ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
കുടുംബമാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ അടിത്തറ എന്നു പറഞ്ഞത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഗൗദിയും എത് സ്പെസ് എന്ന പ്രാമാണിക രേഖയാണ് (cf. GS 47). പിന്നീട് ജോണ്‍പോള്‍ രണ്ടാമന് പാപ്പ തന്റെ ഫാമിലിയാരിസ് കോണ്സോര്സിയോ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ആ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നുണ്ട്: ‘മനുഷ്യരാശിയുടെ ഭാവി കുടുംബത്തിലൂടെ കടന്നുപോകുന്നു’ (FC. 86). ഇനി ഫ്രാന്‍സിസ് പാപ്പയിലേക്ക് വരുമ്പോള്‍, കുടുംബത്തിനാണ് തന്റെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ തുടക്കം മുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്ന കാര്യം നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ ഇവാഞ്ചെലീ ഗൗദിയത്തില് ഇന്നത്തെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സാംസ്കാരിക സംഘര്‍ഷത്തെ കുറിച്ചു പറയുന്നുണ്ട്. അദ്ദേഹം കുറിക്കുന്നു; ‘കുടുംബത്തിനകത്തെ ബന്ധങ്ങളുടെ ദുര്‍ബലതയാണ് നമ്മളനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി… വിവാഹത്തെ വൈകാരികസംതൃപ്തിയുടെ ഒരു രൂപമായിട്ടാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സംവേദനക്ഷമതക്ക് അനുസൃതമായി അതിനെ ഏതു വിധത്തിലും രൂപീകരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാം എന്ന ചിന്ത ഇന്നു പ്രബലമായി കൊണ്ടിരിക്കുന്നു’ (cf. EG 66). ഈയൊരു സാംസ്കാരിക സംഘര്‍ഷത്തിന്റെ സൂക്ഷ്മതലമാണ് ജിയോ ബേബിയുടെ കാതല്‍ എന്ന സിനിമ.
ഇവിടത്തെ വിഷയം കുടുംബം എന്ന വ്യവസ്ഥിതിയുടെ ഉള്ളിലെ സ്വാതന്ത്ര്യം എന്ന ആശയമാണ്. വിവാഹവും കുടുംബവും ദൈവത്തിന്റെ പദ്ധതിയാണെന്ന സങ്കല്പത്തിനു വിപരീതമായി സ്വന്തം ക്ഷേമം മാത്രം ലക്ഷ്യമിടുന്ന സ്വയംഭരണ ശക്തിയുടെ ഇടമായി കഴിഞ്ഞു അവ. ജിയോ ബേബിയുടെ കാതലിന്റെ ‘പര്യവസാനം’ നല്കുന്ന ചിന്തയും ഏകദേശം ഇതുതന്നെയാണ്. അപ്പോഴും പര്യവസാനമല്ല ഒരു സര്‍ഗ്ഗസൃഷ്ടിയുടെ ഏക സന്ദേശം എന്ന കാര്യവും നമുക്കറിയാം (Closure is not the sole message of an opus) എങ്കിലും മലയാളമണ്ണ് ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണ് മികച്ച ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച കാതല്‍ ദി കോര്‍ മുന്നിലേയ്ക്ക് വയ്ക്കുന്നത്.
നമ്മുടെ സാമൂഹിക-സാംസ്കാരിക തലങ്ങള്‍ മാറികൊണ്ടിരിക്കുകയാണ്. അവയില്‍ ആദ്യത്തേത്, ദാമ്പത്യജീവിതത്തില്‍ നഷ്ടപ്പെടുന്ന പരസ്പര ബന്ധങ്ങളിലെ ആധികാരികതയാണ്. സ്വന്തം ശരീരത്തെ കെണിയായി കരുതുന്ന ഒരു വ്യക്തി ദാമ്പത്യം എന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ അനുഭവിക്കുന്ന സംഘര്‍ഷം ലാഘവമായിട്ടു കരുതേണ്ട വിഷയമല്ല. വിവാഹജീവിതമെന്ന ഘടനയുടെയുള്ളില് ഇതിനെ ഒരു താല്‍ക്കാലിക ‘പ്രതിഭാസം’ എന്നോ ‘സംസ്കാരം’ എന്നോ പറഞ്ഞ് തള്ളിക്കളയാനും സാധിക്കില്ല. കാരണം വിവാഹം എന്ന കൂദാശ ‘എന്നേക്കും’ എന്ന പ്രതിബദ്ധതയുടെ കൂദാശയാണ്. അതില്‍ ഒരാള്‍ തന്റെ ശരീരത്തിന്റെ കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന ആത്മസംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരാള്‍ അനുഭവിക്കുന്നത് സ്നേഹരാഹിത്യവും അനീതിയും ആണ്. അങ്ങനെ വരുമ്പോഴാണ് ചില ചോദ്യങ്ങള്‍ ഉയരുന്നത്: ഏതു നന്മയിലാണ് അവരെ രണ്ടുപേരെയും കൂട്ടിച്ചേര്‍ത്തിരിക്കുന്നത്? ഇവിടെ ഒരാള്‍ക്ക് തന്റെ ശരീരംതന്നെ കെണിയാകുമ്പോള്‍ മറ്റൊരാള്‍ക്ക് വിവാഹംതന്നെ ഒരു കെണിയല്ലേ?
