തിരുവനന്തപുരം: കെ റെയിലിന് (കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കെ റെയിലിന് ഇത് പുതിയ പൊന്‍തൂവലായി എന്നും മാധ്യമകുറിപ്പിൽ വ്യക്തമാക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍. അമൃത് ഭാരത് സ്റ്റേഷന് സ്കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന് എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കി മി റെയില്‍ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കല്‍ എന്നിവയുടെ നിര്‍മാണകരാർ ലഭിച്ചത് കെ-റെയില്‍ -ആര്.വി.എന്‍.എല്‍ സഖ്യത്തിനാണ്.
കേരളത്തില്‍ വിവിധയിടങ്ങളിലായി ലെവല്‍ ക്രോസുകളില്‍ 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണചുമതലയും കെ റെയിലിനാണ്. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.