കൊച്ചി: ആ വീട്ടിലെ അന്നത്തെ തിരക്കു കണ്ടപ്പോള്‍ കല്യാണം വല്ലതും നടക്കുന്നുണ്ടോ എന്ന് നാട്ടുകാര്‍ സംശയിച്ചുകാണും. പശ്ചിമകൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് അത്തിപ്പൊഴി റോഡിലെ ആനന്ദശേരി തറവാട്ടിലായിരുന്നു ആഹ്ളാദകരമായ ആ കൂടിച്ചേരല്‍. ഏകദേശം മുന്നൂറോളം പേരാണ് 150 വര്‍ഷത്തോളം പഴക്കമുള്ള പുരാതന തറവാട്ടിലേക്ക് എത്തിയത്. പഴയ വീടുകള്‍ പൊളിച്ചു കളഞ്ഞ് പുത്തന്‍പുരകള്‍ തീര്‍ക്കുന്നവരെ വെല്ലുവിളിച്ചെന്നോണം ഉയര്‍ന്നു നില്ക്കുന്ന ആനന്ദശേരിയില്‍ ആറു തലമുറകളാണ് ഒന്നിച്ചു കൂടിയത്. അവരില്‍ പലരും പരസ്പരം അപരിചിതരായിരുന്നു. പലരും തറവാട് കാണുന്നതും ആദ്യമായിട്ട്. ഓട് മേഞ്ഞ പഴയ മാതൃകയിലുള്ള വീട് 55 സെന്റിലെ പുരയിടത്തിലാണ് പണിതിട്ടുള്ളത്.
ആനന്ദശേരി ഔസേപ്പിന്റെയും, മറിയമ്മയുടെയും പിന്മുറക്കാരാണ് കൂടിച്ചരലിന് എത്തിയവര്‍. ഈ ദമ്പതികള്‍ക്ക് 11 മക്കളായിരുന്നു. അവരുടെ മക്കളും പേരക്കുട്ടികളും, അവരുടെ മക്കളുമൊക്കെയാണ് കൗതുകം നിറഞ്ഞ മനസോടെ തറവാട്ടിലേക്കെത്തിയത്. ആദ്യതലമുറയില്‍ തന്നെ 52 പേരക്കുട്ടികളാണുള്ളത്. അടുത്ത തലമുറയില്‍ 114 പേര്. അതിനടുത്ത തലമുറയില്‍ 133 പേര്. ആറാമത്തെ തലമുറയില്‍നിന്ന് 17 പേരും. എല്ലാവരുമെത്തിയപ്പോള് വലിയ ആഘോഷത്തിനുള്ള ആളുകളായി. മുറ്റത്ത് വലിയ പന്തലൊരുക്കിയിരുന്നു. തറവാട്ടിലെ അമ്മൂമ്മ മറിയമ്മയുടെ 45-ാം ചരമവാര്‍ഷികം കൂടിയായിരുന്നു ആ ദിവസം.
ആധുനിക സുഖസൗകര്യങ്ങളുടെ കുറവുകളൊക്കെ അനുഭവിച്ച് തന്നെ തറവാട്ടിലെ അവകാശികള്‍ ഈ കാലമത്രയും കഴിഞ്ഞുപോന്നു. ആനന്ദശേരിയിലെ ഇപ്പോഴത്തെ കാരണവര്‍ ആന്‍സലും, മകന് ഷാജു അലക്സാണ്ടറും മുന്‍കൈ എടുത്ത് വീട് പുനരുദ്ധരിക്കുകയായിരുന്നു. കോണ്‍ക്രീറ്റിങ്ങിന്റെ പിറകെ പോകാതെ ഓട് മേഞ്ഞുതന്നെ വീട് പുതുക്കി. അതിനായി പാലക്കാട് നിന്ന് പഴയ ഓട് കൊണ്ടുവന്നാണ് മേല്‍ക്കൂര പാകിയത്. മരംകൊണ്ടുള്ള മച്ച് അതേപടി നിലനിര്‍ത്തി.
വീട് പുതുക്കികഴിഞ്ഞപ്പോള് ആന്സലിന് ഒരു മോഹം, തറവാട്ടിലെ എല്ലാ തലമുറകളിലും പെട്ടവരെ വിളിച്ചുകൂട്ടണം. മകന് ഷാജു അതിനായി രംഗത്തിറങ്ങി. തറവാട്ടംഗങ്ങളെല്ലാവരും പള്ളിയിലെത്തി പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് വന്നത്. എല്ലാവരും കൂടിനിന്ന് പടമെടുപ്പ്. മുതിര്‍ന്ന അംഗമായ എ.ജെ. ലൂയീസ് പാട്ടിന് തുടക്കം കുറിച്ചു. പിന്നാലെ തലമുറ വ്യത്യാസമില്ലാതെ പാട്ടുകാരെത്തി. ബന്ധങ്ങള്‍ പറഞ്ഞും ഓര്‍മകള്‍ പുതുക്കിയും മണിക്കൂറുകള്‍ അവര്‍ ഒന്നിച്ചുകൂടി. വീണ്ടും ഒത്തുകൂടാന്‍ ദൈവം അവസരം തരട്ടെ എന്ന പ്രാര്‍ഥനയോടെ ഭക്ഷണത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.