ജെക്കോബി
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ ആദ്യത്തെ ഭരണഘടനാ പദവി ഏറ്റെടുത്തശേഷം രാഹുല്‍ ഗാന്ധി വീണ്ടും മണിപ്പുര്‍ സന്ദര്‍ശിക്കുമ്പോള്‍, പ്രധാനമന്ത്രി മോദി മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അത്താഴവിരുന്നുണ്ട്, ക്രെംലിനിലെ സെന്റ് കാതറിന് ഹാളില്‍, ‘ആദ്യം വിളിക്കപ്പെട്ട അപ്പസ്തോലനായ’ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിലുള്ള റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പുടിനില്‍ നിന്ന് ഏറ്റുവാങ്ങി ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് സമർപ്പിക്കുകയുമൊക്കെ ചെയ്ത് ഗ്ലോബല്‍ സൗത്ത് യുറേഷ്യന്‍ നയതന്ത്ര വിശ്വരൂപ മിഷന് മോഡിലായിരുന്നു.
യുക്രെയ്നില്‍ റഷ്യ യുദ്ധമാരംഭിച്ചതിനുശേഷം ആദ്യമായി മോദി റഷ്യയിലെത്തുന്നത് പുടിന് വലിയ ആഘോഷമാക്കിയത് കീവിലേക്ക് കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിച്ചുകൊണ്ടായിരുന്നു.
മണിപ്പുരില്‍ മെയ്തെയ്, കുക്കി ജനവിഭാഗങ്ങള്‍ക്കിടയില്‍ 2023 മേയില്‍ കലാപം ആരംഭിച്ചിട്ട്, ബിജെപി ഭരിക്കുന്ന ആ സംസ്ഥാനത്തേക്ക് മോദി ഇന്നേവരെ തിരിഞ്ഞുനോക്കിയിട്ടില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് അസമിലും അരുണാചല്‍പ്രദേശിലും ത്രിപുരയിലും പ്രധാനമന്ത്രി പോയി; കാസിരംഗ നാഷണല്‍ പാര്‍ക്കിലെ മോദിയുടെ ആനസവാരിയുടെയും ജീപ്പ് സവാരിയുടെയും ലൈവ് കവറേജ് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ കൊണ്ടാടി – എന്നിട്ടും തൊട്ടടുത്തുള്ള മണിപ്പുര്‍ മലകള്‍ക്കപ്പുറത്തെ സ്ഥിതിഗതികള്‍ നേരിട്ടു കാണാനോ വംശീയകലാപത്തിന് ഇരകളായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന അറുപതിനായിരത്തിലേറെ വരുന്ന ആഭ്യന്തര അഭയാര്‍ഥികളെ ഒന്നാശ്വസിപ്പിക്കാനോ സമാധാനത്തിനായി ഒരുവാക്കു പറയാനോ അദ്ദേഹം സന്നദ്ധനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പുരിലെ ഇംഫാല്‍ താഴ് വാരത്തെ ഭൂരിപക്ഷ സമൂഹമായ ഹിന്ദു-സനാമാഹി മെയ്തെയ്കളും മുസ് ലിംകളായ മെയ്തെയ് പംഗലുകളും മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ കുക്കികളും നാഗാ സമൂഹവും രണ്ട് കോണ്‍ഗ്രസുകാരെയാണ് ജയിപ്പിച്ചത്.
കള്ളന്മാരായ മോദിമാരെക്കുറിച്ച് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ‘അപകീര്‍ത്തികരമായി’ പരാമര്‍ശിച്ചുവെന്ന കേസിലെ ഗുജറാത്ത് കോടതിയുടെ കടുത്ത ശിക്ഷാവിധിയുടെ പേരില്‍ ഉടനടി ലോക്സഭയില്‍ നിന്ന് അയോഗ്യത കല്പിച്ച് പുറത്താക്കിയ കാലത്ത്, 2023 ജൂണില്‍, കലാപകലുഷിതമായ മണിപ്പുരില്‍ ബിജെപി സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് രാഹുല്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ തന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാഹുല്‍ തുടക്കം കുറിച്ചത് മണിപ്പുരിലെ തൗബാലില്‍ നിന്നാണ്. വംശവെറിയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും മോദി മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ ദുരന്തകഥ പാര്‍ലമെന്റില്‍ വിളിച്ചുപറയാനുമായി മണിപ്പുരി ജനത തിരഞ്ഞെടുത്തയച്ച രണ്ട് എംപിമാരോടൊപ്പമാണ് രാഹുല്‍ മൂന്നാംവട്ടം മണിപ്പുരിലെത്തുന്നത്.
