ഷാജി ജോര്‍ജ്
ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 വാര്‍ഷികത്തിലാണല്ലോ നമ്മള്. കേരള സമൂഹത്തിന്റെ നവോത്ഥാന പാതയിലുള്ള മുന്നേറ്റന്നതിന് തുടക്കം കുറിക്കുന്നത് ഉദയംപേരൂര്‍ സൂനഹദോസില്‍ നിന്നാണ്. എന്നാല്‍ പൊതുസമൂഹത്തില്‍ ആഴമാര്‍ന്ന രീതിയില്‍ ഈ സൂനഹദോസിന്റെ സാമൂഹ്യപ്രസക്തി അംഗീകരിക്കപ്പെട്ടിട്ടില്ല. ഒപ്പം തന്നെ തെറ്റായ ധാരണകള്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. വൈദേശിക ആധിപത്യം ഇവിടെ അടിച്ചേല്‍പ്പിച്ചു എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’ എണ്‍പത് പേജുകള്‍ മാത്രമുള്ള ഈ ചെറു ഗ്രന്ഥത്തില്‍ ഒന്‍പത് അധ്യായങ്ങളുണ്ട്. കൂടാതെ സൂനഹദോസിനെ കുറിച്ച് പഠിക്കാന്‍ സഹായകരമാകുന്ന അന്യഭാഷാ ഗ്രന്ഥങ്ങളുടേയും മലയാള പുസ്തകങ്ങളുടേയും വിവരങ്ങള്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.
ഉദയംപേരൂര്‍ സുനഹദോസിന്റെ ചരിത്രശാസ്ത്രം, ഉദയംപേരൂര്‍ സൂനഹദോസിന്റെ കാര്യക്രമം, പതിനാറാം നൂറ്റാണ്ടിലെ കേരളസഭ ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളില്‍, ട്രെന്റ് സൂനഹദോസില്നിന്ന് ഉദയംപേരൂര്‍ സൂനഹദോസിലേക്കുള്ള വഴികള്‍, ഉദയംപേരൂര്‍ സൂനഹദോസിന്റെ സഭാസംബന്ധിയായ പ്രത്യാഘാതങ്ങള്‍, ഉദയംപേരൂര്‍ സൂനഹദോസിന്റെ സാമൂഹിക-സാംസ്കാരിക പ്രത്യാഘാതങ്ങള്‍, ഉദയംപേരൂര്‍ സൂനഹദോസില്നിന്ന് കുനന്കുരിശിന്റെ വഴികളിലേക്ക്, ഉദയംപേരൂര്‍ സൂനഹദോസും നെസ്തോറിയന്‍ പാഷണ്ഡതയും, ഉദയംപേരൂര്‍ സൂനഹദോസ് സാധുവോ? എന്നിങ്ങനെയാണ് അധ്യായങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.
പുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ഉദയംപേരൂര്‍ സൂനഹദോസിന്റെ ചരിത്ര ശാസ്ത്രം വിവരിക്കുന്നുണ്ട്. 2021ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം തന്നെയാണ്.
ആദ്യ അധ്യായത്തില്‍ നിന്ന്:
സംഭവം നടന്നിട്ട് 422 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് ഇതിന്റെ നൈയാമിക വശങ്ങളും ചരിത്രവും പഠിക്കാന്‍ ശ്രമമുണ്ടായി. ഈ സൂനഹദോസിനെപ്പറ്റി ആദ്യം എഴുതപ്പെട്ട ഗ്രന്ഥം പോര്‍ട്ടുഗീസ് ഭാഷയിലാണ്. ഗുവായാ എന്ന സന്ന്യാസിയുടെ ‘ജോര്‍ണാദാ’ (1606). ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തികച്ചും പക്ഷപാതപരമായ അടി ക്കുറിപ്പുകളോടെ പയസ് മലേക്കണ്ടത്തില്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഗ്രന്ഥം ലത്തീന്‍ ഭാഷയിലാണ്; അത് 1745-ല്‍ റോമില്‍ അച്ചടിച്ചതും. 1952-ല്‍ ഗോവാക്കാരനായ അന്താവോ ജി. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ ഉദയംപേരൂര്‍ സൂനഹദോസിന്റെ നിയമസാധുത ന്യായീകരിച്ച് ഡോക്ടറല്‍ പ്രബന്ധം അവതരിപ്പിച്ചു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1958-ല്‍ കേരളത്തില്‍ നിന്നുള്ള ജോനാസ് തളിയത്ത് സൂനഹദോസ് അസാധുവാണെന്നു സമര്‍ഥിച്ചുകൊണ്ട് ഡോക്ടറല്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടുപേരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത് ഒരേ സര്‍വകലാശാലയില്‍, ഒരേ ഫാക്കല്‍റ്റിയില്‍, രണ്ടുപേരും പാസ്സാകുകയും ചെയ്തു! അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. 1975-ല്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ തന്നെ പൗരസ്ത്യവിദ്യാപീഠത്തില്‍ ഇതേ വിഷയം വീണ്ടും ഡോക്ടറല്‍ പ്രബന്ധത്തിന് വിഷയമായി, വിദേശത്തുമാത്രമല്ല, നാട്ടിലും ഈ വിഷയം പഠനവിധേയമായി. സൂനഹദോസിന്റെ ചരിത്രത്തിലൂന്നിയ പഠനമായിരുന്നു ജോണ്‍ ഓച്ചന്തുരുത്ത് കാലിക്കട്ട് സര്‍വകലാശാലയില്‍ ഡോക്ടറല്‍ പ്രബന്ധമായി സമര്‍പ്പിച്ചത്. സൂനഹോദോസ് നടന്നതിന്റെ 400-ാം വാര്‍ഷികം പ്രമാണിച്ച് ജോര്‍ജ് നെടുങ്ങാട്ട് എസ്.ജെ.എഡിറ്റ് ചെയ്ത ഗ്രന്ഥവും സൂനഹദോസിന് നേതൃത്വം കൊടുത്ത അലക്സിസ് മെനേസി സിന്റെ ചരമത്തിന്റെ 400-ാം വര്‍ഷം പ്രമാണിച്ച് ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റ് ചെയ്ത ഗ്രന്ഥവും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളുടെ തെളിവുകളാണ്. മേലുദ്ധരിച്ച ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ വിദേശ ഭാഷയിലുള്ളതാണ്. മാത്രമല്ല, ഭാരതത്തിലെ ചരിത്രഗ്രന്ഥങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും പക്ഷം പിടിച്ച് ഈ വിഷയം കൈകാര്യം ചെയ്തിട്ടുമുണ്ട്.
