തിരുവനന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുങ്ങോട് സെന്റ്. സെബാസ്റ്റ്യന്‍ ഇടവകയില്‍ ദേവാലയ പുനഃനിര്‍മ്മാണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കംക്കുറിച്ചു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ് ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ഇടവക വികാരി ഫാ. ജോണ്‍ ബോസ്കോ മാനുവല്‍, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവര്‍ സഹകാർമികരായിരുന്നു. നാം എത്രമാത്രം വളര്‍ന്നുവെന്നും, എന്തൊക്കെ പോരായ്മകള്‍ നമ്മില്‍ സംഭവിച്ചുവെന്നും വിശകലനം ചെയ്യുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
യേശു എന്റെ രാജാവും ഗുരുവും നാഥനും കര്‍ത്താവുമാണെന്ന് ഏറ്റ് പറഞ്ഞ് ജീവിതത്തില്‍ ക്രിസ്തുസ്നേഹം ആവോളം അനുഭവിക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്നും പിതാവ് ആശംസിച്ചു.
ദിവ്യബലിമധ്യേ അതിരൂപതയില്‍ സേവനം ചെയ്യുന്ന 20 കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള സന്യസ്ഥർ അഭിവന്ദ്യ പിതാവിൽ നിന്നും കത്തിച്ച മെഴുകുതിരികൾ സ്വീകരിച്ച് തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തിന് പ്രാർഥനപൂർവ്വം ഒരുങ്ങി. ഇനിയുള്ള ദിവസങ്ങളിൽ സന്യസ്ഥർ ഭവനങ്ങൾ സന്ദർശിച്ച് കുടുംബകേന്ദ്രീകൃത അജപാലനത്തിൽ വ്യാപൃതരാകും.