ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.
പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.ഡി.എയിലെ നിർണായക ശക്തികളായ ജെ.ഡി.യു, തെലുഗുദേശം പാർട്ടി കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമുണ്ടായേക്കും. ഇൻഡ്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരെയുള്ള നിലപാടും ഇന്ന് ചർച്ചയാകും
വമ്പന്മാർക്കുള്ള ആദായ നികുതിയിൽ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകർക്കും സാധാരണക്കാർക്കും എന്ത് നേട്ടമുണ്ടാകുമെന്ന് കണ്ടറിയണം. ഈ ബജറ്റ് അമൃതകാലത്തിന്റെ നാഴികക്കല്ലാകുമെന്നും നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.