മലയാളഭാഷയിലെ പ്രഥമ ഗദ്യരേഖയാണ് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍. അതിനാല്‍ത്തന്നെ മലയാള ഭാഷയില്‍ ഉദയംപേരൂര്‍ സുനഹദോസ് സംബന്ധിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായത് സൂനഹദോസിന്റെ കാനോനകള്‍ പ്രസിദ്ധം ചെയ്തതാണ്. കെ.എന്‍. ഡാനിയേലും (1952) ഡോ. സ്കറിയാ സക്കറിയ (1976ല്‍ മലയാളത്തിലും 1998-ല്‍ ഇംഗ്ലീഷിലും) യുമാണ് ഇതില്‍ പ്രവര്‍ത്തിച്ചവര്‍. കെ.എന്‍ ഡാനിയേലിന്റെ കാനോനകളുടെ കുറവ് നികത്തുന്നതായിരുന്നു സക്കറിയായുടേത്. കാനോനകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് പോര്‍ട്ടുഗീസ് ഭാഷയിലാണ് (1606,ഗുവയാ അന്തോണിയോ). ആ വര്‍ഷം തന്നെ കാനോനകളുടെ ഫ്രഞ്ച് പരിഭാഷയും 1613-ല്‍ ഇറ്റാലിയന്‍ പരിഭാഷയും 1694-ല്‍ മറ്റൊരു ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. 1877-ല്‍ ജര്‍മന്‍ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.
കാനോനകളുടെ പ്രസിദ്ധീകരണങ്ങള്‍ കൂടാതെ പ്രസ്തുത സൂനഹദോസ് സംബന്ധിയായ പല പഠനങ്ങളും വെളിച്ചം കാണുകയുണ്ടായി. കേരള നവോത്ഥാന സമാരംഭം പതിനാറാം നൂറ്റാണ്ടില്‍ (ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, 2015, എഡിറ്റര്‍), ഉദയംപേരൂര്‍ സൂനഹദോസ് ചരിത്രത്തിന്റെ ശരിക്കാഴ്ച (ആന്റണി പാട്ടപ്പറമ്പില്‍ 2017, എഡിറ്റര്‍), ഉദയംപേരൂര്‍ സൂനഹദോസ് മാറ്റത്തിന്റെ മാറ്റൊലി, (ജോര്‍ജ് അറയ്ക്കല്‍ 2016), ഡോ അലക്സ് ദെ മെനേസിസും ഉദയംപേരൂര്‍ സൂനഹദോസും (ഫാ. ജോണ്‍ പള്ളത്ത് ), The Trimph and Tragedy of the Synod of Diamper : The Story of Christianity in Malabar (കെ.എക്സ്. എം. ജോണ്‍), Synod of Diamper AD1959:Its Historical backdrop, Impact and Contributions to the Church and the Kerala Society(ഫാ. പീറ്റര്‍ കണ്ണമ്പുഴ) എന്നിങ്ങനെ നീളുന്നു പട്ടിക.
ഗോവ ആര്‍ച്ച്ബിഷപ് ഡോ. അലക്സിസ് മെനെസിസ് മുന്‍കൈയെടുത്തു വിളിച്ചുചേര്‍ത്ത അങ്കമാലി രൂപതയുടെ മതമഹാസമ്മേളനമാണ് 1599-ലെ മഹിതമായ ഉദയംപേരൂര്‍ സൂനഹദോസ്. കേരളത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ഭിന്നമേഖലകളില്‍ സൂനഹദോസ് സംഭവിപ്പിച്ച ചലനപ്രതിചലനങ്ങള്‍ ചരിത്രസത്യങ്ങള്‍ തന്നെയാണ്. ഉദയംപേരൂര്‍ സൂനഹദോസിന്റെ ചരിത്രം ശാസ്ത്രീയരീതിയില്‍ അപഗ്രഥനവിധേയമാക്കുന്ന ഈ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് അയിന് പബ്ലിക്കേഷനാണ്.