ഡല്‍ഹി: ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകമാണ് നടപടി. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശിൽ ഇനി സൈനിക ഭരണം നിലവിൽ വരും. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സൈനിക ഭരണമല്ല ബംഗ്ലാദേശിന് ആവശ്യമെന്നാണ് വിദ്യാർത്ഥി പ്രക്ഷോഭകരുടെ നിലപാട്.
ഒരു ഇടക്കാല സർക്കാർ ചുമതലയേൽക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാനാണ് അറിയിച്ചത്. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.