ജെക്കോബി
ജാതിസംവരണ വിഷയത്തില്‍ തൊട്ടാല്‍ ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി കരാര്‍/ ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്‍വലിക്കാനുള്ള തീരുമാനം.
ഭരണഘടന അനുശാസിക്കുന്ന സംവരണവ്യവസ്ഥകള് പാലിക്കാതെ ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസും ‘ഇന്ത്യ’ സഖ്യത്തിലെ മറ്റു പ്രതിപക്ഷകക്ഷികളും, ആ കൂട്ടത്തില്‍ കൂടാത്ത മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും മാത്രമല്ല, ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ ബിഹാറി ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്), കേന്ദ്ര ഭക്ഷ്യസംസ്കരണവ്യവസായ മന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്), കേന്ദ്ര സൂക്ഷ്മ, ചെറുകിട സംരംഭകത്വ മന്ത്രി ജീതന്‍ റാം മാഝിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നിവയും ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങിയതോടെ മോദി സര്‍ക്കാര്‍ പുറംകരാര്‍ വഴിയുള്ള പിന്‍വാതില്‍ നിയമനത്തില്‍ പെട്ടെന്ന് മലക്കംമറിയുകയായിരുന്നു.
യുപിഎസ് സിയുടെ ലാറ്ററല്‍ എന്‍ട്രി റിക്രൂട്ട്മെന്റ് പരസ്യം റദ്ദാക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് പേഴ്സനേല്കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് തീയതി വയ്ക്കാതെ എഴുതിയ കത്തില്‍, ഭരണഘടനയില്‍ അനുശാസിക്കുന്ന തുല്യതയുടെയും സാമൂഹ്യനീതിയുടെയും തത്വങ്ങള്‍ക്ക്, പ്രത്യേകിച്ച് സംവരണ വ്യവസ്ഥകള്‍ക്ക് അനുസൃതമാകണം ലാറ്ററല്‍ എന്‍ട്രി പ്രക്രിയ എന്ന ഉറച്ച നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നു വ്യക്തമാക്കുന്നു. ”പൊതുനിയമനങ്ങളിലെ സംവരണവ്യവസ്ഥ, പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ അനീതികളെ അഭിസംബോധന ചെയ്യുന്നതിനും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉള്ച്ചേര്ക്കുന്നതിനുമുള്ള നമ്മുടെ ഭരണഘടനയിലെ സാമൂഹികനീതി ചട്ടക്കൂടിന്റെ മൂലക്കല്ലാണ്.”
കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി, ഇഡബ്ല്യുഎസ് സംവരണ തസ്തികകള്‍ തട്ടിയെടുത്ത് അവയില്‍ ആര്‍എസ്എസുകാരെ നിറയ്ക്കാനുള്ള ബിജെപിയുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ലാറ്ററല്‍ എന്‍ട്രിയെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖഡ്ഗെ ആരോപിച്ചത്.
ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണവും, ബിജെപിയുടെ വികലമായ രാമരാജ്യ സങ്കല്പത്തില് ഭരണഘടനയെ ഇല്ലാതാക്കി ബഹുജനങ്ങളുടെ സംവരണം തട്ടിയെടുക്കാനുള്ള ദേശീയവിരുദ്ധ നയവുമാണിതെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ലാറ്ററല്‍ എന്‍ട്രിയെ ന്യായീകരിക്കാന്‍ ബിജെപി ആദ്യം കളത്തിലിറക്കിയ രാജസ്ഥാനില്‍ നിന്നുള്ള ദളിത് നേതാവും കേന്ദ്ര നിയമമന്ത്രിയുമായ അര്ജുന് റാം മേഘ് വാല്, കോണ്‍ഗ്രസ് ഭരണകാലത്ത് ഡോ. മന്മോഹന് സിങ്ങിനെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും മൊണ്ടേക് സിങ് അഹ് ലൂവാലിയയെ പ്ലാനിങ് കമ്മിഷന് ഡപ്യൂട്ടി ചെയര്‍മാനായും നിയമിച്ചത് ലാറ്ററല്‍ എന്‍ട്രി വഴിയാണെന്ന് രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിച്ചു. ശരിയാണ്, നെഹ്റുവിന്റെ കാലം മുതല്‍, ‘ഭരണനിര്‍വഹണത്തിന്റെ അതിസങ്കീര്‍ണ തലങ്ങളില്‍ നൂതന ആശയങ്ങളുടെയും വൈശിഷ്ട്യങ്ങളുടെയും വൈശാരദ്യത്തിന്റെയും മികവുറ്റ ശ്രേണി സൃഷ്ടിക്കുന്നതിന് പൊതുവിപണിയില്‍ നിന്ന്’ പലതരം വിദഗ്ധരെ കേന്ദ്ര സെക്രട്ടേറിയറ്റിലെ കരിയര്‍ ബ്യൂറോക്രാറ്റുകള്‍ക്കിടയില്‍ വിന്യസിച്ചിട്ടുണ്ട്.
