പ്രഫ. ഷാജി ജോസഫ്
Lemon Tree (Israel/106 minutes/2008)
Director: Eran Riklis
വെസ്റ്റ് ബാങ്കിലെ ഒരു ചെറിയ ഗ്രാമത്തില്‍ താമസിക്കുന്ന പലസ്തീന് വിധവയായ സല്‍മ സിദാനെ (ഹിയാം അബ്ബാസ്) ചുറ്റിപ്പറ്റിയാണ് സിനിമ. ഇസ്രായേലിന്റെയും വെസ്റ്റ് ബാങ്കിന്റെയും അതിര്‍ത്തിയിലുള്ള വിഭജനരേഖയോട് ചേര്‍ന്ന സ്വന്തം നാരകത്തോട്ടം പരിപാലിച്ചുകൊണ്ടുള്ള അവളുടെ ജീവിതം വളരെ ലളിതമാണ്. പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ആ തോട്ടം വളരെ ശ്രദ്ധയോടെ പരിപാലിക്കുന്നു. തോട്ടം ഒരു വരുമാന മാര്‍ഗ്ഗം മാത്രമല്ല, അവളുടെ പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്. മകന് അമേരിക്കയിലേക്ക് കുടിയേറിയതും പെണ്മക്കള് വിവാഹിതരായതും സല്‍മയുടെ ഒറ്റപ്പെടലിന് ആഴം കൂട്ടി.
ഒരു നാള് ഇസ്രായേലിലെ പ്രതിരോധ മന്ത്രി, ഇസ്രായേല്‍ നവോന്‍ (ഡോറണ്‍ ടവോറി) സല്‍മയുടെ തോട്ടത്തിന് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറുന്നതോടുകൂടി അവളുടെ സ്വസ്ഥതക്ക് ഭംഗം വരുന്നു. അരുമയായി പരിപാലിക്കുന്ന നാരക മരങ്ങള്‍ പൂര്‍ണ്ണമായും വെട്ടിമാറ്റണമെന്ന് ഇസ്രായേല്‍ സുരക്ഷാ സേന ആവശ്യപ്പെടുന്നു. മരങ്ങള്‍ക്കിടയില്‍ ഭീകരര്‍ക്ക് ഒളിക്കാന്‍ കഴിയും എന്നാണവരുടെ വാദം. നാരങ്ങ തോട്ടത്തെമന്ത്രിക്കും ഭാര്യയ്ക്കും സുരക്ഷാ ഭീഷണിയായി കാണുന്ന സുരക്ഷാ സേന ഉടന്‍ തന്നെ ഒരു കാവല്‍ പോസ്റ്റും തോപ്പിന് ചുറ്റും വേലിയും സ്ഥാപിച്ചു.
ഗ്രാമത്തിലെ അടുപ്പക്കാരനായ അബു കമാല്‍ (മക്രം ഖൗറി) സര്‍ക്കാരിന് വഴങ്ങാന്‍ അവളെ ഉപദേശിക്കുന്നുണ്ട്, എന്നാല്‍ സിയാദ് ദൗദ് (അലി സുലിമാന്‍) എന്ന യുവ അഭിഭാഷകന്റെ സഹായത്തോടെ സല്‍മ ഉത്തരവിനെതിരെ പോരാടാന്‍ തീരുമാനിക്കുന്നു, കേസ് ഇസ്രായേല്‍ സുപ്രീം കോടതിയിലേക്ക് എത്തുന്നു. നിയമയുദ്ധം ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
സല്‍മയും നവോണിന്റെ ഭാര്യ മീരയും (റോണ ലിപാസ്-മൈക്കല്‍) തമ്മിലുള്ള അടുപ്പം കഥയിലേക്ക് മറ്റൊരു തലം ചേര്‍ക്കുന്നു, മീര സല്‍മയുടെ ദുരവസ്ഥയില്‍ സഹതപിക്കുന്നു, ഇത് സംഘര്‍ഷത്തിന് നടുവിലെ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സൂക്ഷ്മവും എന്നാല്‍ തീവ്രവുമായ അടുപ്പത്തിലേക്ക് നയിക്കുന്നു.
സല്മയായി ഹിയാം അബ്ബാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചവെക്കുന്നത്. സ്വന്തം മണ്ണിനും സ്വാഭിമാനത്തിനും വേണ്ടി പോരാടുന്ന ഒരു സ്ത്രീയുടെ ചിത്രീകരണം സൂക്ഷ്മവും ഗഹനവുമാണ്. സൗമ്യഭാവങ്ങളോട് കൂടിയ സല്‍മയുടെ ചെറുത്തുനില്‍പ്പ് ഹിയാം അബ്ബാസ് അനായാസ്സമായി അവതരിപ്പിക്കുന്നു. അലി സുലിമാന്റെ അഡ്വക്കേറ്റ് സിയാദായുള്ള പ്രകടനം ശ്രദ്ധേയമാണ്, സല്‍മയുടെ പ്രകടനത്തിന് പൂരകമാകുന്ന ശക്തമായ ഒരു സഹകഥാപാത്രം. മറുവശത്ത് മന്ത്രിയുടെ ഭാര്യയായി വരുന്ന മിരാ നവോണ്‍ ആഖ്യാനത്തിന് ആഴം കൂട്ടുന്നു. സല്മയോടുള്ള സഹാനുഭൂതിയും ആത്മസംഘര്‍ഷവും ഫലപ്രദമായി സ്ക്രീനില്‍ അവതരിപ്പിക്കുന്നു അവര്‍.
