കെ.ജെ. സാബു
‘എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. രാജ്യത്തുടനീളം നടക്കുന്ന വിശാലമായ പ്രക്രിയയാണിത്. പ്രമുഖ ബുദ്ധിജീവികള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, നേതാക്കള്‍ എന്നിവരെ എങ്ങനെ ജയിലിലടയ്ക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, കാരണം അവര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയോ ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തു. ഞങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തില്‍ ഈ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ നിശബ്ദ കാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്, എന്തായാലും വില നല്കാന് തയ്യാറാണ്’. ധീര രക്തസാക്ഷി ഫാ. സ്റ്റാന്‍സാമിയുടെ വാക്കുകളാണിത്. വീരന്മാരായ നമ്മള് ജൂലൈ അഞ്ചിന് അദ്ദേഹത്തെ അനുസ്മരിച്ച് പുതിയൊരു ആചാരം കൂടി സംഘടിപ്പിച്ച് തടികയ്ച്ചിലാക്കി !
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് 2022 ജനുവരിയിലാണ്. കഴിഞ്ഞ ദിവസം ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരുവാര്ത്തയുണ്ട്. മലയാള മാധ്യമങ്ങള്‍ തമസ്കരിച്ച വാര്‍ത്ത. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തി എന്നതാണത് വാര്‍ത്ത. ജൂലൈ 14ന് നടന്ന യോഗത്തിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. പ്രാര്‍ഥനക്കെത്തിയവരെ അക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.
കൂട്ടത്തിലെ കൈക്കുഞ്ഞുമായെത്തിയ യുവതിയോട് സിന്ദൂരവും താലിയും എവിടെ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ അക്രമം. കുട്ടികളെ പോലും അവര്‍ വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും കുട്ടികള്‍ക്ക് നല്കി.
അക്രമികള്‍ ഈ സംഭവത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
”അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.”അക്രമത്തെ കുറിച്ച് പ്രാര്‍ഥനാ സ്ഥലത്തുണ്ടായിരുന്ന ദീക്ഷ പോള്‍ വിവരിക്കുന്നു.
‘അക്രമി സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്ടോപ്പുകള് അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയത് ‘ അവര്‍ പറഞ്ഞു.
ദേവേന്ദ്ര ദോഭാള് എന്ന മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന അക്രമിസംഘ നേതാവ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് നാളേറെയായി. ഈ വര്‍ഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതില്‍ കൂടുതലും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ്. ജന്മദിനാഘോഷ പരിപാടികള്‍ വരെ മതപരിവര്‍ത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തര്‍ പ്രദേശിലാണ് ഇത്തരത്തില്‍ കൂടുതല്‍ വ്യാജ കേസെടുത്തത്. യു.പിയില്‍ ഭരണകൂടം സ്പോണ്സര് ചെയ്ത നടപടികളാണ് അരങ്ങേറുന്നത്.
ഛത്തീസ്ഗഢില്‍ കുടിവെള്ളം പോലും ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകള്‍ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ അത്യാവശ്യം സുരക്ഷിതരായിക്കഴിയുന്ന കേരളത്തിലിരുന്ന് മോദി ഭരണത്തിന് സ്തുതിപാടുന്നവര്‍ തങ്ങളുടെ തലയ്ക്കുമീതെ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാള് കാണുന്നില്ല.
രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും കയ്യില്‍നിന്നും പോകുമെന്ന ഭീതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുപോയെങ്കിലും മരുന്നിനെങ്കിലും ഒരു ഹിന്ദുത്വ വാദിയെ തിരഞ്ഞെടുത്തു പാര്‍ലമെന്റിലേക്ക് അയച്ചതില്‍ തൃശൂരിലെ ക്രിസ്ത്യാനികള്‍ വഹിച്ച പങ്ക് ചെറുതല്ല. മാതാവിന്റെ നെറുകയില്‍ സ്വര്‍ണ്ണ കിരീടം ചൂടിക്കുമ്പോള്‍ ആനന്ദിക്കുന്ന നിഷ്കളങ്കര്‍ മാതാവിന്റെ ഹൃദയം പിളര്‍ക്കുന്ന വാളാണ് ആ കിരീടമെന്ന് അറിയുന്നില്ല. നിഷ്കളങ്കത വളരെ നല്ലൊരു മനോഗുണമാണ്. എന്നാല്‍ വിശുദ്ധ ബൈബിള്‍ പറയുന്നത് ‘അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍’ എന്നാണ്.