ബത്തേരി : പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു വരെ വയനാട്ടില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത് 8,304 പേരെ. ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കായി എട്ട് ക്യാമ്പുകളാണ് ആരംഭിച്ചത്.
എല്ലാ ക്യാമ്പിലുമായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും 1,884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷിച്ചതായും കലക്ടര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.