മന്മോഹന് സിങ്ങിന്റെ കാലത്താണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നീലേകണിയെ കാബിനറ്റ് റാങ്കോടെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായി നിയമിച്ചത്. ഇന്ത്യക്കാര്‍ക്കെല്ലാം ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത് അങ്ങനെയാണ്.
അഡീഷണല്‍ സെക്രട്ടറി തലത്തില്‍ ലാറ്ററല്‍ എന്‍ട്രി ആകാമെന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2005-ല്‍, എം. വീരപ്പമൊയ്ലി അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി കേന്ദ്ര സിവില്‍ സര്‍വീസസ് അതോറിറ്റി സുതാര്യമായി നടപടിയെടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ അത്തരം അതോറിറ്റി ഇന്നേവരെ രൂപീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഉന്നതതല, മധ്യനിര മാനേജ്മെന്റ് ശ്രേണിയില്‍ മികവും വൈദഗ്ധ്യവുമുള്ളവരെ നിയമിക്കാമെന്ന് ആറാം ശമ്പള കമ്മിഷനും മോദി സര്‍ക്കാര്‍ രൂപീകരിച്ച നിതി ആയോഗും നിര്‍ദേശിക്കുകയുണ്ടായി. കേന്ദ്ര ധനകാര്യ വകുപ്പില്‍ ഉപദേഷ്ടാക്കളായി നിയമിക്കുന്നതിന് ചില വിശിഷ്ട വ്യക്തികളെ കണ്ടെത്തുന്നതുപോലെയല്ല മോദി സര്‍ക്കാര്‍ ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ക്കുള്ള തന്ത്രം ആവിഷ്കരിച്ചത്. സിംഗിള്‍ കേഡര്‍ വ്യവസ്ഥയില്‍ ഒട്ടേറെ വകുപ്പുകളിലേക്ക് നിരവധി ‘സ്പെഷലിസ്റ്റുകളെ’ വ്യക്തിഗത കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രത്യേക സംവിധാനം തന്നെയാണ് അവര്‍ രൂപപ്പെടുത്തിയത്. സംവരണം ഉള്‍പ്പെടെ കേന്ദ്ര സിവില്‍ സര്‍വീസ് വ്യവസ്ഥകളൊന്നും ഇവിടെ ബാധകല്ല.
ലോക്സഭയിലെ മഹാഭൂരിപക്ഷത്തിന്റെ ഊക്കോടെ ബിജെപി പ്രതിപക്ഷത്തെ നിശബ്ദമാക്കിയിരുന്ന കാലത്ത്, 2018-ല്‍ മോദി സര്‍ക്കാര്‍ ലാറ്ററല്‍ എന്‍ട്രി നിയമനത്തിന്റെ പുത്തന്‍ ശൈലി അവതരിപ്പിച്ചപ്പോള്‍ സിവില്‍ സര്‍വീസിലെ ഏതാനും എസ് സി, എസ്ടി ഉദ്യോഗസ്ഥര്‍ സംവരണ പ്രശ്നം ഉന്നയിച്ചിരുന്നു. ആരും കേള്‍ക്കാനുണ്ടായില്ല. 2018-ല്‍ ജോയിന്റ് സെക്രട്ടറി തലത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി നിയമനത്തിന് അപേക്ഷിച്ച 6,077 പേരില്‍ നിന്ന് ഒന്‍പതു പേരെ ഒന്‍പത് വകുപ്പുകളിലേക്ക് നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 2021ലും 2023 മേയിലും ഇതിനായി യുപിഎസ് സി പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 63 ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്തിയതായി രാജ്യസഭയില്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് വെളിപ്പെടുത്തുകയുണ്ടായി. ഇതില്‍ 35 പേര് സ്വകാര്യ മേഖലയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍പെട്ട 57 പേര് കേന്ദ്ര സര്‍വീസില്‍ തുടരുന്നുണ്ട്.
