ്യമാര്‍ന്ന മാനുഷിക ഭാഷകളെ ഫലപ്രദമായി അംഗീകരിക്കാനും നമ്മുടെ മാനുഷിക സംവേദന ക്ഷമതയെ വിശാലമാക്കാനും ഒരുപാട് ശബ്ദങ്ങളിലൂടെ സംസാരിക്കുന്ന സ്വരം ലഭിക്കാനും ഉള്ള മഹത്തായ ആത്മീയതുറവി ഉണ്ടാക്കാനും സാഹിത്യത്തിന് നമ്മളെ പ്രചോദിപ്പിക്കാനാകും.
പോപ് ഫ്രാന്‍സിസിന്റെ കത്തിലെ വളരെ സംഗ്രഹിച്ച ആശയങ്ങളാണ് മേല്‍ ഉദ്ധരിച്ചിട്ടുള്ളത്. കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.