ചെന്നൈ: തമിഴ്നാട്ടില്‍ നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന് കൊല്ലപ്പെട്ടു. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്.മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്ട്രോങിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.മായാവതിയുടെ ബഹുജൻ സമാജ്വാദി പാര്‍ട്ടി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനായിരുന്നു . ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായിരുന്നു കെ.ആംസ്ട്രോങ് . ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.