കോംഗൊ:പിയെർ മുലേലെയുടെ നേതൃത്വത്തിൽ കോംഗൊയുടെ സർക്കാരിനും അന്നാട്ടിൽ യൂറോപ്പുകാരുടെ സാന്നിദ്ധ്യത്തിനും എതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പർ 28-ന് വെടിയേറ്റു മരിച്ച നാലു രക്തസാക്ഷികളെ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കുന്നു. ഇവരിൽ 3 പേർ ഇറ്റലിക്കാരായ പ്രേഷിതരും ഒരാൾ കോംഗൊ സ്വദേശിയായ ഇടവക വൈദികനും ആണ്.
വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ , ജൊവാന്നി ദിദൊണേ , പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, ഇറ്റലിക്കാരൻ വിത്തോറിയൊ ഫാച്ചിൻ കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ എന്നീ രക്തസാക്ഷികളാണ് ആഗസ്റ്റ് 18-ന് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്.
കോംഗൊയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീറ ആണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മ വേദി. കോംഗൊയിലെ കിൻഷാസ അതിരൂരതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസൂംഗു ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികനാകും.