ജെയിംസ് അഗസ്റ്റിന്
സിനിമയില്‍ നിന്നു മലയാളത്തിനു മനോഹരമായ മരിയഗീതികള്‍ ലഭിച്ചിച്ചിട്ടുണ്ട്. അവയില്‍ ചില ഗാനങ്ങള്‍ പിന്നീട് നമ്മുടെ ദേവാലയസംഗീതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതില്‍ ഏറ്റവും പ്രശസ്തമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ ,’ നന്മ നേരും അമ്മ’ എന്നീ ഗാനങ്ങളെക്കുറിച്ചു മുന്‍പൊരിക്കല്‍ ഇവിടെ എഴുതിയിട്ടുണ്ട്.
1961-ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി എന്ന സിനിമയില്‍ മാതാവിന്റെ മൂന്നു പാട്ടുകളുണ്ട്.
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ (2)
കഴല് കൂപ്പിടുമെന്‍ അഴല് നീക്കുക നീ
ജഗദീശ്വരിയെ കരുണാകരിയെ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ
ഇരുള് ചൂഴ്ന്നിടുമാത്മാവില്
മണിമംഗളദീപികയായ് (2)
ഒളിതൂകണമമ്മേ നീയെന്നുമേ (2)
മാതാവേ ദൈവമാതാവേ
ലോകമാതാവേ. . .
കണ്ണാലേ നിന് പാവനരൂപം
കണ്ടെന് ജന്മം സഫലമിതേ (2)
നന്മ നിറഞ്ഞവളേ ജഗദംബികയല്ലോ നീ (2)
പരിതാപം പാരിതിലേതിനിമേല് (2)
മാനവദൂതന് തന് മണിനാദമിതാ
കേള്‍ക്കുന്നു പാടിടാം മേരി തന് സ്തോത്രം
ആവേ ആവേ ആവേ മരിയാ
അഭയദേവ് എഴുതിയ ഈ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് വി. ദക്ഷിണാമൂര്‍ത്തിയാണ്. ആലപിച്ചിരിക്കുന്നത് പി. ലീലയും.
1961-ല്‍ തന്നെ ക്രിസ്തുമസ് രാത്രി എന്ന സിനിമയിലും ഒരു മരിയഭക്തിഗാനം ഉള്‍പ്പെടുത്തിയിരുന്നു.
നന്മ നിറഞ്ഞോരമ്മേ അതിധന്യ
അതിധന്യേ രാജകന്യേ (2)
കന്യാമറിയേ നീ കരുണക്കടലല്ലോ
താങ്ങും തണലും ഞങ്ങള്‍ക്കെന്നും
തായേ നീയല്ലോ (2)
നന്മ നിറഞ്ഞോരമ്മേ
പി. ഭാസ്ക്കരന്‍ എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കിയത് ബ്രദര്‍ ലക്ഷ്മണ് ആയിരുന്നു. പി.ലീലയ്ക്കായിരുന്നു ഈ ഗാനവും പാടാന്‍ അവസരം ലഭിച്ചത്.
ബോബനും മോളിയും എന്നൊരു സിനിമ 1971-ല്‍ റിലീസ് ചെയ്തിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജോസഫ് കൃഷ്ണയാണ് സംഗീതം നല്‍കിയത്. ആലാപനം: ബി വസന്തയും രേണുകയും. ആ ഗാനമിതാണ്:
നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ
നല്ലവരാക്കണമേ
മക്കള്‍ ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ക്ക്
മാപ്പു നല്കേണമേ.
അനാവരണം എന്ന സിനിമ തീയേറ്ററുകളില്‍ എത്തുന്നത് 1976-ലാണ്. ഈ സിനിമയില്‍ വയലാര്‍ രാമവര്‍മ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയൊരു ഗാനമുണ്ട്. പി. ലീലയും പി. മാധുരിയും ചേര്‍ന്നാണ് നന്മനിറഞ്ഞൊരു കന്യാമറിയമേ എന്ന ഗാനം പാടിയത്.
നന്മ നിറഞ്ഞൊരു കന്യാമറിയമേ
നസറേത്തിന് കാരുണ്യമേ
നിന്റെ സ്വര്‍ഗ്ഗീയ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങളില്‍ ചൊരിയേണമേ.
നഖങ്ങള്‍ (1973) എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ -ദേവരാജന്‍ സഖ്യം ഒരുക്കിയ മാതാവേ മാതാവേ എന്ന് തുടങ്ങുന്ന ഗാനം പി. സുശീലയാണ് പടിയിട്ടുള്ളത്.
മാതാവേ മാതാവേ
മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്കിയ മാതാവേ
നിന് പാദപീഠം തേടിവരുന്നൊരു
നിരപരാധിനി ഞാന്‍.
അള്‍ത്താര (1964)എന്ന സിനിമയിലും ഒരു മരിയഗീതമുണ്ട്.
കന്യാമറിയമേ പുണ്യപ്രകാശമേ
കാത്തുരക്ഷിക്കേണമമ്മേ
നന്മകള് നിറഞ്ഞൊരു നിന്മകന് പാരില്‍
തിന്മകള് തീര്‍ക്കാന്‍ വന്നു
എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് തിരുനയിനാര്‍ കുറിച്ചി മാധവന് നായരാണ്. എം.ബി. ശ്രീനിവാസന് സംഗീതം പകര്‍ന്ന ഈ ഗാനത്തിന് ശബ്ദം നല്‍കിയത് പി.സുശീലയും എസ്. ജാനകിയും ചേര്‍ന്നാണ്.
ഈ ഗാനങ്ങളില്‍ പലതും ബിഗ് സ്ക്രീനില്‍ നിന്നും നമ്മുടെ ആരാധനാലയങ്ങളിലേക്കും കുടുംബപ്രാര്ഥനകളിലേക്കും കടന്നു വന്നിട്ടുണ്ട്. മാതാവിന്റ മഹത്വം മലയാളികള്‍ക്കു മുന്നില്‍ പ്രകാശിപ്പിക്കാന്‍ ഈ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.