ഇങ്ങനെയുള്ള അവസരത്തില്‍ സഭയുടെ നിലപാട് എന്തായിരിക്കണം എന്നതാണ് ഏറ്റവും വലിയ ചോദ്യം. അവിടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ ചിന്തകളെ നമ്മള് ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തേണ്ടത്. വൈവാഹിക ജീവിതത്തെ കുറിച്ചുള്ള അപ്പോസ്തോലിക പ്രബോധനമായ അമോറിസ് ലത്തീസിയയില് പാപ്പ പറയുന്നു: സഭ ദൈവകരുണ പകര്‍ന്നു നല്കുന്ന അമ്മയാണ്. വൈവാഹിക ജീവിതത്തിന്റെ ചില പ്രയാസകരമായ സാഹചര്യങ്ങളില്‍ കുറെ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരെ വിധിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനു പകരം, ധാരണയും ആശ്വാസവും സ്വീകാര്യതയും നല്കാന് പ്രത്യേകം ശ്രദ്ധിക്കണം. കൃപയുടെ സൗഖ്യശക്തിയും സുവിശേഷസന്ദേശത്തിന്റെ വെളിച്ചവുമാണ് പകര്‍ന്നു നല്‍കേണ്ടത്. അല്ലാതെ ആ സന്ദേശത്തെ ഉപദേശമാക്കുകയോ മറ്റുള്ളവര്‍ക്ക് എറിയാനുള്ള ചത്ത കല്ലുകളാക്കുകയോ അരുത് (cf. AL. 49). അപ്പോഴും ഫ്രാന്‍സിസ് പാപ്പ ഒരു കാര്യം വ്യക്തമായി പറയുന്നുണ്ട്; ‘സ്വവര്‍ഗബന്ധങ്ങളെ വിവാഹവുമായി ഒരു കാരണവശാലും തുലനം ചെയ്യരുത്. ജീവന് പകര്‍ന്നു നല്‍കാത്ത ഒരു ബന്ധവും സമൂഹത്തിന്റെ ഭാവി ഉറപ്പുനല്‍കില്ല’ (AL. 52). എന്നിട്ട് പാപ്പ ഒരു ചോദ്യം ഉന്നയിക്കുന്നു; ഇക്കാലത്ത് വിവാഹബന്ധം ശക്തിപ്പെടുത്താനും വിവാഹിതരായ ദമ്പതികളെ അവരുടെ പ്രശ്നങ്ങളെ തരണം ചെയ്യാനും കുട്ടികളെ വളര്‍ത്താന്‍ സഹായിക്കാനും വിവാഹബന്ധത്തിന്റെ സ്ഥിരതയെ പ്രോത്സാഹിപ്പിക്കാനും ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? (cf. AL. 52).
ജിയോ ബേബിയുടെ കാതല്‍ ദ കോറിനെ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രചരണ സിനിമയായി മുദ്രകുത്തി മാറ്റിനിര്ത്തുന്നതിനേക്കാള് ഉപരി അത് പകര്‍ന്നുതരുന്ന സാമൂഹിക-സാംസ്കാരിക ചിന്തകളെയും അതിലെ കരുണം എന്ന ഭാവത്തെയും നമ്മള് തിരിച്ചറിയണം. കരുണയുടെ മുഖമാണ് അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും. പരസ്പരം മനസ്സിലാക്കുകയും, അപരനോട് കരുണ കാണിക്കുകയും, അപരന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന മനസ്സുകളുടെ ഉടമകള്‍. കരുണയുള്ള ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും എന്തിനേറെ ഒരു സഭയെയും ഒരു രാഷ്ട്രീയത്തെയും ഒക്കെയാണ് അത് വരച്ചുകാട്ടുന്നത്. അപ്പോള്‍ ചോദിക്കും എന്തിനാണ് ക്രൈസ്തവ സമൂഹത്തെയും സാഹചര്യങ്ങളെയും ഈ സിനിമയുടെ പശ്ചാത്തലമായി എടുത്തുവെന്ന്. ഉത്തരം ഒന്നേയുള്ളൂ: ക്രൈസ്തവരുടെ കരുണയുടെ മുഖം! നമ്മുടെ കരുണയെന്ന ദൈവീകനന്മ കൂടിയാണ് ആ സിനിമ വരച്ചു കാട്ടുന്നത്. അപ്പോഴും ഒരു കാര്യം മറക്കുന്നില്ല, ഏതെങ്കിലും ഒരു സങ്കീര്‍ണമായ വിഷയത്തിന്റെ ആഖ്യാനവും ഭൂമികയും ക്രൈസ്തവികമായതുകൊണ്ട് അത് ക്രൈസ്തവരെ അവഹേളിക്കുകയാണെന്നു ചിന്തിക്കുന്നത് ബാലിശമാണ്.
