തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി നൽകി. കാസർകോട്, തൃശൂർ, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലർട്ട് നാളെ രാവിലെ 10 മണി വരെ ഉണ്ടാകും . മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ അംഗൻവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.