ഭരണത്തകര്‍ച്ചയുടെയും അക്രമവാഴ്ചയുടെയും ദുരിതങ്ങള്‍ക്കിടെ അസാധാരണമായ വെള്ളപ്പൊക്കകെടുതികളെയും നേരിടുകയാണ് മണിപ്പുരിലെ ജനങ്ങള്‍. ചുരാചാന്ദ്പുര്‍, ബിഷ്ണുപുര്‍ ജില്ലകളില്‍ ഒരു വര്‍ഷം മുന്‍പ് തുറന്ന ദുരിതാശ്വാസ ക്യാംപുകള്‍ക്കു പുറമെ, സംസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി അസം അതിര്‍ത്തിക്കടുത്ത് ഇതുവരെ മെയ്തെയ്കളും കുക്കികളും സമാധാനത്തില്‍ കഴിഞ്ഞുവന്ന ജിറിബാമിലും ഇക്കഴിഞ്ഞമാസം രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകള്‍ കൊള്ളിവയ്ക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജിറിബാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെയ്തെയ്കള്ക്കായി ഒരുക്കിയിട്ടുള്ള പുതിയ ക്യാംപും മണിപ്പുര്‍ അതിര്‍ത്തിയില്‍ നിന്ന് അസമിലെ കച്ചാര്‍ ജില്ലയിലെ തലെയ്നില് അഭയം തേടിയ കുക്കികളുടെ ക്യാംപും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
ഭരണഘടനയുടെ 355-ാം വകുപ്പു പ്രകാരം നിയമാനുസൃതമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട അടിയന്തര സാഹചര്യത്തിലും സംസ്ഥാന ഭരണനേതൃത്വത്തെ മാറ്റാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘യൂണിഫൈഡ് കമാന്‍ഡ്’ സംവിധാനത്തില്‍ 36,000 സൈനികരും കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളും അടങ്ങുന്ന വിപുലമായ സുരക്ഷാസന്നാഹമൊക്കെയുണ്ടായിട്ടും മെയ്തെയ് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് എത്തിനോക്കാന്‍ പറ്റാത്ത ഇടങ്ങളാണ് ജിറിബാമും ചുരാചാന്ദ്പുറും.
ഇംഫാലിനെ അസമിലെ സില്ച്ചാറുമായി ബന്ധിക്കുന്ന നാഷണല്‍ ഹൈവേ 37-ലെ പ്രധാന പട്ടണമായ ജിറിബാമില്‍, തിരഞ്ഞെടുപ്പിനുശേഷം ‘പെട്ടെന്ന്’ അക്രമസംഭവങ്ങളുണ്ടായപ്പോള് ബിരേന്‍ സിങ് അങ്ങോട്ടേയ്ക്കു തിരിക്കാന്‍ ഒരുങ്ങിയതാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലെ അഡ്വാന്‍സ് ഗ്രൂപ്പിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്പ്പുണ്ടായി, പിന്നെ ജിറിബാം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനു ധൈര്യമില്ലാതായി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന നാളിലും പുലര്‍ച്ചെ ജിറിബാം അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കുനേരെ വെടിവയ്പ്പുണ്ടായി. അതൊന്നും വകവയ്ക്കാതെയാണ് രാഹുല്‍ അസമില്‍ നിന്ന് ജിറിബാമിലെത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കിക്കൊണ്ട് ഭരണകൂടം ഉത്തരവ് ഇറക്കുകയുണ്ടായി.
ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനും അക്രമം നടത്താനുമല്ല സനാതന ധര്‍മ്മം പഠിപ്പിക്കുന്നതെന്ന് മോദിയുടെ മുഖത്തുനോക്കി പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ 2024-ലെ ആദ്യ ലോക്സഭാ സമ്മേളനത്തിലെ കന്നിപ്രസംഗം പോലെ സന്‍സദ് ടിവി ചാനലിന്റെ പ്രേക്ഷക റെക്കോര്‍ഡില്‍ ഇടം നേടി, പാതിരാവിനോടടുത്ത് സഭയില്‍ തന്നെ കേള്‍ക്കാന്‍ അധികംപേര്‍ ഇല്ലാതിരുന്ന നേരത്ത് ഇന്നര്‍ മണിപ്പുര്‍ എംപി – ഡല്‍ഹിയിലെ ജെഎന്‍യു സോഷ്യല്‍ സയന്‍സസ് സ്കൂളിലെ മുന്‍ അസോഷ്യേറ്റ് പ്രൊഫസര്‍ – ബിമോല്‍ അകോയിജം നടത്തിയ വികാരോജ്ജ്വലമായ ആദ്യ പ്രസംഗം. ദേശീയ ഭരണനേതൃത്വം മൗനം കൊണ്ടും ഉപേക്ഷ കൊണ്ടും നെറികെട്ട രാഷ്ട്രീയ കുതന്ത്രങ്ങള്‍ കൊണ്ടും തീരാദുരിതത്തിലാഴ്ത്തിയ മണിപ്പുരി ജനതയുടെ രോഷവും വേദനയും ചുട്ടുപൊള്ളിക്കുന്ന ആ വാക്കുകളിലുണ്ടായിരുന്നു. ഔട്ടര്‍ മണിപ്പുര്‍ എംപി ആല്‍ഫ്രഡ് കന്നഗാം ആര്‍തറിന് സംസാരിക്കാന്‍ രണ്ടു മിനിറ്റ് പോലും സ്പീക്കര്‍ അനുവദിച്ചില്ലെങ്കിലെന്ത്, ഭരണത്തുടര്‍ച്ചയുടെ മൂന്നാമൂഴത്തില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്യ പ്രസംഗത്തിലുടനീളം പ്രതിപക്ഷം ‘മണിപ്പുര്‍, മണിപ്പുര്‍’ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുമുണ്ടായിരുന്നില്ല. പ്രതിപക്ഷം എത്ര പ്രകോപിപ്പിച്ചിട്ടും ലോക്സഭയില്‍ മണിപ്പുരിനെക്കുറിച്ച് ഒന്നും മിണ്ടാതിരുന്ന മോദി രാജ്യസഭയിലെ തന്റെ സുദീര്‍ഘമായ പ്രസംഗത്തിനിടെ അഞ്ചു മിനിറ്റ് മണിപ്പുരിനെക്കുറിച്ചു സംസാരിച്ചു. മണിപ്പുരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കുന്നതിന് കേന്ദ്രം ”എല്ലാ സംവിധാനങ്ങളും രാജ്യത്തെ ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്റീവ് മെഷീനറിയും’ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി അനുദിനം കാര്യങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കയാണെന്നും അവിടെ സ്കൂളുകളും കോളജുകളും ആശുപത്രികളുമൊക്കെ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശദീകരിച്ച പ്രധാനമന്ത്രി, പ്രതിപക്ഷമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ”മണിപ്പുരില്‍ പത്തുവട്ടം രാഷ് ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസ് മറക്കരുത്. ഇത്തവണ ഏതായാലും രാഷ് ട്രപതി ഭരണം ഏര്പ്പെടുത്തേണ്ടിവന്നില്ല. 1993-ല്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അഞ്ചുവര്‍ഷമെടുത്തു പരിഹരിക്കാന്‍. ചരിത്രം മനസിലാക്കി അതീവ ശ്രദ്ധയോടെ വേണം മണിപ്പുര്‍ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്,” കോണ്‍ഗ്രസിനെ മോദി ഉപദേശിച്ചു. 1993-ലെ കുക്കി-നാഗാ സംഘര്‍ഷം അഞ്ചുവര്‍ഷം നീണ്ടുപോയെന്ന ചരിത്രപാഠം ഓര്‍മിപ്പിക്കുന്നത്, അടുത്തകാലത്തൊന്നും മണിപ്പുരില്‍ സമാധാനം പ്രതീക്ഷിക്കേണ്ടതില്ല എന്ന മുന്നറിയിപ്പാകുമോ?
”ഞങ്ങള്‍ക്ക് നിങ്ങളുടെ ഭരണകൂടത്തില്‍ വിശ്വാസമില്ല” എന്ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ജെ.ബി പര്‍ദിവാലാ, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് മണിപ്പുര്‍ സര്‍ക്കാരിനോട് വെട്ടിത്തുറന്നുപറഞ്ഞ നാളിലായിരുന്നു മോദിയുടെ രാജ്യസഭാ പ്രസംഗം എന്നത് യാദൃച്ഛികം.
