മരട്.: കേരളത്തിലെ ക്രൈസ്തവരെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ പ്രകാരം വിദ്യാഭ്യാസം ക്ഷേമം സാമ്പത്തികം എന്നീ വിഷയങ്ങളെപ്പറ്റി പഠനം നടത്തി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ സമർപ്പിച്ചിട്ടുണ്ട്. 284 ശുപാർശകൾ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അതിനെ തുടർന്ന് സംസ്ഥാന സർക്കാർ 33 വകുപ്പുകളിലേക്കായി ഈ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് കത്ത് അയച്ചിരുന്നുവെങ്കിലും ഇപ്പോഴും തുടർനടപടികൾ ആയിട്ടില്ല. ലത്തീൻ കത്തോലിക്കാ സമുദായം കാലങ്ങളായി ഉന്നയിച്ചു വരുന്ന നിരവധി ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ 284 നിർദ്ദേശങ്ങൾ .
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ എമ്പാടും നടന്നുവരുന്ന ആയിരം യോഗങ്ങളുടെ ഭാഗമായി ജൂലൈ 28 ഞായറാഴ്ച മരട് മൂത്തേടം ദേവാലയത്തിൽ സാമുദായിക കുടുംബ സംഗമം നടത്തുന്നതിന് മുന്നോടിയായിട്ടാണ് വാഹന പ്രചരണ ജാഥ നടത്തിയത്.
കേരളത്തിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള വാഹന പ്രചരണ ജാഥ ഇടവക വികാരി ഫാ: ഷൈജു തോപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സാമുദായിക കുടുംബ സംഗമം ജനറൽ കൺവീനർ ജോയ് കാക്കര, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സിബി മാസ്റ്റർ, കുടുംബയൂണിറ്റ് കേന്ദ്ര സമിതി പ്രസിഡന്റ് സാംസൺ കളത്തിപ്പറമ്പിൽ, ട്രൗസിയൂസ് കുണ്ടേപറബിൽ, പീറ്റർ അറക്കൽ, ബിജോയ് വടക്കുംതല, അലക്സ് നടുവിലവീട്ടിൽ, ജെറിൽ വട്ടത്തറ, റോഷൻ കൂറ്റേഴ്ത്ത് മുതലായവർ നേതൃത്വം നൽകി.