കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ, അപൂർവങ്ങളിൽ അപൂർവമായ ട്യൂമർ ശ്വാസനാളിയിൽ നിന്നും നീക്കം ചെയ്തു.
തുടർച്ചയായ ചുമയത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 39 വയസ്സുള്ള യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസനാളത്തിൻ്റെ അടിഭാഗത്തായി ശ്വാസനാളത്തെ രണ്ടായി വിഭജിക്കുന്ന ട്രാക്ക്യൽ
കരീനയിൽ ആണ് കാൻസറസ് ട്യൂമർ കണ്ടെത്തിയത്. ശ്വാസനാളത്തിന്റെ താഴത്തെ അറ്റം മുറിച്ചു മാറ്റേണ്ട അവസ്ഥയും ആഴത്തിലെ സ്ഥാനവും ശസ്ത്രക്രിയയെ സങ്കീർണമാക്കി.
കാർഡിയാക് സർജറിക്ക് ഉപയോഗിക്കുന്ന ഹാർട്ട് ലെങ് മെഷീൻ ഉപയോഗിച്ച് ശരീരത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്തുകൊണ്ട് ശ്വാസനാളം പുന സൃഷ്ടിച്ചുകൊണ്ടാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. അസുഖത്തിൽ നിന്നും പൂർണമായി വിമുക്തയായ യുവതി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ലൂർദ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. കെ. കെ പ്രദീപ് , കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. കെ. എ. കോശി, ഡോ. ടോം തോമസ്, ജനറൽ സർജൻ ഡോ. സന്തോഷ് ജോൺ എബ്രഹാം, ഫിസിഷ്യൻ അസിസ്റ്റന്റ് ബെയ്സിൽ ടി. വർഗ്ഗീസ്, പെർഫ്യൂഷണിസ്റ്റ് ജിതിൻ ആന്റണി, കൺസൾട്ടന്റ് പൾമനോളജിസ്റ്റുകളായ ഡോ. അമിത് പി. ജോസ് ഡോ. അമൃത പീറ്റർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.