ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പണിമുടക്കി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍,ആരോഗ്യ സംവിധാനങ്ങള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി.
ഇന്ത്യ, ഓസ്ട്രേലിയ, ജര്‍മ്മനി, യുഎസ്, യുകെ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചതായാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ എടിഎമ്മു കളും ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇതോടെ വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് നിലനില്‍ക്കുന്നത്. വിമാനക്കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ,ചെക്ക് ഇന്‍ ,ബോര്‍ഡിങ് പാസ് ആക്സസ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്.യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു.
വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്ക് നേരിട്ട തടസമാണ് വ്യാപക പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം പരാതികളും . ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ തനിയെ റീ സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ആകുന്നതായമാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്. അതേസമയം സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്താണ് തകരാറെന്ന് സ്ഥിരീകരിച്ചിട്ടില്ല.