ലൂയിസ് തണ്ണിക്കോട്
ലത്തീൻ കത്തോലിക്ക സമുദായത്തിലെ അൽമായ നേതാക്കളിൽ ശ്രദ്ധേയനായ ആൻറണി എം അമ്പാട്ട് എൺപതിന്റെ നിറവിൽ.
സമുദായത്തെ ശ്രേണി ബദ്ധമായി ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അമ്പാട്ട് .
1944 ഓഗസ്റ്റ് ഒന്നിന് ചേന്നൂരിൽ ജനിച്ച അമ്പാട്ട്,ചേന്നൂർ വികാരിയായിരുന്ന മോൺ : മൈക്കിൾ പനക്കൽ ഇടവക വികാരി ആയിരിക്കുമ്പോഴാണ് സമുദായ പ്രവർത്തനത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്.
1967 എറണാകുളത്ത് ചേർന്ന് പ്രഥമ കെ എൽ സി എ രൂപീകരണയോഗത്തിൽ പങ്കെടുത്ത അമ്പാട്ട്, 1974 കെസിവൈഎമ്മിന്റെ പ്രഥമ വരാപ്പുഴ അതിരൂപത പ്രസിഡണ്ടായി.1978- മന്നാനത്ത് ചേർന്ന കെസിവൈഎം യോഗത്തിൽ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി അമ്പാട്ടിനെ തിരഞ്ഞെടുത്തു.
കേരള ലത്തീൻ സഭയിലും ,വിശിഷ്യാ വരാപ്പുഴ അതിരൂപതയിലും, ആത്മായ ശാക്തികരണത്തിന്ന് അഡ്വ : സി വി ആന്റണിക്കൊപ്പം രണ്ടാം വത്തിക്കാൻ കൗൺസിൽ, ഒപ്പം, കുടുംബയൂണിറ്റുകളുടെ സ്ഥാപനത്തിന് നേതൃത്വം നൽകി.
കെ ആർ എൽ സി സി യുടെ സെക്രട്ടറിയായി മൂന്നുവർഷം സേവനം ചെയ്ത അമ്പാട്ട്, 9 വർഷം കെഎൽസി എ സംസ്ഥാന ജന: സെക്രട്ടറിയായും, രണ്ടുവർഷം വരാപ്പുഴ അതിരൂപത പ്രസിഡൻറും ആയിരുന്നു .
എ ഐ സി യു വൈസ് പ്രസിഡണ്ട്, സിബിസിഐ സിസിഐ തുടങ്ങിയവയുടെ ഉപദേശക സമിതി അംഗം, സി എസ് എസ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
കാത്തലിക് ഫോറത്തിന്റെയും ഫാ : ഫിർമൂസ് ഫൗണ്ടേഷന്റെയും സ്ഥാപക പ്രസിഡണ്ട് ആയിരുന്നു.കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെ എൽ സി എച്ച് എ ) ജനറൽ സെക്രട്ടറിയായി പത്തുവർഷവും, വരാപ്പുഴ അതിരൂപത ലൈയ്റ്റി കമ്മീഷന്റെ ചെയർമാനായി അഞ്ച് വർഷവും സേവനം ചെയ്തു.
കേരളത്തിലെ പൊതുമേഖല ഓഫീസർമാരുടെ സംസ്ഥാനതല സംഘടനയുടെ മുഖപത്രം കേരള ഫ്ലാഷ് ൻ്റെ സ്ഥാപക ചീഫ് എഡിറ്ററും, ജീവദീപ്തി മാസിക,
ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഇന്നത്തെ മുഖപത്രമായ ജീവനാദം വാരിക തുടങ്ങിയവയുടെ പത്രാധിപ സമിതി അംഗവുമായിരുന്ന അമ്പാട്ട്,
ആലുവ കാർമൽ ഗിരി സെമിനാരിയുടെ വിസിറ്റിംഗ് ഫാൽക്കറ്റിയായും സേവനം ചെയ്തു.
പരിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിലും, അതിനോട് അനുബന്ധിച്ച് കളമശ്ശേരിയിൽ നടന്ന വിശുദ്ധ ബലിയിലും വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷത്തിലും അമ്പാട്ടിന്റെ നേതൃത്വ സാന്നിധ്യം സജീവമായിരുന്നു.
അല്മായ നേതൃത്വത്തിന്റെ വിവിധ തലങ്ങളിൽ അഡ്വ: ആൻറണി അമ്പാട്ടിൻ്റെ സാന്നിധ്യവും ചിന്തകളും പ്രവർത്തന ശൈലികളും ലത്തീൻ സമുദായത്തിന് ഒരു മുതൽക്കൂട്ടായിമാറി .
പിന്നോക്ക സമുദായങ്ങളുടെ “മാഗ്നകാർട്ടയായ ” മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യവുമായി ഒരുലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുമായി ഡൽഹിയിലെ അധികാര കേന്ദ്രത്തിലേക്ക് യാത്ര ചെയ്ത സംഘത്തിൻറെ നായകരിൽ ഒരാളായിരുന്നു അമ്പാട്ട്.
1980കളുടെ ആദ്യം കേരളത്തിൽ കുടുംബയോഗങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് “കുടുംബയോഗങ്ങൾ” എന്ന വിഷയത്തിൽ കേരളത്തിലെ അല്മായ നേതാക്കൾക്കായി ആദ്യമായി ബാംഗ്ലൂർ എൻ ബി സി എൽ സി യിൽ നടത്തിയ 10 ദിവസത്തെ സെമിനാറിന് അമ്പാട്ട് പങ്കാളിയും പരിശീലകനും ആയിരുന്നു.
അമ്പാട്ടിന്റെ പ്രഭാഷണങ്ങൾക്കിടയിൽ അദ്ദേഹം ആവർത്തിക്കുന്ന പല സന്ദേശങ്ങളിൽ ഒന്നിതാണ്.
” ഒരു പുത്തൻ സംവാദം സമുദായത്തിലും സഭയിലും ഉരുത്തിരിയണം . പുത്തൻ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകണം. പുത്തൻ ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം. ചോദ്യങ്ങൾ അപ്പോൾ പുത്തൻ ഉത്തരങ്ങളെ പ്രസവിക്കും. “
സഭയെയും സമുദായത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ എന്നും ജാഗ്രത പുലർത്തുകയും ത്യാഗ മനോഭാവത്തോടെ മുൻപന്തിയിൽ നിൽക്കുകയും ചെയ്തിട്ടുള്ള അഡ്വക്കറ്റ് ആൻറണി എം അമ്പാട്ടിന്റെ സേവനങ്ങൾക്ക് അർഹമായ അംഗീകാരം
വന്നുചേർന്നിട്ടുണ്ടോ എന്നതും ഒരു ചോദ്യം തന്നെ.!ഇടപ്പള്ളിയിലെ അമ്പാട്ട് വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ
ആൻറണി എം അമ്പാട്ടിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു .