ജെക്കോബി
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്‍പിളര്‍ക്കുന്ന നിലവിളികള്‍ക്കും ആര്‍ത്തവിഹ്വലതകള്‍ക്കുമിടയില്‍ ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്‍ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
പുലര്‍ച്ചെ നാലു മണിക്കൂറിന്റെ ഇടവേളയിലുണ്ടായ മൂന്ന് ഉരുള്‍പൊട്ടലുകളില്‍ കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ വയനാട് മേപ്പാടിയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും അട്ടമലയിലും ഉറങ്ങിക്കിടന്ന മനുഷ്യര്‍ അവരുടെ പാര്പ്പിടങ്ങളോടൊപ്പം അപ്രത്യക്ഷരായി. അന്‍പതടിയോളം ആഴമുണ്ടായിരുന്ന പുഴയില്‍ കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും ചെമ്മണ്ണും ചളിയും വന്നടിയുകയും പുഴ ഗതിമാറിയൊഴുകുകയും ചെയ്തത് ഒട്ടേറെ ജീവനുകളെടുത്തുകൊണ്ടാണ്. ആറു കിലോമീറ്ററോളം ഭാഗത്തെ ആവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും റോഡും അങ്ങാടിയും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം കാര്‍ന്നെടുത്ത ഉരുള്പ്രവാഹത്തില് അകപ്പെട്ടവരില്‍ പലരും ആഴത്തില്‍ പുതഞ്ഞുകിടക്കുകയാണ്; കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഉള്‍പ്പെടെ ഒട്ടേറെ മൃതദേഹങ്ങളും ഛിന്നഭിന്നമായ ശരീരഭാഗങ്ങളും ചാലിയാര്‍ പുഴയിലൂടെ ഒഴുകി കിലോമീറ്ററുകള്‍ അകലെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലില്‍ കുനിപ്പാല, ഇരുട്ടികുത്തി, അമ്പുട്ടാന്‍പൊട്ടി, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപാലം കടവുകള്‍ വരെയെത്തി.
ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിന്റെ – പെരിയാറിലെ ‘തൊണ്ണൂറ്റൊമ്പതിലെ’ വെള്ളപ്പൊക്കത്തിന്റെ (കൊല്ലവര്‍ഷം 1099, 1924 ജൂലൈ-ഓഗസ്റ്റ്) നൂറാം വാര്‍ഷികത്തില്‍ നമ്മുടെ നാട് ഏറ്റവും വേദനാജനകമായ മറ്റൊരു കാലാവസ്ഥാ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്ക്കുകയാണിന്ന്. ഉറ്റവരെയും ജീവിതത്തില്‍ സ്വരുക്കൂട്ടിയതൊക്കെയും ഒറ്റരാത്രി കൊണ്ട് നഷ്ടപ്പെടുകയും ശരീരത്തെയും മനസിനെയും ആത്മാവിനെയും ഉലയ്ക്കുകയും ഞെരുക്കുകയും ചെയ്യുന്ന ആഘാതങ്ങള്‍ ഏറ്റുവാങ്ങുകയും ഇരുളിനും പ്രത്യാശയ്ക്കുമിടയിലുള്ള തീരാവ്യാകുലതകളില് ഉരുകിപ്പിടയുകയും ചെയ്യുന്ന, വയനാട്ടിലെ ദുരന്തഭൂമിയിലെ സഹോദരങ്ങളെയും, പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതനിവാരണത്തിലും ധീരസാഹസിക ദൗത്യനിര്‍വഹണത്തിലും ജീവകാരുണ്യശുശ്രൂഷയിലും മുഴുകിയിട്ടുള്ള മനുഷ്യസ്നേഹികളെയും നമുക്കു ഹൃദയത്തിലേറ്റാം.
2019 ഓഗസ്റ്റില്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തയാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ മാപ്പില്‍ വയനാട്ടിലെ 58.52 ശതമാനം സ്ഥലങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്പുഴ പ്രദേശങ്ങള്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ള അതീവ പരിസ്ഥിതിലോല മേഖലയാണ്. തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ മേഘങ്ങളുടെ കട്ടി കൂടിയതും ചക്രവാതച്ചുഴിയുമാണ് 2019-ലെ കനത്തമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണമായി കണ്ടെത്തിയത്. അതിതീവ്ര മഴയ്ക്കും മേഘ വിസ്ഫോടനത്തിനും ഇടയാക്കിയ അതേ സാഹചര്യമാണ് മേപ്പാടിയിലെ ഉരുള്‍പൊട്ടലിലും കാണുന്നത്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമര്‍ദപാത്തി കാരണം വടക്കന്‍ കേരളത്തില്‍ ഒരാഴ്ച ലഭിക്കേണ്ട മഴയെക്കാള്‍ 70 ശതമാനം വരെ അധികമഴ പെയ്തു. രണ്ടുമൂന്നു മണിക്കൂര്‍ കൊണ്ട് 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്തിറങ്ങുന്ന മീസോസ് സ്കെയില്‍ മിനി ക്ലൗഡ് ബേസ്റ്റ് എന്ന പ്രതിഭാസവും ഇതോടൊപ്പമുണ്ടായി.
