കണ്ണൂർ: ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസ സഭാംഗം സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ 67ാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
യേശുവിന്റെ കുരിശും സഹനവുമെല്ലാം ഹൃദയത്തിൽ സ്വീകരിച്ച് സഹനത്തിന്റെ ദാസിയായി സിസ്റ്റർ മരിയ സെലിൻ മാറിയിരുന്നു. ചെറുപ്രായത്തിൽ തന്നെ കഷ്ടതകൾ വന്നപ്പോൾ യേശുവിന്റെ കുരിശിനെയാണ് സിസ്റ്റർ കൂട്ടുപിടിച്ചിരുന്നത്. എന്ത് പ്രയാസം വന്നാലും കർത്താവിനെ ആശ്രയിച്ച് ജീവിക്കും എന്നായിരുന്നു സിസ്റ്റർ ദൃഢപ്രതിജ്ഞയെടുത്തത്.
26 വർഷത്തെ തന്റെ ഹ്രസ്വജീവിതം കൊണ്ട് സമർപ്പിത ജീവിതം അതിന്റെ പൂർണതയിലെത്തിച്ച് സ്വർഗം സ്വന്തമാക്കാൻ സിസ്റ്റർ മരിയ സെലിന് കഴിഞ്ഞെന്നും ബിഷപ് പറഞ്ഞു. സിസ്റ്റർ മരിയ സെലിനെ പോലെ ജീവിതത്തിൽ എന്ത് പ്രതിസന്ധി വരുമ്പോഴും ഈശോയുടെ കുരിശിനെ മുറുകെ പിടിക്കണമെന്നും ബിഷപ് പറഞ്ഞു. ആർച്ച് ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.
മെത്രാഭിഷേകത്തിന്റെ പത്ത് വർഷം പൂർത്തിയാക്കിയ ബിഷപ് ഡോ. അലക്സ് വടക്കുംതലയെ ഉർസുലൈൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വീണ പാണങ്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. സിസ്റ്റർ സാലി ഉപഹാരം നൽകി. ഉർസുലൈൻ ചിറക്കൽ മിഷന്റെ സ്ഥാപകപിതാവ് ഫാ. പീറ്റർ കയ്റോണിയുടെ ജീവിതം ആസ്പദമാക്കി സിസ്റ്റർ ഒട്ടാവിയ എഴുതിയ ഒരു സ്വപ്ന സാക്ഷാത്കാരം എന്ന പുസ്തകം ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രകാശനം ചെയ്തു. ആതുര സേവനത്തിന്റെ 55 വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റർ ഡോ. ഫെർണാണ്ടയെ ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. സിസ്റ്റർ അനീഷ ഉപഹാരം നൽകി.