പത്തു ജോയിന്റ് സെക്രട്ടറിമാരെയും, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളില്‍ 35 പേരെയും ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാനാണ് ഇക്കുറി ശ്രമിച്ചത്. ഒന്നര ലക്ഷം മുതല്‍ 2.75 ലക്ഷം രൂപ വരെയാണ് ശമ്പളം. മൂന്നു വര്‍ഷത്തേക്കാണ് നിയമനം, അഞ്ചു വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്. സെപ്റ്റംബര്‍ 17നകം നിയമനം നടത്താനായിരുന്നു തീരുമാനം. നവ സാങ്കേതികവിദ്യകള്‍, സെമികണ്ടക്ടേഴ്സ് ആന്‍ഡ് ഇലക് ട്രോണിക്സ്, പരിസ്ഥിതി നയവും നിയമവും, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി, സാമ്പത്തികകാര്യ നിക്ഷേപം, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക കാര്യം, പുനരുപയോഗ ഊര്‍ജങ്ങള്‍, ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റി, നയവും പദ്ധതിയും, ഉരുക്കുവ്യവസായം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറി നിയമനത്തിന് പായപരിധി 40 – 55 വയസാണ്. ഒാരോ വകുപ്പിലെയും ഭരണനിര്‍വഹണത്തിന്റെ മുന്തിയ പദവികളില്‍ മൂന്നാം സ്ഥാനമാണ് ജോയിന്റ് സെക്രട്ടറിക്ക്.
കാലാവസ്ഥാവ്യതിയാനം, വനം, സംയോജിത പോഷക മാനേജ്മെന്റ്, പ്രകൃതി കൃഷി, മഴയെ ആശ്രയിച്ചുള്ള കൃഷി, ജൈവകൃഷി, നഗര ജല മാനേജ്മെന്റ്, ഏവിയേഷന്‍ മാനേജ്മെന്റ്, കെമിക്കല്‍സ്-പെട്രോകെമിക്കല്‍സ്, ചരക്കുവിലനിര്ണയം, ഇന്‍സോള്‍വന്‍സി-പാപ്പരാകല്‍, വിദ്യാഭ്യാസ നയങ്ങള്‍, വിദ്യാഭ്യാസ ടെക്നോളജി, ഇന്റര്‍നാഷണല്‍ ലോ, ടാക്സ് നയം, ഫിനാന്‍സ്, ഓട്ടോമൊബീല്‍ മേഖലയ്ക്കായി അഡ്വാന്‍സ്ഡ് കെമിക്കല്‍ സെല്‍ ബാറ്ററി ഉത്പാദനം, ഔദ്യോഗിക ഭാഷകള്‍, ഡിജിറ്റല്‍ മീഡിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു നിര്‍ദിഷ്ട ലാറ്ററല്‍ എന്‍ട്രി ഡയറക്ടര്‍/ ഡപ്യൂട്ടി സെക്രട്ടറി തസ്തികകള്‍.
ഓരോ വകുപ്പിനും വേറിട്ടുള്ള സിംഗിള്‍ കേഡര്‍ നിയമനമായതിനാല്‍ സംവരണവ്യവസ്ഥ പാലിക്കേണ്ടതില്ല എന്നായിരുന്നു ബിജെപിയുടെ വാദം. 45 തസ്തികകള്‍ ഒരുമിച്ചു പരിഗണിക്കുകയാണെങ്കില്‍ മാനദണ്ഡപ്രകാരം ആറ് ഒഴിവുകള്‍ പട്ടികജാതിക്കാര്‍ക്കും മൂന്നെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും 12 എണ്ണം ഒബിസി വിഭാഗത്തിനും നാലെണ്ണം ഇഡബ്ല്യുഎസിനും ലഭിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ ഓരോ വകുപ്പിലെയും ഒഴിവുകള്‍ പ്രത്യേകം പ്രത്യേകം വിജ്ഞാപനം ചെയ്യുകയായിരുന്നു.
