പ്രഫ. ഷാജി ജോസഫ്
Rabbit-Proof Fence (Australia/94 minute/2002)
Director: Phillip Noyce
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ആസ്ട്രേലിയയിലെ അടിമത്വത്തിന്റെയും വര്‍ഗീയ വ്യവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ഫിലിപ് നോയ്സ് സംവിധാനം ചെയ്ത സിനിമയാണ് ‘റാബിറ്റ് പ്രൂഫ് ഫെന്‍സ്’ മോളി, ഡെയ്സി, ഗ്രെയ്സ് എന്ന മൂന്ന് അബോറിജിനല്‍ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതകഥയുടെ അതീവ സങ്കീര്‍ണ്ണവും വികാരാത്മകവുമായ ഈ സിനിമ ഡോറിസ് പിൽകിംഗ്ടെണ്ണിന്റെ ‘Follow the Rabbit-Proof Fence’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്. ഗരിമാര്മയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവങ്ങളാണ് പ്രമേയം. 1930-കളില്‍ ‘സ്റ്റോളന്‍ ജനറേഷന്’ (Stolen Generations) എന്ന് അറിയപ്പെടുന്ന വിവാദ കാലഘട്ടത്തിന്റെ ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളെ പ്രതിപാദിക്കുന്നു സിനിമ.
ആദിമനിവാസികളുടെ വംശശുദ്ധി നിലനിര്‍ത്താനെന്ന നാട്യത്തില്‍ ഓസ്ട്രേലിയലിലെ കുടിയേറ്റ സര്‍ക്കാര്‍ നടത്തിയ ദീര്‍ഘ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ലോക ചരിത്രത്തിലെ എറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നാണ്.
മൂന്ന് പെണ്‍കുട്ടികള്‍: പതിനാലുകാരിയായ മോളി ക്രെയ്ഗ് (എവര്‍ലിന്‍ സാംബി), എട്ടുവയസ്സുകാരി ഡെയ്സി കഡിബില്‍ (ടിയാന സാന്‍സ്ബറി), ഇരുവരുടെയും ബന്ധുവായ പത്തു വയസ്സുകാരി ഗ്രേസി ഫീല്ഡ്സ് (ലോറ മൊനകന്), മൂവരും പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പട്ടണമായ ജിഗാലോങിന്റെ പ്രാന്തപ്രദേശത്ത് അവരുടെ കുടുംബങ്ങളോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്നു. എന്നാല്‍, അവരുടെ ജീവിതം മാറ്റിമറിക്കാന്‍ ഗവണ്മെന്റിന്റെ ക്രൂര നടപടികള്‍ വരുന്നുണ്ട്. യൂറോപ്യന്‍ അധിനിവേശം നാഗരികതയ്ക്കൊപ്പം രോഗങ്ങളുമെത്തിച്ചു ഓസ്ട്രേലിയയില്‍. വൈകാതെ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ ഓസ്ട്രേലിയയിലെ ആദിമവാസികള്‍ (അബോറിജിനല്‍സ്) വസൂരിയോടും കോളറയോടും ചെറുത്ത് നില്ക്കാനാവാതെ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അതിന് പരിഹാരമെന്ന നിലയില്‍ കൊണ്ടുവന്ന തീരുമാനപ്രകാരം ആദിവാസി കുട്ടികള്‍ സര്‍ക്കാരിന്റെ സ്വത്താണ്, അവരുടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മേല്‍ യാതൊരു അവകാശവുമില്ല, ആദിവാസി കുട്ടികളെ(വെള്ളക്കാരും ആദിവാസികളും ചേര്‍ന്ന സങ്കര വര്‍ഗ്ഗത്തിലെ കുട്ടികളെയും) പിടിച്ചു കൊണ്ടുപോകുന്ന നടപടി ഭരണകൂടം രാജ്യത്താകമാനം ആരംഭിച്ചു. അങ്ങനെയുള്ള കുട്ടികള്‍ സ്റ്റോളന്‍ ജനറേഷന്’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ആ സമയത്തെ ‘അബോറിജിനല്‍ പ്രൊട്ടക്ഷന്‍ ആക്ട്’ പ്രകാരം, സര്‍ക്കാര്‍ ഈ കുട്ടികളെ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിന് വടക്കുള്ള മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലുള്ള ‘പുനരധിവാസ’ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്നു. അവരുടെ സംസ്കാരത്തെ മായ്ച്ചുമാറ്റുകയും അവരെ വെളുത്തവര്‍ക്ക് കീഴടങ്ങിയവരാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആ നടപടിയുടെ ഭാഗമായി ഒരു ലക്ഷത്തോളം കുട്ടികള്‍ കുടുംബത്തില്‍ നിന്നുമകന്ന് വേരുകള്‍ നഷ്ടപ്പെട്ട്, സ്വന്തം ഭാഷ പോലും അന്യമായി അവര്‍ക്ക്. മോളിയുടെ അമ്മ ആദിവാസിയും, പിതാവ് വെള്ളക്കാരനുമായിരുന്നു. മുയലുകളെ തടയുവാനുള്ള വേലി നിര്മിക്കുവാനെത്തിയ അയാള്‍ വൈകാതെ അവരെ ഉപേക്ഷിച്ചു പോയി. ‘മിസ്റ്റര്‍ ഡെവിള്‍’ എന്ന് അറിയപ്പെടുന്ന എ ഒ നെവില്‍ (കെന്നത്ത് ബ്രാനാഗ്) ആണ് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ആദിവാസികളുടെ ഔദ്യോഗിക സംരക്ഷകന്‍. അയാളാണ് മൂന്ന് പെണ്‍കുട്ടികളെ മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലേക്ക് മാറ്റാനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുന്നത്.
ക്യാമ്പില്‍, പെണ്‍കുട്ടികളെ ഡസന്‍ കണക്കിന് കുട്ടികള്‍ക്കൊപ്പം ഒരു വലിയ ഡോര്‍മിറ്ററിയില്‍ പാര്‍പ്പിക്കുന്നു. മാതൃഭാഷ സംസാരിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയിരിക്കുന്നു, ക്യാമ്പിന്റെ നിയമങ്ങളുടെ ഏതെങ്കിലും ലംഘനത്തിന് ശാരീരിക ശിക്ഷയ്ക്ക് വിധേയമാണ് അവര്‍. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ട്. ആ നടപടിയുടെ ഭാഗമായി വേരുകളില്‍നിന്ന് പിഴുതുമാറ്റപ്പെട്ട്, അച്ഛനോ അമ്മയോ ബന്ധുക്കളോ ജന്മനാടോ ഏതെന്നറിയാതെ സ്വത്വം നഷ്ടപ്പെട്ട മാനസികാരക്ഷിതത്വം പേറുന്ന ഇവര്‍ക്ക് പില്ക്കാലത്ത് ‘സ്റ്റോളന്‍ ജനറേഷന്’ എന്ന് വിശേഷണം ലഭിച്ചു.
പടിഞ്ഞാന്‍ ഓസ്ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍ സംഘം, രണ്ട് മാസമെടുത്ത് 1600 മൈലുകള്‍ക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. വരണ്ട ഭൂമികയും ചതുപ്പുകളും മരുഭൂമിയും കടന്ന് വിശ്രമമില്ലാതെ യാത്ര തുടരുമ്പോള്‍ നിയമപാലകരും ആദിവാസി വഴികാട്ടിയും അവര്‍ക്ക് പുറകെ ഉണ്ട്. വിദൂരത്തിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് അവരെ വഴികാട്ടുന്നുത് ആയിക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ മുയലിനെ പ്രതിരോധിക്കാന്‍ (‘റാബിറ്റ് പ്രൂഫ് ഫെന്‍സ്’) നിര്‍മ്മിച്ച വേലിയാണ്. (യൂറോപ്പില്‍നിന്നും കൊണ്ടുവന്ന കാട്ടുമുയലുകള്‍ ഭീകരമായ വംശ വര്‍ദ്ധനവിലൂടെ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയായി, വിളകളും കുറ്റിച്ചെടികളും ഉള്‍പ്പെടെ എല്ലാം മുയലുകള്‍ തിന്നുതീര്‍ത്തു. പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ മൂവായിരം കിലോമീറ്റര്‍ നീളത്തില്‍ വേലിതീര്‍ത്തു സര്‍ക്കാര്‍).
