ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നാണ് മമതയുടെ ആരോപണം. ഇന്ത്യാ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചിരുന്നു. ബി ജെ പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നുമാണ് ആരോപണം.
അഭിപ്രായം ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ബഹിഷ്കരണം. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് താന്‍ പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഞാന്‍ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.