തൃശൂര്: കനത്ത മഴയിൽ മുങ്ങി തൃശൂർ ജില്ല. വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. അതിരപ്പള്ളി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
വടക്കാഞ്ചേരിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതലായി വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലാണ്.
കനത്ത മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം മുങ്ങി. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്കൂൾ ഗ്രൗണ്ട്, മാരാത്ത് കുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലംകുണ്ട് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
അതിരപ്പിള്ളി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചേലക്കരയിൽ വെള്ളക്കെട്ടിൽ റോഡുകൾ വെള്ളത്തിനടിയിലായി. വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായിട്ടുണ്ട്. മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരിയും മകൾ ജ്ഞാനപ്രിയയുമാണ് മരിച്ചത്.
ഇന്നലെ രാത്രി നടന്ന അപകടം പുലർച്ചെയാണ് പുറത്തറിഞ്ഞത്. ജില്ലയിൽ പ്രധാന ഡാമുകളായ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നിവിടങ്ങളിൽ നിന്നും വെള്ളം കരകവിഞ്ഞ് ഒഴുകുന്നുണ്ട്. പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 150 സെന്റിമീറ്റർ വീതം തുറന്നു.
മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 70 സെന്റിമീറ്റർ വീതം തുറന്നു. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാല് ഷട്ടറുകൾ 6 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ലൂയിസ് ഗേറ്റും തുറന്നിട്ടുണ്ട്. ഇത്കൂടാതെ തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്തിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാർ ഡാം തുറന്ന് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാവരോടും ക്യാമ്പിലേക്ക് മാറാൻ നിർദേശം നൽകി.