വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തതായി നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. രോഗം സ്ഥിരീകരിച്ചതോടെ ബൈഡന് ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാൽ ജോലി തുടരുമെന്ന് ബൈഡന് വ്യക്തമാക്കി.
ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഏറെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ബൈഡന് കൊവിഡ് ബാധിച്ചത് ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ ബാധിക്കും.
പെൻസിൽവാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്. ഇപ്പോൾ ട്രംപിന് ഏറെ പിന്നിലാണ് ബൈഡൻ.