കൊച്ചി: സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന്
തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റൊ .
പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വെച്ച് നടന്ന കെസി ബിസി വിമൻസ് കമ്മീഷൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സങ്കീർണ്ണതകൾ നിറഞ്ഞ ലോകത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുമ്പോൾ എല്ലാ വേദികളിലുമുള്ള കൂടിവരവുകളിലൂടെ കാലത്തിനോടൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ പ്രാപ്തരാക്കുന്നതിനാണ് വിമൻസ് കമ്മീഷൻ പോലുള്ള കമ്മീഷനുകൾ കേരള കത്തോലിക്കാ സഭയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. യേശുവിന്റെ കാലത്ത് വിജാതീയരായ അടിമയുടെ സ്ഥാനമേ സ്ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ യേശു സ്ത്രീകളെ തന്നെ അനുഗമിക്കുന്ന ശിഷ്യരുടെ കൂട്ടത്തിൽ കൂട്ടിക്കൊണ്ട് നടന്നു. അങ്ങനെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിൽ ക്രൈസ്തവ സമൂഹം സമുന്നതമായ പദവി വഹിച്ചിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
വിമൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ.ജേക്കബ് പാലക്കപ്പിള്ളി, ഫാ.ബിജു കല്ലിങ്കൽ, ഫാ.ജോസ് കിടങ്ങയിൽ,നാഷണൽ സെക്രട്ടറി സി.നവ്യ എഫ് സി സി, ആനി ജോസഫ്,ഷീജ എബ്രഹാം, ബീന ജോഷി,ഷേർലി സ്റ്റാൻലി, ജിജി മത്തായി, സിസ്റ്റർ ലാൻസൈൻ പറമ്പിൽ എസ് ആർ എ,അഡ്വ. എൽസി ജോർജ് ഡൽസി ലുക്കാച്ചൻ, അൽഫോൻസാ ആന്റിൽസ്, മീന റോബർട്ട്, ലീന ജോർജ്, പ്രൊ. റീത്താമ്മ കെ വി എന്നിവർ പ്രസംഗിച്ചു.
വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സുവനീർ “ദിവ ” ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രകാശനം ചെയ്തു. കാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ, സെമിനാറുകൾ തുടങ്ങിയവ നടന്നു. വയനാട് മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ വിമൻസ് കമ്മീഷന്റെ ദുഃഖം രേഖപ്പെടുത്തുകയും സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു.