അങ്കോള:ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 7-ാം ദിവസത്തിലേക്ക്. ഇന്ന് സൈന്യത്തിന്റെ ഭാഗമായുള്ള കരസേനയുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തും. ഐ.എസ്.ആർ.ഒയുടെയും എൻ.ഐ.ടിയുടെയും വിദഗ്ധ സംഘം തെരച്ചലിന് ചേരും. ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. ഗംഗാവാലി പുഴയിലും ഇന്ന് തെരച്ചിൽ ശക്തമാക്കാനാണ് തീരുമാനം.
ഇന്ന് പൂർണമായും കര-നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് തീരുമാനം. പൻവേൽ-കന്യാകുമാരി ദേശീയപാതയോട് ചേർന്നാണ് ഗംഗാവാലിയുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് വലിയതോതിൽ മണ്ണ് നദിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.
ആഴമേറിയതും ഒഴുക്കുള്ളതുമായ നദിയിൽ തുരുത്തുകൾ പോലെയുള്ള വലിയ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ഈ മൺകൂനയ്ക്കുള്ളിൽ അർജുനും ട്രക്കും ഉൾപ്പെട്ടിരിക്കാമെന്നാണ് കർണാടക സർക്കാരിന്റെ നിഗമനം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് സൈന്യം തയാറെടുക്കുന്നത്. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മൺകൂനയ്ക്കുള്ളിൽ ട്രക്കുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. ഇതിനുപുറമെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.