ജമ്മു-കശ്മീരിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, താമസിയാതെ മഹാരാഷ് ട്രയിലും ഝാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് വരാനിരിക്കെ, ജാതിസംവരണം ബിജെപിയുടെ ഹിന്ദുത്വ ദേശീയതയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ടുചോര്‍ച്ചയുടെ പൊരുളറിയുന്നവര്ക്കെല്ലാം മനസിലായിട്ടുണ്ട്. ലാറ്ററല്‍ എന്‍ട്രിയെ ന്യായീകരിച്ച് ആദ്യം രംഗത്തിറങ്ങിയ കേന്ദ്ര ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ്, രണ്ടു ദിവസം കഴിഞ്ഞ് അത് റദ്ദാക്കിയപ്പോള്‍, ”ബാബാസാഹേബിന്റെ ഭരണഘടനയോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് സുപ്രധാനമായ ഈ തീരുമാനം” എന്ന് വാഴ്ത്തിപ്പാടിയത് വെറുതെയല്ല.
ഇതിനിടെ, ഓഗസ്റ്റ് 21ന് ദളിത്, ആദിവാസി സംഘടനകളുടെ ദേശീയ ഫെഡറേഷന്, റിസര്‍വേഷന്‍ ബചാവോ സംഘര്‍ഷ് സമിതിയുടെ ബാനറില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് സംവരണ പ്രശ്നത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ പ്രത്യേകിച്ച് ബിജെപി നേരിടുന്ന രാഷ് ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കേരളത്തിലും ദളിത്-ആദിവാസി സംഘടനകള്‍ ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. പട്ടികജാതി-പട്ടികവര്‍ഗ ഉപവര്‍ഗീകരണം സംബന്ധിച്ച സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഓഗസ്റ്റ് രണ്ടിലെ ഉത്തരവാണ് രാജ്യവ്യാപകമായ പ്രതിഷേധത്തിലേക്കു നയിച്ചത്. അതീവ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ ഉപവിഭാഗങ്ങളെ തരംതിരിക്കാമെന്നാണ് കോടതി വിധിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് സാമ്പത്തികമായി മെച്ചപ്പെട്ട ‘ക്രീമി ലെയര്‍’ വിഭാഗങ്ങളെ ഒഴിവാക്കാനുള്ള നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
അയിത്തജാതിക്കാരായിരുന്ന പട്ടിക വിഭാഗങ്ങളില്‍ ഉപജാതി വര്‍ഗീകരണം ജാതിവ്യവസ്ഥയുടെ മറ്റൊരു ശ്രേണീകരണത്തിനാണ് വഴിതെളിക്കുന്നതെന്ന നിരീക്ഷണമുണ്ട്. കോടതി വിധി പട്ടികവിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിക്കുകയുണ്ടായി. ദളിത്-ആദിവാസി മുന്നേറ്റത്തിനും ഐക്യദാര്‍ഢ്യത്തിനും ഇത് വിഘാതം സൃഷ്ടിക്കുമെന്നാണ് ബഹുജന നേതാക്കളുടെ ആശങ്ക. ഉപവര്‍ഗീകരണത്തിന്റെ പേരില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍ ഭിന്നിപ്പുണ്ടാകുന്നത് ആര്‍ക്കാണ് രാഷ് ട്രീയമായി ഗുണം ചെയ്യുക? കൃത്യമായ ജാതി സെന്‍സസ് ഡേറ്റയില്ലാതെ ഉപവര്‍ഗീകരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നതെങ്ങനെ?
പട്ടികജാതി, പട്ടികവര്‍ഗക്കാരെ ഏകജാതീയമായല്ല, വിഭിന്ന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായാണ് കാണേണ്ടത്, അതിനാല്‍ ഉപവര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംവരണത്തിന്റെ തോത് നിശ്ചയിക്കാം എന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദളിത് ക്രൈസ്തവര്‍ക്ക് ഉപജാതിവിഭാഗമെന്ന പരിഗണനയില്‍ എസ് സി, എസ്ടി സംവരണവിഹിതം ന്യായമായും ആവശ്യപ്പെടാമല്ലോ. ഇക്കാര്യത്തില്‍ ബിജെപിയുടെയും സംസ്ഥാന ഗവണ്മെന്റിന്റെയും നിലപാട് എന്താകും?