ക്ഷയരോഗവും ടോണ്‍സിലൈറ്റിസും പൈല്‍സും വയറുവേദനയും നടുവേദനയുമുള്ള ഒരു വിചാരണതടവുകാരനെ ”നിലവിലുള്ള ക്രമസമാധാന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍” സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബിരേന്‍ സിങ് സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോള്‍, ആ തടവുകാരന് കുക്കി വംശജനായതുകൊണ്ടല്ലേ ഈ വിവേചനം എന്ന് ക്ഷോഭത്തോടെ പ്രതികരിക്കുകയായിരുന്നു കോടതി.
രോഗിയെ ഗുവാഹട്ടി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി മെഡിക്കല്‍ പരിശോധനാഫലം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
മണിപ്പുരില്‍ പതിനോരായിരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും 500 പേര് അറസ്റ്റിലായെന്നും അക്രമസംഭവങ്ങള്‍ നിയന്ത്രണാധീനമായിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍, ഇംഫാലിലെയും ചുരാചാന്ദ്പുരിലെയും പാര്‍പ്പിടങ്ങള്‍ ചുട്ടെരിച്ച് തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 60,000 മനുഷ്യര്‍ 14 മാസമായി അഭയാര്‍ഥി ക്യാംപുകളില്‍ നരകിച്ചു കഴിയുന്നവരുടെ പുനരധിവാസത്തിന് ഒരു പ്രതിവിധിയും അദ്ദേഹത്തിനു നിര്‍ദേശിക്കാനില്ല. ദക്ഷിണേഷ്യയില്‍ കഴിഞ്ഞവര്‍ഷം ആഭ്യന്തരമായി പലായനത്തിന് നിര്‍ബന്ധിതരായ 69000 പേരില്‍ 97 ശതമാനവും (67,000 പേര്) മണിപ്പുരിലാണെന്ന് ഈ വിഷയം ആഗോളതലത്തില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജനീവയിലെ രാജ്യാന്തര സെന്റര്‍ ഇന്ത്യ ഗവണ്മെന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട്.
മഹാദുരന്തമാണ് മണിപ്പുരില്‍ സംഭവിച്ചിട്ടുള്ളതെന്നും രാജ്യത്ത് മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും തന്റെ ആദ്യത്തെ രണ്ടു സന്ദര്‍ശനങ്ങളില്‍ കണ്ടതില്‍ നിന്ന് സ്ഥിതിവിശേഷത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാംപുകളിലെ ദൈന്യാവസ്ഥ നേരിട്ടുകണ്ടതിനുശേഷം ഇംഫാലില്‍ പറഞ്ഞു.
”ഒരു സഹോദരനെ പോലെയാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായി, മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരുവനായാണ് ഞാന്‍ വന്നിരിക്കുന്നത്. മണിപ്പുരിലെ ജനങ്ങള്‍ക്ക് സമാധാനം വേണം. ഇതിനായി എത്രവട്ടം വേണമെങ്കിലും ഇവിടെ വരാന്‍ ഞാന്‍ സന്നദ്ധനാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനും ഇതിനുവേണ്ടി എന്തു ചെയ്യാനും തയാറാണ്. പ്രധാനമന്ത്രി എത്രയും വേഗം മണിപ്പുരിലെത്തി ജനങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയും കരുത്തും പകരണമെന്നാണ് എന്റെ അഭ്യര്‍ഥന,” രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന്‍ ബംഗാളിലെ നൊവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്‍ഥാടനത്തെയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ ശാന്തിയാത്ര രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്. അന്ന് ബ്രിട്ടീഷ് ആര്‍മിയുടെ പരിരക്ഷയില്‍ ഒളിച്ച ഹിന്ദു മഹാസഭയുടെ പിന്മുറക്കാരാണ് ഇപ്പോള്‍ രാഹുലിന്റെ മണിപ്പുര്‍ ദൗത്യത്തെ ‘ട്രാജഡി ടൂറിസം’ രാഷ്ട്രീയമെന്ന് പരിഹസിക്കുന്നത്.