ന്യൂഡൽഹി: ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ ജനതയ്ക്കുമേൽ നടത്തുന്നത് വംശഹത്യയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ പ്രസംഗിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളോട് സമൂഹമാധ്യമമായ എക്സിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഫലസ്തീനുമേൽ കാടത്തം കാട്ടുന്നത് ഇസ്രായേലാണ്. അതിനെ പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. അമേരിക്കൻ കോൺഗ്രസിൽ ഇസ്റാഈൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം ലഭിച്ചത് നിരാശാജനകമായ കാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു.
അതേസമയം, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞു. മുഴുവൻ ബന്ദികളെയും വീട്ടിലെത്തിക്കാനും ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകാനും നമുക്ക് വെടിനിർത്തൽ എത്രയും വേഗം പൂർത്തിയാക്കണം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കമാലാ ഹാരിസ് നിലപാട് വ്യക്തമാക്കിയത്.