ഉരുള്‍പൊട്ടലിനു മുന്‍പ് മേപ്പാടിയില്‍ ഓറഞ്ച് അലര്ട്ടാണുണ്ടായിരുന്നത്. 64 മുതല്‍ 204 മില്ലിമീറ്റര്‍ വരെ മഴ പെയ്യും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ആദ്യത്തെ 24 മണിക്കൂര്‍ 200 മില്ലിമീറ്ററും തുടര്‍ന്ന് 372 മില്ലിമീറ്ററും മഴ പെയ്തു. 48 മണിക്കൂറില്‍ 572 മില്ലിമീറ്റര്‍ മഴയുണ്ടായി. മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി, ബാണാസുര കണ്ട്രോള് ഷാഫ്റ്റ്, നിരവില്‍പുഴ, പുത്തുമല, പെരിയ അയനിക്കല്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറില്‍ 300 മില്ലിമീറ്ററിനു മുകളില്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ തേറ്റമലയിലെ മഴമാപിനിയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴ കാണിച്ചു. അഞ്ചു ദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് തേറ്റമലയില്‍ പെയ്തത്.
തീവ്രമഴയെ തുടര്‍ന്ന് മുണ്ടക്കൈ ഭാഗത്തായിരുന്നു ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. മലവെള്ളപ്പാച്ചിലില്‍ ചൂരല്‍മല-മുണ്ടക്കൈ പാലവും റോഡും ഒലിച്ചുപോയി. രണ്ടു വാര്‍ഡുകളിലായി മൂവായിരത്തോളം ജനങ്ങള്‍ ഉള്ള മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ബംഗ്ലാവിലും ഒരു റിസോര്‍ട്ടിലുമായി 250 പേര് അഭയം പ്രാപിച്ചിരുന്നു. തേയിലത്തോട്ടത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഒന്‍പത് പാടികള്‍ അപ്പാടെ ഒലിച്ചുപോയതായി പറയുന്നുണ്ട്. വനത്തിനുള്ളില്‍ ആദിവാസി ഊരുകളിലും ജീവഹാനിയുണ്ടായി. താത്കാലിക ബെയ്ലി പാലം ഉറപ്പിക്കാന്‍ ബെംഗളൂരുവില്‍ നിന്ന് ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് വരുന്നുണ്ടായിരുന്നു. ഇതിനിടെ വടം കെട്ടി അക്കരെ നിന്ന് ഓരോരുത്തരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായി 13 മണിക്കൂര്‍ കഴിഞ്ഞാണ് ദുരന്ത നിവാരണ സേനയ്ക്കും കരസേനാംഗങ്ങള്‍ക്കും പുഴ കടക്കാനായത്. മൂടല്‍മഞ്ഞും ഇരുളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കെ, വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും വൈകുന്നേരം അക്കരെ ഇറങ്ങി പരുക്കേറ്റവരെ സുല്‍ത്താന്‍ ബത്തേരി ആശുപത്രിയിലേക്കു മാറ്റാന്‍ തുടങ്ങി.
ചൂരല്‍മലയില്‍ 150 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. പത്തു വീടുകളുടെ തറകള്‍ മാത്രമാണ് അവശേഷിച്ചത്. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകിയപ്പോള്‍ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് പുഴയായി മാറി, സ്കൂളിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ചൂരല്‍മലയില്‍ കടകളും അമ്പലവും പള്ളിയും സ്ഥാപനങ്ങളും മറ്റും ഒലിച്ചുപോയി. മുണ്ടക്കൈയില്‍ പത്തു വീടുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ചിലര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ ഇനിയും ദിവസങ്ങളെടുക്കും.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മേപ്പാടി ദുരന്തത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര സഹായത്തിനായി ഇടപെട്ടു. കണ്ണൂരിലെ ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍ സെന്ററില്‍ നിന്ന് രണ്ട് ഹ്യുമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ് (എച്ച്എഡിആര്‍) കോളം, കോഴിക്കോട് 112 ടിഎ ബറ്റാലിയനിലെ രണ്ട് എച്ച്എഡിആര്‍ ടീം, ഒരു മെഡിക്കല്‍ ടീം, ആര്‍മി കണ്ട്രോള് സെന്റര്‍, ദേശീയ ദുരന്തപ്രതികരണ സേന, നാവികസേനയുടെ ഐഎന്‍എസ് സാമൊരിന് റിവര്‍ ക്രോസിങ് ടീം എന്നിവ കേരള പൊലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നു. ബെംഗളൂരുവില്‍ നിന്നും ഡല്‍ഹി കന്റോണ്മെന്റില് നിന്നുമായി 110 അടി മുതല്‍ 690 അടി വരെ നീളമുള്ള അഞ്ച് ബെയ്ലി