ക്രൈസ്തവ പശ്ചാത്തലമുള്ള ദൃശ്യത്തിലെ ജോര്‍ജുകുട്ടി രോമാഞ്ചവും കാതലിലെ മാത്യു അറപ്പും ആകുന്നത് സങ്കുചിത ചിന്തകളില്‍ കുരുങ്ങിക്കിടക്കുന്നവരുടെ അടിമത്താവസ്ഥയാണ്. നമ്മെ മാത്രം ആക്രമിക്കാന്‍ ഏതോ ഒരു നിഗൂഢശക്തി ഇരുളിന്റെ മറയില്‍ ഇരിക്കുന്നുണ്ട് എന്നു പറഞ്ഞു പേടിപ്പിക്കുന്നതും അതേ അവസ്ഥ തന്നെയാണ്.
കാതല്‍ ദി കോറില്‍ മുറിവേറ്റ ഒരു കുടുംബത്തിന്റെ ചിത്രമുണ്ട്. സങ്കീര്‍ണതയിലൂടെ കടന്നുപോകുന്ന ഒരു കുടുംബമാണത്. അവസാനം വിവാഹമോചനത്തിലേക്കും പുതിയ ബന്ധത്തിലേക്കുമാണ് അത് എത്തിപ്പെടുന്നത്. അവിടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ചിന്തകളുടെ നവീനത. പുതിയ ബന്ധത്തിലേര്‍പ്പെട്ട വിവാഹമോചിതരും സഭയുടെ ഭാഗമാണ്. അവര്‍ മഹറോന്‍ കിട്ടിയവരല്ല. അവരും സഭയുടെ അംഗങ്ങളാണ്. അവരുടെ കാര്യത്തില്‍ സൂക്ഷ്മമായ വിവേചനവും മാന്യമായ ഒരുക്കവും ആവശ്യമാണ്. നമ്മുടെ ഭാഷ കൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു വിവേചനവും അവര്‍ അനുഭവിക്കരുത്. അങ്ങനെയുള്ളവരോട് കരുണ കാണിക്കുന്നതിലൂടെ നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തിനൊ വിവാഹത്തിന്റെ അവിഭാജ്യതയ്ക്കോ കോട്ടംതട്ടുകയാണെന്നും കരുതരുത്. അങ്ങനെയുള്ള പരിചരണം സ്നേഹത്തിന്റെ തനതായ പ്രകാശനമാണ് (cf. AL. 243).
കാതല്‍ ദി കോറിലെ മാത്യുവും ഓമനയും സങ്കീര്‍ണമായ രണ്ട് പ്രതീകങ്ങളാണ്. നമ്മുടെ അജപാലന രംഗത്ത് ഇപ്പോഴും നമ്മള് കണ്ടുമുട്ടുന്ന സങ്കീര്‍ണതകളുടെ പ്രതീകങ്ങള്‍. ഒന്ന്, ശാരീരികതയുടെ കെണിയില്‍ അകപ്പെട്ടു പോയവരുടെ നിസ്സഹായവസ്ഥ. രണ്ട്, വൈവാഹിക ജീവിതത്തിലെ വിമ്മിട്ടങ്ങളും തല്‍ഫലമായ വിവാഹമോചനവും. കരുതലോടെ ഇടപെടേണ്ട വ്യക്തിത്വങ്ങളാണവര്‍. അങ്ങനെയുള്ളവരെ സഭ ശ്രദ്ധയോടും കരുതലോടും സഹഗമിക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. അവര്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ കൊടുങ്കാറ്റില്‍ നിന്നും ഒരു ചെരാത് പോലെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും തീരത്തിലേക്ക് അവരെ നമ്മള് നയിക്കണം. സഭയുടെ ദൗത്യം ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ പോലെയാണെന്ന കാര്യം നാം മറക്കരുത് (cf. AL. 291). അങ്ങനെയായാല്‍ മാത്രമേ കാഴ്ചകള്‍ക്കുള്ളിലെ നൊമ്പരത്തെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കു, മിടിപ്പിനുള്ളിലെ രോഗാവസ്ഥയെയും. അല്ലാത്ത കാലം വരെ നമ്മള് ഇരുളിലെ കോക്കാച്ചിമാരെ പേടിച്ച് ജല്പനങ്ങള് മൊഴിഞ്ഞുകൊണ്ടിരിക്കും.
‘കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്. നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍പോലെയും’ (സങ്കീ 128 : 1-3).