‘റാബിറ്റ് പ്രൂഫ് ഫെന്‍സ്’ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടത്തെ ആസ്പദമാക്കിയിട്ടുള്ളതുകൊണ്ട് തന്നെയാണ്. കുടുംബങ്ങളില്‍ നിന്നും വേര്‍പെട്ടുപോകുന്ന കുട്ടികളുടെ അവസ്ഥ, അവരുടെ സ്വാതന്ത്ര്യം, സംസ്കാരം, ഭാഷ എല്ലാം ബലമായി അവര്‍ക്ക് നഷ്ടപ്പെടുന്ന കാഴ്ചകള്‍ പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. കുട്ടികളുടെ ധീരമായ രക്ഷപ്പെടല്‍ ദൗത്യം മനുഷ്യവകാശങ്ങളുടെ പോരാട്ടത്തിന് ഒരു നിദര്‍ശനമാണ്.
സിനിമയില്‍ പതിഞ്ഞിരിക്കുന്ന കാലഘട്ടത്തിന്റെ ചിത്രം വളരെ യഥാര്‍ത്ഥമാണ്. 1930-കളിലെ ആസ്ട്രേലിയന്‍ അതിരുകള്‍, കാടുകള്‍, മരുഭൂമി എന്നിവ, ക്യാമറാമാന് ക്രിസ്റ്റഫര്‍ ഡോയില് വളരെ ശ്രദ്ധാപൂര്‍വ്വം ചിത്രീകരിച്ചിരിക്കുന്നു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് കുട്ടികളും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മോളിയുടെ വേഷത്തില്‍ എവര്‍ലിന്‍ സാംബി തന്റെ കഥാപാത്രത്തെ ശക്തമായും മനോഹരമായും അവതരിപ്പിക്കുന്നു. അവളുടെ വികാരങ്ങള്‍, അവളുടെ മനസ്സ്, അവളുടെ പേടികളും പ്രതീക്ഷകളുംപൂര്ണ്ണമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. അതുപോലെ, മിസ്റ്റര്‍ ഡെവിള്‍ എന്ന വിളിപ്പേരോടുകൂടിയ ക്രൂരനായ ഓഫിസറെ (എ.ഒ നെവ്ലി) അവതരിപ്പിച്ച കെന്നത്ത് ബ്രാനാഗ് ശക്തമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. നെവിലി എന്ന കഥാപാത്രം, സര്‍ക്കാരിന്റെ ക്രൂരമുഖം കൂടിയാണ്. ലോംഗ് വാക്ക് ഹോം: മ്യൂസിക് ഫ്രം ദ റാബിറ്റ്-പ്രൂഫ് ഫെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മനോഹരമായ സൗണ്ട് ട്രാക്ക് പീറ്റര്‍ ഗബ്രിയേലിന്റെതാണ്.
വംശ ശുദ്ധീകരണത്തിലൂടെ യൂറോപ്യന്‍ ആധിപത്യത്തിന്റെ ഇരകളാക്കപ്പെട്ടവരാണ് ഓസ്ട്രേലിയായിലെ ആദിമവാസികള്‍. ആദിമ ജനതയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൊടിയ ക്രൂരതയാണ് നടന്നതെന്ന് ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും വിമർശനമുയർന്നു. സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ആദിമനിവാസികളോട് കാണിച്ച കൊടിയ ക്രൂരതകള്‍ക്കും അനീതികള്‍ക്കും, 2008 ഫിബ്രവരി 13 ന് പ്രധാനമന്ത്രി കെവിന് റൂഡിന് പാര്‍ലിമെന്റില്‍ ക്ഷമാപണം നടത്തേണ്ടി വന്നു. 2005-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 14 വയസ്സിനുള്ളില്‍ നിങ്ങള്‍ കാണേണ്ട 50 ചിത്രങ്ങളുടെ ആഎക പട്ടികയില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തി. മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമ ചരിത്രത്തെ മറന്നു പോകാതിരിക്കാനും അത് വെളിപെടുത്തുന്ന പാഠങ്ങളെ പഠിക്കുവാനും ഓരോ പ്രേക്ഷകനെയും പ്രചോദിപ്പിക്കുന്നു.