‘ലെമണ്‍ ട്രീ’ പ്രമേയത്തിലും അതിന്റെ പ്രതീകാത്മകമായ അവതരണവും കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. നാരങ്ങാത്തോട്ടം കേവലം സല്‍മയുടെ ഉപജീവനത്തെ മാത്രമല്ല പ്രതീകപ്പെടുത്തുന്നത്; അത് അവളുടെ വേരുകള്‍, മണ്ണുമായുള്ള ബന്ധം, വ്യക്തിപരമായ ചരിത്രം എന്നിവയെ പ്രതിനിധീകരിക്കുന്നു. ചെറുത്തുനില്‍പ്പ്, പ്രതിരോധം, രാഷ്ട്രീയ തീരുമാനങ്ങള്‍ എന്നിവ സാധാരണ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ അന്വേഷണമാണ് സിനിമ. ഇസ്രായേല്‍-പലസ്തീന് സംഘട്ടനത്തിന്റെ മാനുഷികവശവും ഇത് പരിശോധിക്കുന്നു, ഇരുവശവും പങ്കിടുന്ന മാനവികതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.വ്യക്തിപരവും രാഷ്ട്രീയവുമായ സംഘട്ടനങ്ങള്‍ എങ്ങനെ ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നുവെന്ന് ചിത്രീകരിക്കുവാനാണ് സംവിധായകന്റെ ശ്രമം.
നാരങ്ങ മരങ്ങള്‍ക്കെതിരായ നിയമയുദ്ധം വലിയ സമരങ്ങളുടെ രൂപകമായി മാറുന്നു. വ്യവസ്ഥാപിതമായ തടസ്സങ്ങള്‍ക്കിടയിലും, സാംസ്കാരികവും രാഷ്ട്രീയവുമായ വിഭജനത്തിലിടയിലും തമ്മില്‍ പരസ്പരം മനസ്സിലാക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള സാധ്യതയെ റദ്ദ് ചെയ്യുന്നില്ല ഈ സിനിമ.
‘ലെമണ്‍ ട്രീ’ യുടെ ഇതിവൃത്തം ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2002 മുതല്‍ 2006 വരെ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയായിരുന്ന ഷാല്‍ മൊഫാസിന്റെ താല്പര്യാര്ത്ഥം നാരങ്ങാ മരങ്ങള്‍ പിഴുതെറിയപ്പെട്ട ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
സംവിധായകന് എറാന്‍ റിക്ലിസ് തന്റെ മുന്‍ സിനിമകളായ ‘ദി സിറിയന്‍ ബ്രൈഡ്’ ‘കപ്പ് ഫൈനല്‍’ എന്നീ ചിത്രങ്ങളിലും അറബികളും മിഡില്‍ ഈസ്റ്റിലെ ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. എറാന്‍ റിക്ലിസ് 1975 മുതല്‍ സിനിമാ ലോകത്ത് സജീവമാണ്. ഇംഗ്ലണ്ടിലെ ബീക്കണ്സ്ഫീല്ഡ് നാഷണല്‍ ഫിലിം സ്കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം, 1984-ല്‍ അദ്ദേഹം തന്റെ ആദ്യ സിനിമ നിര്‍മ്മിച്ചു, ഒരു വ്യക്തമായ ദിവസം നിങ്ങള്‍ക്ക് ഡമാസ്കസ് കാണാം’ ഇത് ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം, അദ്ദേഹം ചിത്രീകരിച്ച ‘കപ്പ് ഫൈനല്‍’ പിന്നീട് അന്താരാഷ്ട്ര നിരൂപകര്‍ പ്രശംസിക്കുകയും ബെര്‍ലിനും വെനീസുമടക്കം നിരവധി ചലച്ചിത്രമേളകളില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത രണ്ട് ശ്രമങ്ങള്‍, സിറിയന്‍ ബ്രൈഡ് (2004), ലെമണ്‍ ട്രീ (2008) എന്നിവ ഫെസ്റ്റിവലുകളില്‍ മാത്രമല്ല, ലോകമെമ്പാടും പ്രശംസ നേടിയിട്ടുണ്ട്. ലെമണ്‍ ട്രീക്ക് ബെര്‍ലിന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’ പനോരമ ഓഡിയന്‍സ് അവാര്‍ഡ്’ ലഭിച്ചു. ഏഷ്യാ പസഫിക് സ്ക്രീന്‍ അവാര്‍ഡില്‍ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് അബ്ബാസും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഏറാന്‍ റിക്ലിസും നേടി.
യൂറോപ്യന്‍ ഫിലിം അവാര്‍ഡില്‍ റിക്ലിസ് മികച്ച തിരക്കഥാകൃത്തായും, ഹിയാം അബ്ബാസ് മികച്ച നടിയായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇസ്രായേലി ഫിലിം അക്കാദമിയില്‍ ഹിയാം അബ്ബാസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഇസ്രയേലി-പലസ്തീനിയന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, വ്യക്തിപരവും രാഷ്ട്രീയവുമായ വൈരുദ്ധ്യങ്ങളുടെ സൂക്ഷ്മമായ അന്വേഷണമാണ് ഈ സിനിമ. എറാന്‍ റിക്ലിസിന്റെ സംവിധാനവും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ഒത്തു ചേരുമ്പോള്‍ പ്രേക്ഷകന് ദൃശ്യ വിരുന്ന് സമ്മാനിക്കുന്നു സിനിമ. സങ്കീര്‍ണ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംവേദനക്ഷമതയോടും ആഴത്തോടും കൂടി കൈകാര്യം ചെയ്യുന്ന സിനിമകളില്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.