മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെ ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈയിൽ തുടർച്ചയായ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചന് കുട ചൂടി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു. ചൂടുള്ള വേനൽ മാസങ്ങളിൽ നിന്ന് മഴ ആശ്വാസം നൽകുമ്പോൾത്തന്നെ നാശത്തിനും കാരണമാകുമെന്ന് കുറിപ്പിൽ പറയുന്നു.