കണ്ണൂര്‍ : മോണ്‍. ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ രൂപത സഹായ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക ഇടവകയില്‍ കുറുപ്പശ്ശേരി സ്റ്റാന്‍ലി – ഷേര്‍ളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിനാണ് ജനനം.
മാള്‍ട്ടയിലെ അപ്പസ്തോലിക്ക് ന്യുണ്‍ഷ്വേച്ചറില്‍ ഫസ്റ്റ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയായിരുന്നു.
ആഫ്രിക്കയിലെ ബുറുണ്ടി ,ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലന്ഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി, കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് -ഇന്‍- ചാര്‍ജ്, പുല്ലൂറ്റ് സെന്റ് ആന്റണീസ് പള്ളി വികാരി, കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമില്‍ നിന്ന് സഭാ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
അപ്പര്‍ പ്രൈമറി പഠനത്തിനു ശേഷം എറണാകുളം സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളില്‍ ഹൈസ്കൂള്‍ പഠനം നടത്തി. തുടര്‍ന്ന് കളമശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ താമസിച്ച് കളശേരി സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി.ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍.
1991 ഡിസംബര്‍ 23 ന് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലില്‍ നിന്ന് വൈദീകപട്ടം സ്വീകരിച്ചു.
കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി- അധ്യക്ഷനും കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനും ഇപ്പോള്‍ കോഴിക്കോട് രൂപത മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപ്പറമ്പില്‍, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി രൂപതയിലെ വൈദികരും സന്ന്യസ്തരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നിയുക്ത സഹായമെത്രാനെ അപ്പോസ്തോലിക അടയാളമായ മോതിരവും കുരിശുമാലയും ചെമപ്പ് ഷാളും ക്യാപ്പും ബിഷപ്പുമാര്‍ ചേര്‍ന്ന് അണിയിച്ചു.