പാലങ്ങള്‍ ആര്‍മി മേപ്പാടിയില്‍ എത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തെ 91 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ രണ്ടു കോളം ഊഴം കാത്തുനില്‍പ്പുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദുരന്തം രാജ്യാന്തര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കെ, ഇക്കുറി മോദി ഗവണ്മെന്റിനെ ആരും പഴിക്കാനിടയില്ല. 2017 നവംബറിലെ ഓഖി ചുഴലിക്കാറ്റു തൊട്ട് 2018-ലെ മഹാപ്രളയവും കൊവിഡ് മഹാമാരിയും കടന്ന് ഓരോ വര്‍ഷവും തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങളുടെ പരമ്പര തന്നെ കൈകാര്യം ചെയ്ത അസാധാരണ റെക്കോര്‍ഡ് സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് പതിവുപോലെ ദുരിതാശ്വാസത്തിന് ലോക മലയാളികളുടെ പിന്തുണയും സഹായവും അഭ്യര്‍ഥിച്ച് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കേരളത്തിന് അഞ്ചു കോടിയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചതിനു പുറമെ തമിഴ്നാട്ടില്‍ നിന്ന് രണ്ടു മലയാളി ഐഎഎസ് ഉദ്യോഗസ്ഥരെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും രക്ഷാപ്രവര്ത്തരുടെയും പ്രത്യേക സംഘത്തോടൊപ്പം വയനാട്ടിലേക്ക് അയച്ചത് ഏവരുടെയും ഹൃദയം കവര്‍ന്നു.
രാജ്യത്ത് 2015-2022 കാലയളവില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ (59.2 ശതമാനം) ഉണ്ടായ സംസ്ഥാനം കേരളമാണ്. ആലപ്പുഴ തീരപ്രദേശം ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്ന് സംസ്ഥാന ദുരിത മാനേജ്മെന്റ് അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.75 ശതമാനം വരുന്ന മലയോര ഭൂപ്രദേശം (1848 ചതുരശ്ര കിലോമീറ്റര്‍) ശക്തമായ മണ്ണിടിച്ചിലിനു സാധ്യതയുള്ള മേഖലയായി കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ എട്ടു ശതമാനം ഭാഗം അതീവ ആഘാത മേഖലയാണ്. അതിതീവ്രമഴ മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ നേരിടാനും ദുരന്ത ലഘൂകരണത്തിനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും എന്തു ചെയ്യുന്നു എന്ന് ഇപ്പോഴത്തെ അടിയന്തര സാഹചര്യം പിന്നിടുമ്പോഴെങ്കിലും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്.
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സന്മനസുള്ളവരെല്ലാം കഴിയുന്നതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ബത്തേരിയിലെ രക്തബാങ്കിനു മുന്പില് രക്തദാനത്തിന് എത്തിയവരുടെ നീണ്ട നിരയും, രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തബാധിതര്‍ക്കും ഭക്ഷണവും കുടിനീരും വസ്ത്രങ്ങളുമെത്തിക്കാന് സ്വയം സന്നദ്ധരായി എത്തുന്നവരും മനുഷ്യത്വത്തിന്റെയും നന്മയുടെയും പ്രതിരൂപങ്ങളാണ്. വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന മൂവായിരത്തോളം ആളുകള്‍ക്കും ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്കും ദുരന്തഭൂമിയില്‍ കുടുങ്ങികിടക്കുന്നവര്ക്കും നമ്മുടെ സഹായം ആവശ്യമുണ്ട്. വസ്ത്രങ്ങള്‍, പുതപ്പുകള്‍, ബിസ്കറ്റ്, റെസ്ക്, ഭക്ഷ്യസാധനങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍, സാനിറ്ററി പാഡ്, ഫസ്റ്റ് എയ്ഡ് കിറ്റ്, ടവല്‍, ടോര്‍ച്ച്, ശുചിത്വസാമഗ്രികള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കണം.
പ്രാദേശിക ഭരണസംവിധാനങ്ങളോടും കോഴിക്കോട് രൂപതയോടും ചേര്‍ന്നുനിന്നുകൊണ്ട് ദുരിതബാധിതര്‍ക്കായി സാധ്യമായ എല്ലാ സഹായസഹകരണവും നല്കുവാന് എല്ലാവരും തയാറാകണമെന്ന കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ ആഹ്വാനം ഹൃദയങ്ങളെ ഉദ്ദീപ്തമാക്കട്ടെ. ഉരുള്‍ പിളര്‍ത്തിയ നാടിനും തുണയറ്റ മനുഷ്യര്‍ക്കും പ്രത്യാശ പകരുന്ന നന്മയുടെ നീര്‍ച്ചാലുകള്‍ ഒഴുകട്ടെ.